ഈണങ്ങളുടെ നിറകുടം; മലയാളത്തിന്റെ ‘ജയ’സംഗീതം
text_fieldsകൊച്ചി: ചെൈമ്പ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീത പഠനവും അൽപസ്വൽപം സംഗീത സംവിധാനവുമായി ചെന്നൈ മൈലാപ്പൂരിലെ വൃന്ദാവൻ ലോഡ്ജിൽ താമസിക്കുകയാണ് ജയവിജയന്മാർ. ഒരു ദിവസം മുറിയിലെത്തിയ ബിച്ചുതിരുമല സമീപത്തെ ക്ഷേത്രത്തിൽ തൊഴാൻ പോയി. മേശപ്പുറത്തിരുന്ന ബിച്ചുവിന്റെ ഡയറി മറിച്ചുനോക്കിയ ജയവിജയന്മാരുടെ കണ്ണിൽ ഒരു കവിത ഉടക്കി.
ഗുരു ചെൈമ്പയുടെ വായ്പാട്ടും വയലിനിൽ ചൗഡയ്യയുടെ ഖ്യാതിയും മൃദംഗത്തിൽ പാലക്കാട്ട് മണിയുടെ ലയതാള തരംഗങ്ങളുമെല്ലാം അതിലുണ്ട്. കവിത വായിച്ച ഇരുവരും അതിലെ അവസാന വരികൾപോലെ ‘നിശ്ശബ്ദരായ് സ്വയം മറന്നുനിന്നു’. ഒരു കൗതുകത്തിന് അവർ അതിനൊരു ഈണമിട്ടു. കേട്ടപ്പോൾ ബിച്ചുവിനും വല്ലാത്തൊരിഷ്ടം. ആ കവിതയാണ് 1977ൽ പുറത്തിറങ്ങിയ ‘നിറകുടം’ എന്ന ചിത്രത്തിൽ യേശുദാസ് പാടി അഭിനയിച്ച ‘നക്ഷത്രദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി...’ എന്ന സർവകാല ഹിറ്റ് ഗാനമായത്.
പിന്നീട് ജയവിജയ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നതൊക്കെയും നക്ഷത്രദീപങ്ങളുടെ തിളക്കമുള്ള ഗാനങ്ങളായി. ഭക്തിഗാനങ്ങളായിരുന്നു കൂടുതലും. ക്ഷേത്രമുറ്റങ്ങളിലും ഭക്തമനസ്സുകളിലും ആ ഗാനങ്ങൾ ആത്മീയതയുടെ വേറിട്ട അനുഭവമായി നിറഞ്ഞു. ജയന്റെ പിതാവ് ഗോപാലൻ തന്ത്രി ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു. കുഞ്ഞുന്നാൾ മുതൽ ജയനോടൊപ്പം സംഗീതമുണ്ട്. ആറാം വയസ്സിൽ പഠനം തുടങ്ങി. പത്താം വയസ്സിൽ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളിൽ ഈശ്വര പ്രാർഥന പാടാനെത്തിയ ജയന്റെയും വിജയന്റെയും കഴിവ് തിരിച്ചറിഞ്ഞ് മന്നത്ത് പത്മനാഭനാണ് സംഗീതം പഠിക്കാൻ നിർദേശിച്ചത്. രാമൻ ഭാഗവതർ, മാവേലിക്കര രാധാകൃഷ്ണ അയ്യർ, ചെൈമ്പ വൈദ്യനാഥ ഭാഗവതർ എന്നിവരുടെയെല്ലാം കീഴിൽ പഠനം തുടർന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ കച്ചേരിക്കെത്തിയ കർണാടക സംഗീതജ്ഞൻ ഡോ. ബാലമുരളി കൃഷ്ണയുമായുള്ള പരിചയപ്പെടലാണ് ഇരുവരെയും ആറ് വർഷത്തോളം അദ്ദേഹത്തിന്റെ ശിഷ്യരാക്കിയത്. ബാലരമുരളിയുടെ ശിഷ്യനായി മദ്രാസിൽ കഴിയുന്ന കാലത്ത് എച്ച്.എം.വി സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദേശപ്രകാരം രണ്ട് അയ്യപ്പഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്നു. അതിലൊന്ന് പി. ലീലയുടെ ആദ്യ ഭക്തിഗാനമാണ്.
