പാട്ടിന്‍റെ പാലാഴി തീർത്ത് 'ഇപ്റ്റ'യുടെ ഭാസ്കരസന്ധ്യ
text_fieldsമുംബൈ: മലയാള ചലച്ചിത്ര ഗാനത്തെ നാട്ടുമൊഴിച്ചന്തത്തിന്‍റെയും സൂക്ഷ്മമായ ജനകീയ കാവ്യ സംസ്കാരത്തിന്‍റെയും പാതയിലൂടെ നിത്യഹരിതമാക്കിയ പ്രതിഭയാണ് പി. ഭാസ്കരൻ മാസ്റ്ററെന്ന് ബാബു മണ്ടൂർ. നെരൂളിൽ ഇപ്റ്റ, കേരള മുംബയ് ചാപ്റ്റർ സംഘടിപ്പിച്ച ഭാസ്കരസന്ധ്യ നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലനാമങ്ങളിലൂടെ, സൂക്ഷ്മമായ മാനസിക വ്യാപാരങ്ങളുടെ ചിത്രണങ്ങളിലൂടെ, പ്രണയത്തിൻ്റെ മനോഹര വാങ്മയങ്ങളിലൂടെ ഭാസ്കരൻ മാഷ് തീർത്ത പാട്ടിൻ്റെ പാലാഴിയിലൂടെ ബാബു മണ്ടൂർ സദസ്സിനെ രണ്ടു മണിക്കൂറോളം നീരാടിച്ചപ്പോൾ എൻ.ബി.കെ.എസ് ഹാളിൽ നിറഞ്ഞ മലയാളി സദസ് ഗൃഹാതുരത്വത്തിന്‍റെ ലഹരിയിൽ ആറാടി. കവിതയും പാട്ടും പാട്ടുവഴികളും പാട്ടിന്‍റെ പിന്നിലെ കഥകളുമായി സദസ്സും അരങ്ങും ഒന്നായി ഒഴുകുന്ന അനുഭവം.
ഭാസ്കരൻ മാഷിന്‍റെ തൂലിക തീർത്ത അനശ്വര വരികളെ സദസ്സിനായി ആലപിച്ചുകൊണ്ട്, സ്മൃതി മോഹൻ, ശ്രീരാം ശ്രീകാന്ത്, അർജുൻ കേശവൻ, ജന്യ പ്രവീൺ നായർ, അശ്വിൻ നമ്പ്യാർ എന്നിവരും കൂടെ കൂടി. ബാബു മണ്ടൂരിന്‍റെ ആലാപനത്തിനൊപ്പം കാർത്തികേയൻ്റെ ഹാർമ്മോണിയം കൂടെ ചേർന്നത് നവ്യാനുഭവമായി.
ഇപ്റ്റയുടെ ജി. വിശ്വനാഥൻ, ഷാബു ഭാർഗ്ഗവൻ, എൻ.കെ. ബാബു, സുബ്രഹ്മണ്യൻ, അജിത് ശങ്കരൻ, ശ്യാംലാൽ എം., മുരളി മാട്ടുമ്മൽ തുടങ്ങിയവർ ഭാസ്കരസന്ധ്യക്ക് നേതൃത്വം നൽകി. ഇപ്റ്റ കേരള മുംബൈ ഘടകം സെക്രട്ടറി പി.ആർ. സഞ്ജയ് സ്വാഗതവും പ്രസിഡന്‍റ് അഡ്വ. ബിജു കോമത്ത് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ മുംബൈയിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.