ശങ്കർ മഹാദേവൻ-സാക്കീർ ഹുസൈൻ ടീമിന്റെ ‘ദിസ് മൊമെന്റി’ന് ഗ്രാമി അവാർഡ്; ടെയിലർ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ മികച്ച ആൽബം
text_fieldsലോസ് ഏഞ്ചൽസ്: ശങ്കർ മഹാദേവന്റെയും സാക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡായ ‘ശക്തി’ക്ക് ഗ്രാമി അവാർഡ് തിളക്കം. ‘ദിസ് മൊമെന്റ്’ എന്ന ഏറ്റവും പുതിയ ആൽബത്തിനാണ് മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള അവാർഡ്. ടീമിലെ മറ്റൊരംഗമായ ഗണേഷ് രാജഗോപാലിനൊപ്പം ശങ്കർ മഹാദേവൻ പുരസ്കാരം ഏറ്റുവാങ്ങി. 2023 ജൂണിലാണ് ‘ദിസ് മൊമന്റ്’ റിലീസ് ചെയ്തത്. ശങ്കർ മഹാദേവൻ, സാക്കീർ ഹുസൈൻ, ജോൺ മക് ലോഗ്ലിൻ, വി. സെൽവഗണേഷ്, ഗണേഷ് രാജഗോപാലൻ എന്നിവരടങ്ങിയ സംഘം ചിട്ടപ്പെടുത്തിയ എട്ട് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. സാക്കീർ ഹുസൈന് മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് അവാർഡും മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം പുരസ്കാരവും ഉൾപ്പെടെ മൂന്ന് ഗ്രാമി പുരസ്കാരങ്ങളാണ് ലഭിച്ചത്.
2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി പണിഗണിച്ചത്. പോപ് ഗായിക ടെയിലർ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ മികച്ച ആൽബമായി തെരഞ്ഞെടുക്കപ്പെട്ടു. ടെയിലർ സ്വിഫ്റ്റിനെയും ബില്ലി എലിഷിനെയും പിന്നിലാക്കി മികച്ച സോളോ പോപ് പെർഫോമൻസിനുള്ള അവാർഡ് മിലി സൈറസ് സ്വന്തമാക്കി. ഈ വർഷത്തെ മികച്ച കൺട്രി ആൽബമായി ലെയ്‌നി വിൽസൺന്റെ ‘ബെൽബോട്ടം കൺട്രി’യും മികച്ച അർബൻ ആൽബമായി കരോൾ ജിയുടെ മാനാനാ സെറ ബോണിട്ടോയും തെരഞ്ഞെടുക്കപ്പെട്ടു.
ആർ ആൻഡ് ബി (റിഥം ആൻഡ് ബ്ലൂസ്) കാറ്റഗറികളിൽ, മികച്ച ഗാനമായി സ്‌നൂസും പ്രോഗ്രസീവ് ഗാനമായി എസ്.ഒ.എസ്, മികച്ച പെർഫോമൻസായി കോകോ ജോൺസിന്റെ ഐ.സി.യു എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. തെറോൺ തോമസാണ് മികച്ച രചയിതാവ്.
പുതിയ കാറ്റഗറികളായ ആഫ്രിക്കൻ മ്യൂസിക് പെർഫോമൻസിൽ സൗത്ത് ആഫ്രിക്കൻ ഗായിക ടൈല, ആൾട്ടർനേറ്റീവ് ജാസ് ആൽബത്തിൽ മെഷേൽ ഡീഗോസെല്ലോ, പോപ് ഡാൻസ് റെക്കോഡിങ്ങിൽ കൈലി മിനോഗ് എന്നിവർ പുരസ്കാരം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.