ലക്ഷദ്വീപ് പ്രമേയമാക്കി സംഗീത ആൽബം; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
text_fieldsചെറുവത്തൂർ: ലക്ഷദ്വീപ് പ്രമേയമാക്കി നിർമ്മിച്ച സംഗീത ആൽബം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. നൂറ്റാണ്ടുകളായി സമാധാന ജീവിതം നയിക്കുന്ന സ്വർഗം പോലെ സുന്ദരമായ ദ്വീപ് സമൂഹത്തെ സമരപാതയിലേക്ക് തള്ളിവിട്ട പരിഷ്കരണ നടപടികൾക്കെതിരെ നാടക പ്രവർത്തകൻ കെ.പി നാരായണൻ നിർമ്മിച്ച ദൃശ്യാവിഷ്കാരമാണ് കേരളത്തിനകത്തും പുറത്തും ഹിറ്റായത്.
തിന്മകളൊന്നും തൊട്ടു തീണ്ടിയില്ലാത്ത ദ്വീപ് ജനതയുടെ ആത്മാവിനെ തകർക്കുന്ന അഡ്മിനിസ്ടേറ്ററുടെ നടപടികൾക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്ന രീതിയിലാണ് ഏഴ് മിനുട്ട് ദൈർഘ്യമുള്ള ദൃശ്യാവിഷ്കാരം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രതിരോധ മതിലുകൾ തീർത്തും പ്രതിഷേധ ജ്വാലകൾ പടർത്തിയും അയൽവാസികൾ നടത്തുന്ന സമരത്തിൽ വിജയം വരെ ഒപ്പമുണ്ടാകണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് ആൽബം അവസാനിക്കുന്നത്.
ജോയ് മാസ്റ്റർ കുന്നുംകൈയുടെ സംഗീതത്തിൽ പ്രിയേഷ് മൗക്കോട്, ശാന്ത ചന്ദ്രൻ എന്നിവരുടെതാണ് ആലാപനം. രാജേഷ് മധുരക്കാട് എഡിറ്റിങ് നിർവഹിച്ചു. കോവിഡ് കാലത്ത് കെ.പി. നാരായണൻെറ രചനയിൽ പുറത്തിറങ്ങിയ സ്നേഹം, അശാന്തിയുടെ നാളുകൾ, നൊമ്പരപ്പൂക്കൾ, പ്രവേശനോത്സവം . ശ്രാവണപ്പുലരികൾ, എന്റെ നാട് , സമർപ്പണം എന്നീ ആൽബങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ലക്ഷദ്വീപ് കാവ്യദൃശ്യത്തിന്റെ റിലീസ് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മറ്റിയുടെ വാട്ട്സ് അപ് ഗ്രൂപ്പിൽ മുൻ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവഹിച്ചു. സി.എം. വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കുട്ടമത്ത്, കെ.എൻ. മനോജ് കുമാർ, കെ.പി. നാരായണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.