'ആഷിഖിയിലെ പാട്ടുകൾ നദീം-ശ്രാവൺ പാകിസ്താനി ആൽബത്തിൽ നിന്ന് കോപ്പിയടിച്ചു'; ആരോപണവുമായി ലളിത് പണ്ഡിറ്റ്
text_fieldsഹിന്ദി സിനിമയിലെ ജനപ്രിയ സംഗീത സംവിധായക ജോഡികളാണ് നദീം-ശ്രാവണും ജതിൻ-ലളിതും. നദീം അക്തർ സൈഫിയും ശ്രാവൺ കുമാർ റാത്തോഡും ഒത്തുചേർന്നുണ്ടായ നദീം-ശ്രാവൺ കൂട്ടുകെട്ട് ബോളിവുഡിന് സമ്മാനിച്ചത് എക്കാലത്തെയും ഹിറ്റ് പാട്ടുകളാണ്. അതേപോലെ, ജതിൻ പണ്ഡിറ്റ്, ലളിത് പണ്ഡിറ്റ് സഹോദരങ്ങൾ ഒന്നുചേർന്ന ജതിൻ-ലളിത് കൂട്ടുകെട്ടും നിരവധിയായ ഹിറ്റുകൾ സൃഷ്ടിച്ചു. ഈ കൂട്ടുകെട്ടിൽ മുന്നിട്ടുനിൽക്കുന്നതാര് എന്ന ചർച്ച സംഗീതപ്രേമികൾക്കിടയിൽ എപ്പോഴുമുണ്ട്. ഇപ്പോഴിതാ, നദീം-ശ്രാവൺ കൂട്ടുകെട്ടിലെ പാട്ടുകൾ പലതും കോപ്പിയടിച്ചതാണെന്ന ആരോപണമുയർത്തിയിരിക്കുകയാണ് ജതിൻ-ലളിത് കൂട്ടുകെട്ടിലെ ലളിത് പണ്ഡിറ്റ്.
നദീം-ശ്രാവൺ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച പാട്ടുകളാണ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'ആഷിഖി'യിലേത്. 1990ൽ പുറത്തിറങ്ങിയ പടം പാട്ടുകളാൽ സമ്പന്നമായിരുന്നു. രാഹുൽ റോയും അനു അഗ്ഗർവാളും തകർത്തഭിനയിച്ച ചിത്രത്തിലെ 'ധീരേ... ധീരേ...', 'നസർ കെ സാമ്നേ...', 'ജാനേ ജിഗർ ജാനേമൻ' തുടങ്ങിയ പാട്ടുകൾ യുവാക്കൾക്കിടയിൽ തരംഗമായിരുന്നു. പാട്ടുകളിലൂടെ ചിത്രം സൂപ്പർ ഹിറ്റായി. ഇതുകൂടാതെ, സാജൻ, സഡക്, ദിൽ ഹെ കെ മാൻതാ നഹി, രാജാ ഹിന്ദുസ്ഥാനി, ദഡ്കൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് ഹിറ്റ് പാട്ടുകൾ സൃഷ്ടിച്ചു.
എന്നാൽ, നദീം-ശ്രാവൺ കൂട്ടുകെട്ടിലെ പാട്ടുകൾ കോപ്പിയടിയാണെന്ന് സിനിമ ഇൻഡസ്ട്രിക്ക് മുഴുവൻ അറിയാമായിരുന്നെന്നാണ് ലളിത് പണ്ഡിറ്റ് ബോളിവുഡ് ഹംഗാമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആഷിഖിയിലെ പാട്ടുകൾ ചെയ്യുന്നതിന് മുന്നോടിയായി നദീം ദുബൈയിലേക്ക് പോയി. അവിടെ നിന്ന് ഒരുപാട് പാകിസ്താനി ആൽബം പാട്ടുകളുടെ കാസറ്റുകൾ വാങ്ങി. അവയിലെ പാട്ടുകൾ ഇവിടെ പുന:സൃഷ്ടിക്കുകയാണ് ചെയ്തത്. സിനിമ മേഖലയിലെല്ലാവർക്കും അത് അറിയാമായിരുന്നു -ലളിത് പണ്ഡിറ്റ് പറഞ്ഞു. ആഷിഖിയിലെ പാട്ടുകൾ പലതും പാകിസ്താനി ട്രാക്കുകളാണ്. പല വാക്കുകൾ പോലും അതേപടിയുണ്ട്. ഒരു പാട്ടിൽ നിന്ന് ആരാണ് കമ്പോസ് ചെയ്തതെന്ന് തിരിച്ചറിയാനാകണം. ഞങ്ങൾ ചെയ്ത പാട്ടുകൾ കേട്ടാൽ നിങ്ങൾക്ക് അറിയാനാകും അത് ജതിൻ-ലളിത് ആണെന്ന്. കാരണം, അത് ഞങ്ങൾ തന്നെ സൃഷ്ടിക്കുന്നതാണ് -ലളിത് പണ്ഡിറ്റ് പറഞ്ഞു.
ബ്ലോക്ബസ്റ്റർ ചിത്രങ്ങളായ ജോ ജീതാ വൊഹി സിക്കന്ദർ, ഖിലാഡി, രാജു ബൻ ഗയ ജന്‍റിൽമാൻ, കഭി ഹാൻ കഭി നാ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗെ, പ്യാർ കിയാ തൊ ഡർണാ ക്യാ, കുച് കുച് ഹോതാ ഹൈ, മൊഹബത്തെയ്ൻ, കഭി ഖുശി കഭി ഖം, ചൽതെ ചൽതെ, ഹം തും, ഫനാ തുടങ്ങിയവക്ക് സംഗീതം നൽകിയത് ജതിൻ-ലളിത് കൂട്ടുകെട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.