പാട്ടിലെ ഹിമഗിരി നിരകൾ
text_fieldsപെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പാട്ടുലോകം
സ്വരഘടനകൾ സൃഷ്ടിക്കുന്ന ലയപൂർണിമ സാർഥകമായി വിന്യസിച്ചത് ഒരുപക്ഷേ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്ന സംഗീത സംവിധായകനാണെന്നു പറയാം. അദ്ദേഹം ചെയ്ത ഓരോ ഗാനവും രാഗചൈതന്യത്തിന്റെ രീതിബദ്ധതകളെ ഓർമിപ്പിക്കുന്നു. പാട്ടിൽ അദ്ദേഹം രൂപപ്പെടുത്തിയ സംഗീതസൗഖ്യങ്ങൾ വ്യത്യസ്തതയാർന്നതും രാഗകൽപനകളുടെ കമനീയമായ മാതൃകയെന്ന് തോന്നിപ്പിക്കുന്നതുമായിരുന്നു.
പാട്ടിലെ ഈ ഭിന്നാവിഷ്കാര തലങ്ങൾ അതിന്റെ വൈവിധ്യത്തിൽ നവഭാവങ്ങൾ തീർക്കുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ പ്രൗഢ സ്ഥലികളെ സുഗമസംഗീതത്തിന്റെ മൗലിക മുദ്രകളാക്കി പരിണമിപ്പിക്കുകയായിരുന്നു പെരുമ്പാവൂർ. വളരെ കുറച്ച് സിനിമകൾക്ക് മാത്രമേ സംഗീതം ചെയ്തുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം അവയുടെ സ്വരഘടനകൾകൊണ്ടും പരീക്ഷണാത്മകതകൾകൊണ്ടും ഭാവാത്മകമായിത്തീർന്നു.
ശാസ്ത്രീയ സംഗീതത്തിൽ അങ്ങേയറ്റം വ്യുൽപത്തിയുണ്ടായിട്ടും അദ്ദേഹം ചെയ്ത പാട്ടുകൾ സിനിമാ സന്ദർഭങ്ങൾക്ക് അനുസരിച്ച് ലളിതമായി നിന്നു. ആകാശവാണിയിലെ ലളിത സംഗീതത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു പെരുമ്പാവൂർ. എം.ജി. രാധാകൃഷ്ണൻ, കെ.പി. ഉദയഭാനു എന്നിവർക്കൊപ്പം രവീന്ദ്രനാഥിനും തന്റേതായ സംഭാവനകൾ നൽകാനായി.
ഒ.എൻ.വി, കാവാലം, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ, കൈതപ്രം, പി.കെ. ഗോപി, മങ്കൊമ്പ്, മുട്ടാർ ശശികുമാർ, കളർകോട് ചന്ദ്രൻ, തങ്കൻ തിരുവട്ടാർ, പി.എൻ. ഈശ്വരൻ നമ്പൂതിരി ഇങ്ങനെ എത്രയോ കവികളുടെ വരികൾക്ക് അദ്ദേഹം ഹൃദ്യമായ ഈണത്തിന്റെ അനുഭൂതികൾ പകർന്നു. ലളിത ഗാനങ്ങളുടെ പൈതൃകപ്പെരുമകൾ ഇന്നും ഗാനാസ്വാദകരുടെ ഹൃദയത്തിൽ സഞ്ചരിക്കുന്നത് പെരുമ്പാവൂർ ആ ഗാനങ്ങൾക്ക് നൽകിയ ഭാവഘടനകൾ ഒന്നുകൊണ്ടു മാത്രമാണ്.