താൻ അഭിനയിക്കുന്ന ‘പ്രിയ പുത്രൻ’ എന്ന നാടകത്തിന് പാട്ടുകൾ ഒരുക്കാനെത്തിയ ജയനെയും വിജയനെയും ‘ജയവിജയ’ എന്ന ഒറ്റപ്പേരിട്ട് വിളിച്ചത് നടൻ ജോസ് പ്രകാശാണ്. പിന്നീടിങ്ങോട്ട് ആ കൂട്ടുകെട്ടിന് ജീവിതം സംഗീതവും സംഗീതം ഭക്തിയുമായി. ഇവർ ചിട്ടപ്പെടുത്തിയ 60ഓളം സിനിമാ ഗാനങ്ങളും തുളസിമാല, ശരണ തരംഗിണി, പ്രണവം, പ്രദക്ഷിണം, കർപ്പൂരാഞ്ജലി, ഹരിമുരളി, കൃഷ്ണാഞ്ജലി, മാധവം, ചക്കുളത്തമ്മ, തുളസീദളം, പ്രേമമയൂരം, വന്ദേ മുകുന്ദം, അയ്യപ്പഗാഥ, ഹരിചന്ദനം, ദേവഗീതങ്ങൾ, ശരണാരവം, അമ്പാടിക്കണ്ണൻ തുടങ്ങിയ ഭക്തിഗാന ആൽബങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ‘തെരുവുഗീത’ത്തിൽ ബിച്ചു തിരുമല എഴുതിയ ‘ഹൃദയം ദേവാലയ’ത്തെ ഇന്നും മലയാളിയുടെ ഹൃദയത്തിൽ തൊടുന്ന ഗാനമാക്കി നിർത്തുന്നത് ജയവിജയയുടെ സംഗീതമാണ്.
1988ൽ വിജയന്റെ ആകസ്മിക മരണം ജയന് കനത്ത ആഘാതമായി. തൃശ്ശിനാപ്പള്ളിയിൽ സംഗീത പരിപാടിക്കായുള്ള ട്രെയിൻ യാത്രക്കിടെ ജയന്റെ കൺമുന്നിൽ കുഴഞ്ഞുവീണാണ് മരണം. ഒരേ വേദിയിൽ ഒരേ വേഷത്തിൽ ഒരുമിച്ച് നിറഞ്ഞുപാടിയ സഹോദരന്റെ വേർപാടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ‘എനിക്ക് മാത്രമായി ഇനിയൊരു ജീവിതം വേണ്ട എന്ന് തോന്നിപ്പോയി’ എന്നാണ്.
യേശുദാസാണ് സംഗീതത്തിലേക്ക് മടക്കിവിളിച്ചത്. ജയന്റെ സംഗീത സംവിധാനത്തിൽ തരംഗിണി പുറത്തിറക്കിയ ‘മയിൽപ്പീലി’ എന്ന കൃഷ്ണ ഭക്തിഗാന ആൽബത്തിലെ ഒരു പിടി അവിലുമായ്, അണിവാകച്ചാർത്തിൽ ഞാൻ, രാധതൻ പ്രേമത്തോടാണോ എന്നിവയടക്കം ഒമ്പത് ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തു. എങ്കിലും സഹോദരന്റെ വിയോഗം അവസാന കാലം വരെ തീരാവേദനയായി ആ മനസ്സിൽ ശേഷിച്ചു. ചെൈമ്പയുടെ സംഗീത ജീവിതത്തെക്കുറിച്ച് ‘ചെൈമ്പ-സംഗീതവും ജീവിതവും’ എന്ന പുസ്തകവും ജയവിജയന്മാർ രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.