‘‘കാലിത്തൊഴുത്തിൽ പിറന്നവനെ’’ എന്ന ഗാനം കാലാതീതം; കെ.ജെ. ജോയ് സംഗീത സങ്കൽപ്പങ്ങൾ തിരുത്തിയ പ്രതിഭ
text_fieldsതൃശൂർ: സംഗീതസംവിധാനം പാരമ്പര്യരീതികളിൽ ഒതുങ്ങിനിന്നപ്പോൾ നൂതനരീതികൾ ചലച്ചിത്രഗാനങ്ങളിൽ പ്രയോഗിച്ച് ചരിത്രത്തിൽ പേര് അടയാളപ്പെടുത്തിയാണ് കെ.ജെ. ജോയ് എന്ന സംഗീതജ്ഞന്റെ മടക്കം. ജയൻ കാലഘട്ടത്തെ സിനിമയിൽ അടയാളപ്പെടുത്തുന്നത് കെ.ജെ. ജോയിയുടെ പാട്ടുകളാണെന്ന് നിരൂപകൻ രവി മേനോൻ ഓർക്കുന്നു. ഓർക്കസ്ട്രേഷനിൽ, ശബ്ദങ്ങളിൽ എല്ലാം വ്യത്യസ്തത വ്യക്തമാകുന്നതാണ് ജോയിയുടെ ഈണങ്ങൾ. പാട്ടിനനുസരിച്ച് ട്യൂൺ ചെയ്തിരുന്നിടത്ത് നിന്ന് ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നതും ജോയിയുടെ പരീക്ഷണമാണ്. ഒരിക്കലും വിസ്മരിക്കാനാവാത്തതും പലപ്പോഴും അറിയാതെ ആരും മൂളിപ്പോകുന്നതും കേൾക്കുമ്പോൾ അനുഭൂതികളുടെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തുന്നതുമായ ഒരുപാട് ഗാനങ്ങൾ ബാക്കിവെച്ചാണ് ജോയിയുടെ വിയോഗം.
സായൂജ്യം എന്ന ചിത്രം (1979) ഒരു പക്ഷേ എക്കാലവും സ്മരിക്കപ്പെടുക ഏറ്റവും മനോഹരമായ ക്രിസ്മസ് ഗാനത്തിന്റെ മേൽവിലാസത്തിലാകും. ജോയ് സംഗീതസംവിധാനം നിർവഹിച്ച ‘‘കാലിത്തൊഴുത്തിൽ പിറന്നവനെ’’... എന്ന് തുടങ്ങുന്ന ഗാനത്തെ വെല്ലാവുന്ന ഒരു ക്രിസ്മസ് ഗാനം ഇനി പിറന്നിട്ടുവേണം. എൻ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാൻ മിഴി...(മനുഷ്യമൃഗം), സ്വർണമീനിന്റെ ചേലൊത്ത...(സർപ്പം), മറഞ്ഞിരുന്നാലും... (സായൂജ്യം), ആഴിത്തിരമാലകൾ...(മുക്കുവനെ സ്നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ...(ഇതാ ഒരു തീരം), തുടങ്ങിയവയാണ് ജോയിയുടെ ഏറെ ജനപ്രിയമായ ഗാനങ്ങള്.
18ാം വയസ്സിലാണ് പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്നത്. എം.എസ്. വിശ്വനാഥന് വേണ്ടി മാത്രം 500ലധികം സിനിമകൾക്ക് സഹായിയായി പ്രവർത്തിച്ചു. അക്കാലത്തെ പ്രമുഖനായിരുന്ന കെ.വി. മഹാദേവന്റെ സംഗീത സംവിധാന സഹായിയും ജോയിയായിരുന്നു. നൗഷാദ്, ലക്ഷ്മികാന്ത് പ്യാരെലാൽ, മദൻമോഹൻ, ബാപ്പി ലാഹിരി, ആർ.ഡി. ബർമൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്തും പ്രവർത്തിച്ചു.
ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി. ഉമ്മർ, സലിൽ ചൗധരി, എം.കെ അർജുനൻ തുടങ്ങിയ മഹാരഥൻമാർ ചലച്ചിത്ര സംഗീതരംഗത്ത് അരങ്ങ് നിറഞ്ഞ് നിൽക്കുമ്പോഴാണ് ജോയിയുടെ രംഗപ്രവേശനവും രാജസൂയവും. ഇവരുടെ പാരമ്പര്യ രീതികളിൽ പുതിയ സംഗീതരീതികൾ പ്രയോഗിച്ച് സ്വന്തം ഇരിപ്പിടമൊരുക്കുകയായിരുന്നു ജോയി. ഹാർമോണിയം ഉപയോഗിച്ച് ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നവരിൽ നിന്ന് വ്യത്യസ്തനായി കീബോർഡ് പരിചയപ്പെടുത്തി. ആർ.ഡി. ബർമൻ, എസ്.ഡി. ബർമൻ തുടങ്ങി ബോളിവുഡിലെ അനന്യസംഗീത പ്രതിഭകളുമായുള്ള പരിചയത്തിൽ ലഭിച്ച അറിവ് ജോയി മലയാളത്തിൽ പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.