‘നിളാനദിയുടെ നിർമല തീരം’, ‘ദ്വാപരയുഗത്തിൽ’, ‘ആദിസാരമതി’, ‘പ്രപഞ്ച മാനസ വീണയിൽ’, ‘കാലമാം കാവേരി’ അങ്ങനെ നൂറുകണക്കിന് ലളിതഗാനങ്ങളാണ് ലളിതഗാന സംസ്കാരത്തിന് അദ്ദേഹം നൽകിയത്. ‘നിറം ചാർത്തി വിടരുമെൻ’, ‘ഇനിയെൻ മനസ്സിന്റെ’ എന്നീ പാട്ടുകളൊക്കെ എൺപതുകളിൽ ആളുകൾ യുവജനോത്സവ വേദികളിൽ തകർത്തു പാടിയവയാണ്. ലളിതഗാനം, ശാസ്ത്രീയ സംഗീതം, ചലച്ചിത്രഗാനം എന്നിങ്ങനെ സംഗീതത്തിന്റെ സ്വരഭാവതലങ്ങൾ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
ഇതിൽ സുഗമസംഗീതത്തിന്റെ ഒരു ധാരയെന്നോണം ഭക്തിഗാനങ്ങളുടെ ഒരു സാഫല്യനിരയെയും കാണാം. ചലച്ചിത്ര ഗാനങ്ങളിൽ അദ്ദേഹം പരീക്ഷിച്ച രാഗങ്ങളുടെ ക്രമീകൃത കാന്തികൾ ഒന്നു വേറെത്തന്നെയായിരുന്നു. മാധുര്യം മുറ്റിയ ഗമകസഞ്ചയങ്ങൾ ശ്രുതിഭേദങ്ങൾ എന്നിവ ആ ഗാനങ്ങളുടെ സവിശേഷതകളിൽ ചിലതാണ്.
പാട്ടിലെ രാഗവിന്യാസ പഥങ്ങളിൽ തെളിമയും ലയവും സൗമ്യതയും അദ്ദേഹത്തിന് പ്രധാനമായിരുന്നു. പെരുമ്പാവൂരിന്റെ പാട്ടിലെ വസന്ത ബന്ധുരാഭകൾ ഒന്നു വേറെത്തന്നെയാണ്. ആ ഗാനങ്ങൾ കേൾക്കാനെളുപ്പമാണെങ്കിൽ പാടി ഫലിപ്പിക്കാൻ അത്യന്തം ശ്രമകരമായിരുന്നു.
അതുവരെ ആരും പോവാത്ത സംഗീതവഴികളിലൂടെ അദ്ദേഹത്തിന്റെ സംഗീതം യാത്രചെയ്തുവെന്നുവരും. ക്ലാസിക്കൽ അടിത്തറയിൽ ചിട്ടപ്പെടുത്തിയ സുഗമ സംഗീതത്തിന്റെ സാന്നിധ്യമായിരുന്നു അത്. കേൾക്കുന്തോറും പുതുക്കപ്പെടുന്ന പാട്ടുകളാണവ.
തൂവാനത്തുമ്പികളിലെ പാട്ടുകൾക്ക് സംഗീതം നൽകിയാണ് പെരുമ്പാവൂർ സിനിമാ സംഗീതത്തിലേക്ക് വരുന്നത്. ശുദ്ധധന്യാസിയും ഗംഭീര നാട്ടയും സമന്വയിച്ച ‘മേഘം പൂത്തുതുടങ്ങി’ എന്ന പാട്ടിലെ റിഥമിക് പ്രോഗ്രഷനും റൊമാൻസ് മൂഡും വേറിട്ടുനിൽക്കുന്നു. ഉയരുന്ന കടൽത്തിരകൾക്കിടയിൽ മുറംപിടിച്ച് ഓടിവരുന്ന നായക കഥാപാത്ര ദൃശ്യങ്ങൾക്ക് അടിവരയിടുന്ന ഈണത്തിന്റെ പാറ്റേൺ ആയിരുന്നു അത്.
ഈ ഗാനമവസാനിക്കുന്നത് സ്വരവിന്യാസത്തിന്റെ നേർമയിലാണെന്നതും ശ്രദ്ധേയമാണ്. ക്ഷേത്രനടകളും അതേസമയം, പള്ളിയിലെ മാമോദിസച്ചടങ്ങുമെല്ലാമായി ഒരുപോലെ കൂട്ടിച്ചേർത്താണ് ‘ഒന്നാം രാഗം പാടി’ എന്ന ഗാനത്തിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്. ഇതനുസരിച്ചുള്ള സവിശേഷ ഭാവങ്ങൾ പാട്ടിൽ കലർത്തിയാണ് രീതിഗൗളയിൽ പെരുമ്പാവൂർ ഈ ഗാനം ചിട്ടപ്പെടുത്തിയത്.
