'ഞാൻ ഭക്ഷണം കഴിക്കുന്നുണ്ട്, ഇനിയും കൊടുത്തുവിടരുത്'; ആരാധകരോട് അപേക്ഷിച്ച് ജങ്കൂക്ക്
text_fieldsതനിക്ക് വീട്ടിലേക്ക് ഭക്ഷണം കൊടുത്തുവിടരുതെന്ന് അപേക്ഷിച്ച് ബി.ടി.എസ് താരം ജങ്കൂക്ക്. ദക്ഷിണ കൊറിയൻ വെബ് പ്ലാറ്റ്‌ഫോമായ വെവേഴ്‌സിലൂടെയാണ് ബി.ടി.എസിന്റെ സ്റ്റാർ ഗായകൻ ജങ്കൂക്ക് അഭ്യർഥന നടത്തിയിരിക്കുന്നത്. ഹോം ഡെലിവറി വഴി ഭക്ഷണം അയച്ചുകൊടുക്കുന്ന ആരാധകരാണ് 25-കാരനെ ബുദ്ധിമുട്ടിക്കുന്നത്. താൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇനിയും വീട്ടിലേക്ക് ഭക്ഷണം അയക്കരുതെന്നും വിവേഴ്സിൽ ജങ്കൂക്ക് അഭ്യർഥിച്ചു.
മാത്രമല്ല, തന്റെ അഭ്യർത്ഥന അവഗണിച്ച് ഭക്ഷണം അയക്കുന്നതു തുടർന്നാൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെലിവറിയുടെ രസീത് ഓർഡർ നമ്പർ പരിശോധിച്ച് തനിക്ക് ഭക്ഷണം അയക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.‘ഭക്ഷണം അയക്കുന്നതിന് നന്ദിയുണ്ട്. പക്ഷേ. ആരാധകർ അയച്ചാലും എനിക്കത് കഴിക്കാൻ കഴിയില്ല. അല്ലാതെതന്നെ ഞാൻ നന്നായി കഴിക്കുന്നുണ്ട്. എനിക്ക് ഭക്ഷണം അയക്കുന്നതിനു പകരം നിങ്ങൾ നന്നായി കഴിക്കൂ’-ജങ്കൂക്ക് ആവശ്യപ്പെട്ടു.
ബിടിഎസ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ജങ്കൂക്ക്. ഏഴ് ബി.ടി.എസ് അംഗങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ജങ്കൂക്കിനാണ്. പതിവായി ലൈവിൽ എത്തി ആരാധകരുമായി ജങ്കൂക്ക് സംസാരിക്കാറുണ്ട്. താരത്തിന്റെ വീടിന്റെ വിവരങ്ങൾ എങ്ങനെയാണ് ചിലർക്ക് ലഭിക്കുന്നത് എന്നാണ് ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള ആരാധകർ ആശ്ചര്യപ്പെടുന്നത്.
ജങ്കൂക്കിന്റെ ഭൂരിപക്ഷം ആരാധകരും അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്തുണ നൽകുകയും സ്വകാര്യതയെ മാനിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. പിന്തുണയ്ക്കുന്ന ആരാധകർ ട്വിറ്ററിൽ "റെസ്പെക്ട് ജങ്കൂക്ക്" ട്രെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.