ഒറ്റ ആത്മാവായി നമുക്കീ രാജ്യത്തെ ശക്തിപ്പെടുത്താം-ഒരുമയുടെ സന്ദേശവുമായി 'കർമ്മ'
text_fieldsകൊച്ചി: 'നാമെല്ലാം ഒരേ മണ്ണിൽ ജീവിക്കുന്നു, ഒരേ നദിയിലെ വെള്ളം നമ്മുടെ ദാഹമകറ്റുന്നു...' -വിവിധ ഭാഷകളും സംസ്കാരങ്ങളും വിശ്വാസങ്ങളുമാണെങ്കിലും നമ്മളൊന്നാണ്, നമ്മുടേതാണ് ഈ ഭാരതം എന്ന ഒരുമയുടെ സന്ദേശം നൽകുകയാണ് 'കർമ്മ' എന്ന സംഗീതചിത്രം. ഒറ്റ ആത്മാവായി നിന്ന് നമുക്കീ രാജ്യത്തെ പടുത്തുയർത്താമെന്നും ശക്തിപ്പെടുത്താമെന്നുമുള്ള ആശയമാണ് വെള്ളം, കിണർ, എവിടെ, ഒരു കുപ്രസിദ്ധ പയ്യൻ, ഓടുന്നോൻ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകൻ നൗഷാദ് ഷെരീഫ് അണിയിച്ചൊരുക്കിയ 'കർമ്മ' പങ്കുവെക്കുന്നത്.
കൊച്ചി മെട്രോയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്. പൊരിവെയിലിൽ പണിയെടുത്ത് തളരുന്ന തൊഴിലാളികൾക്ക് ഒരു വിദ്യാർഥി വാട്ടർ ബോട്ടിലിലെ വെള്ളം നൽകുകയും അവനും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന തൊഴിലാളികളും അവരവരുടെ ഭാഷയിൽ മെട്രോയുടെ തൂണിൽ സ്വന്തം പേര് എഴുതിവെക്കുകയുമാണ്. ഈ വൈവിധ്യങ്ങളെയെല്ലാം ഒറ്റക്കെട്ടായി ഇന്ത്യ എന്ന് വിളിക്കാമെന്നാണ് 'കർമ്മ' നൽകുന്ന സന്ദേശം.
7.33 മിനിട്ടുള്ള 'കർമ്മ' 75ാം സ്വാതന്ത്യദിനത്തിൽ കൊച്ചി മെട്രോ ഔദ്യോഗിക സമൂഹ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്ന നൗഷാദ് ഷെരീഫ് ആണ്. ആശയം-ഗിരീഷ് മോഹൻ, കോസ്റ്റ്യും-ശിഖരാജ്, പ്രൊജക്ട് ഡിസൈനർ-മിനു ചീരൻ, ഗാനം-ഡോ. ശ്രീ സൂര്യ , സംഗീതം-രാജേഷ് അപ്പുക്കുട്ടൻ, ആലാപനം-രാകേഷ് കിഷോർ, അസോസിയേറ്റ് ക്യാമറമാൻ-ലിജോ ജോസ്, സൗണ്ട് ഡിസൈനർ-ഷിജിൻ മെൽവിൻ ഹ്യൂട്ടൺ, എഡിറ്റിങ്.-ശങ്കർ. ബാലതാരം വാസു, ജിജോയ്, ഹെന്ന, ബാലു ശ്രീധർ, അനിൽ മാടക്കൽ, അൻസാർ, ശിവൻ, നിധിൻ, വിഷ്ണു, രഘു ഷജീർ എന്നിവരാണ് അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.