‘ഇന്നലെ’ എന്ന സിനിമയിലെ ‘നീ വിൺപൂ പോൽ’ എന്ന ഗാനത്തിൽ കഥാനായകന്റെ സന്തോഷാഹ്ലാദങ്ങൾ പതുക്കെ ഏറിവന്ന് മത്താപ്പൂ പൊട്ടിവിരിയുമ്പോലെ വൈകാരിക ഭാവമുണർത്തുന്ന ഒരീണം പകർന്നു അദ്ദേഹം. ഇന്നലെയിലെ ‘കണ്ണിൽ നിൻ മെയിൽ’ എന്ന പാട്ട് പുതിയ തലമുറക്കൊരു പാഠപുസ്തകമാണ്. ‘മാലേയക്കുളിർ തൂകും’ എന്നൊരു ഗാനം പാഞ്ചജന്യം എന്ന സിനിമക്കുവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
‘നാസികാഭൂഷണിയും’ ‘വാഗ്ധീശ്വരിയും’ ചേർത്താണ് ഈ പാട്ട് ഉണ്ടാക്കിയിട്ടുള്ളത്. അധികമാരും ചെയ്യാത്ത പരീക്ഷണമാണിത്. അനുപല്ലവിയും ചരണവുമൊക്കെ സമശ്രുതിയിൽ വിട്ടിട്ട് വീണ്ടും തിരിച്ചുവരുന്ന രീതിയിൽ എത്രയോ ഗാനങ്ങളിൽ പെരുമ്പാവൂർ ആവിഷ്കരിക്കുകയുണ്ടായി. ‘സ്വന്തം കഥയുമായി’ എന്ന പാട്ടാണതിന് ഏറ്റവും മികച്ച ദൃഷ്ടാന്തം. ‘പാടാത്ത പാട്ടിന്റെ കേൾക്കാത്ത നാദമാണ് നീ’ എന്ന പാട്ടിലും ഇതേ ശ്രുതി പരീക്ഷണങ്ങൾ കാണാം. അദ്ദേഹം സംഗീതം ചെയ്ത പാട്ടുകളിൽ ഏറ്റവും ജനകീയ ഒന്ന് ‘പേരറിയാത്തൊരു നൊമ്പര’മാണ്. ‘ദ്വിജാവന്തി’ രാഗത്തിലായിരുന്നു ആദ്യം ഈ പാട്ടിന് ഈണമുണ്ടാക്കാൻ ശ്രമിച്ചത്. പിന്നീട് വളരെ ലളിതമായി ആർക്കും മൂളാവുന്ന ഒരു പാട്ടാകണമെന്ന സംവിധാകയകൻ ജയരാജിന്റെ നിർദേശത്തിലാണ് മോഹന രാഗചാരുതയിൽ പെരുമ്പാവൂർ ഈ പാട്ടുണ്ടാക്കിയത്.
തിരുവാതിരക്കളിപ്പാട്ടിന്റെ മുഴുവൻ വശ്യതകളും അവതരിപ്പിക്കുന്ന പാട്ടായിരുന്നു ‘കൈതപ്പൂ നിറമോലും’ എന്ന സ്നേഹത്തിലെ മികച്ച സംഗീത ദൃശ്യം. ‘ദേവഭാവന മണ്ണിലെഴുതിയ’ എന്ന പാട്ടിലും മെലഡിയുടെ അനശ്വരതകൾ ആവിഷ്കരിക്കപ്പെടുകയുണ്ടായി. അതേസമയം, പേരറിയാത്ത നൊമ്പരം നമ്മിലൊരു വാചാലമായ നൊമ്പരത്തെ ഉയർത്തിക്കാട്ടുന്നു. മറക്കാനാവാത്ത മൗനസംഗീതത്തെ മാനസമെന്ന് വിളിക്കാനാവുമെന്ന് പാട്ടിലൂടെ പെരുമ്പാവൂർ നമ്മെ പഠിപ്പിച്ചു. ‘രാവ് നിലാപ്പൂവ്’ എന്ന പാട്ട് കേൾക്കവേ, നിലാവൊഴുകുന്ന നാട്ടിടവഴിയും ഓർമയും നമ്മെ വന്നുമൂടുന്നു.
‘മറക്കാൻ കഴിഞ്ഞെങ്കിൽ’ എന്ന പാട്ട് സ്നേഹത്തെയും സ്നേഹരാഹിത്യത്തെയും ഒരുപോലെ ബോധ്യപ്പെടുത്തുന്നു. കുടുംബബന്ധങ്ങളിലെ നിശ്ശബ്ദ വേദനയും വേർപിരിയലും സങ്കടമൂവന്തിയുമെല്ലാം ഈ ഗാനത്തിൽ കൊണ്ടുവരുന്നുണ്ട് അദ്ദേഹം. ആലാപനം, ഓർക്കസ്ട്രേഷൻ, സംഗീതസംവിധാനം എന്നിവയിൽ ഉദാത്തത പൂകുന്ന ഒരു സ്വരൂപം ഈ പാട്ടിലുണ്ട്. ‘ഈണമിട്ടെഴുതാൻ യൂസഫലി സാറിന് താൽപര്യമുണ്ടായിരുന്നില്ല.
ഞാനുണ്ടാക്കിയ റിഥമിക് സ്ട്രക്ചറിൽ പിടിച്ചാണ് അദ്ദേഹം വരികളെഴുതിയത്. ജോഗ് രാഗത്തിന്റെ ചെറിയ വേരിയേഷനുകൾ വരുത്തിയാണ് ഞാൻ ഈ പട്ടുണ്ടാക്കിയത്. ഗാനത്തിന് മേലെ കവിത വരുന്ന സന്ദർഭമായിരുന്നു അത്’ -പേരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ വാക്കുകൾ.
ചിത്രശലഭത്തിലെ ‘ഏതോ വർണ സ്വപ്നംപോലെ’, ‘ആരോഹണത്തിൽ ചിരിയും’ എന്നിവയെല്ലാം കവിതയിലെ മുഖ്യ ഭാവങ്ങളെ പിന്തുടർന്ന ഗാനങ്ങളാണ്. ‘അക്ഷരം’ എന്ന സിനിമ കവിതയിലെ മുഖ്യ ഭാവങ്ങളെ പിന്തുടർന്ന ഗാനങ്ങളാണ്. ‘അക്ഷരം’ എന്ന സിനിമയിലെ ‘തങ്കക്കളഭ കുങ്കുമം’ ഗാനത്തിലെ ശ്രുതിലയാന്മകതകൾ വിടരുന്നത് ആ പാട്ടുകളിലെ ക്ലാസിക്കൽ സംഗീതത്തിന്റെ സ്വപ്നഘടനയിൽനിന്നാണ്.
പ്രദീപ് അഷ്ടമിച്ചിറ എഴുതി പെരുമ്പാവൂർ ഈണമിട്ട ‘നീയെന്നാന്മാവിൽ തംബുരുവേന്തി’ എന്ന പാട്ട് അധികമാരും കേട്ടിട്ടില്ലെങ്കിലും ആ ഗാനത്തിലെ പ്രണയവിനിമയങ്ങൾ അത്രക്കും സംഗീതസാന്ദ്രമാണ്. നാട്ടക്കുറിഞ്ഞി, ബൗളി, സാരമതി എന്നീ രാഗങ്ങളിൽ തീർത്ത ‘ഹിമഗിരി നിരകൾ’ എന്ന ഗാനം എം.ജി. ശ്രീകുമാറിന്റെ ആലാപനജീവിതത്തിലെ അപൂർവതകളിലൊന്നാണ്. വിധുപ്രതാപിന് സംസ്ഥാന അവാർഡ് വാങ്ങിക്കൊടുത്ത ‘കാലമേ കൈക്കൊള്ളുക’ എന്ന ഗാനത്തിലെ ലളിത സുഗമ സംഗീതച്ഛായകൾ ആരെയും ആകർഷിക്കും.
ഭാവഗീതാത്മകവും ക്ലാസിക്കലുമാകുന്ന ലാവണ്യബോധത്തിന്റെ സംഗീതഭാവനകളായിരുന്നു പെരുമ്പാവൂരിന്റേത്. കേവലമായ കാൽപനിക സംഗീതത്തിൽനിന്നും ഭിന്നമായ ഒരഭിരുചിയുടെ ഭാവുകത്വം ചലച്ചിത്ര ഗാനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്ന സംഗീതത്തിന്റെ പ്രസക്തി.
കർണാടക സംഗീതത്തിന്റെ ഭാവബന്ധങ്ങളെ പാട്ടിലെ കാൽപനികതയുമായി ഇണക്കിച്ചേർക്കുകയായിരുന്നു അദ്ദേഹം. അതിൽ പരിപക്വവും സിനിമാത്മകവുമായ ഒരു ഭാവനയുടെ അംശംകൂടിയുണ്ടായിരുന്നു. ശൈഥില്യത്തിന്റെയും ഭഗ്നതയുടെയും ഈ കാലത്ത് പെരുമ്പാവൂർ ചെയ്തുവെച്ച പാട്ടുകൾ കാലത്തെ അതിജീവിക്കുന്നത് അവയിലെ പ്രൗഢവും പക്വവുമായ മൗലികതകൾകൊണ്ട് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.