Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'പനച്ചൂരാൻ കവിതയുടെ...

'പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിഞ്ഞത് അന്നായിരുന്നു, ഇന്നലെ ഒന്നും പറയാതെ അവനങ്ങ് പോയി'

text_fields
bookmark_border
പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിഞ്ഞത് അന്നായിരുന്നു, ഇന്നലെ ഒന്നും പറയാതെ അവനങ്ങ് പോയി
cancel

കോഴിക്കോട്: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനുമായുള്ള സൗഹൃദം ഓർത്തെടുത്ത് സംവിധായകൻ ലാൽജോസ്. ലാൽജോസിന്‍റെ അറബിക്കഥ സിനിമയിലെ പാട്ടുകളിലൂടെയാണ് അനിൽ പനച്ചൂരാൻ ഗാനരചനയിലേക്ക് കടന്നുവന്നത്.

ഷൊർണൂരിൽ ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിമുറിയിൽ വന്ന് തന്നെ കാണുകയായിരുന്നു അനിൽ എന്ന് ലാൽജോസ് ഓർക്കുന്നു. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊള്ളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാൻ കവിതയുടെ രണ്ട് പകലിരവുകൾ പിന്നിട്ടപ്പോൾ മലയാളസിനിമയിൽ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി. പിന്നീടുള്ളത് ചരിത്രം.

പ്രയാസങ്ങൾ പെരുകുന്നുവെന്ന് അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർഥനയോടെ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചു. ജിമിക്കി കമ്മൽ എല്ലാ റെക്കോഡുകളും തകർത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാൻ പാട്ട് തന്‍റെ ആലോചനയിൽ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ, ഒന്നും പറയാതെ അവനങ്ങ് പോയി -ലാൽജോസ് പ്രിയ സുഹൃത്തിനെ അനുസ്മരിക്കുന്നു.

ലാൽജോസിന്‍റെ കുറിപ്പ് വായിക്കാം...

പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേൾവിയിൽതന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളിൽ പെട്ടു പോയതിനാൽ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ചിട്ടുണ്ടാകണം.


അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതൻ ആശുപത്രിമുറിയുടെ വാതിലിൽ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാൻ കവിതയുടെ രണ്ട് പകലിരവുകൾ പിന്നിട്ടപ്പോൾ മലയാളസിനിമയിൽ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി. പിന്നീടുളളത് ചരിത്രം. ചോരവീണ മണ്ണിൽ നിന്നുയുർന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകൾ അറബിക്കടലോളം അവസരങ്ങൾ കവിക്ക് മുന്നിൽ തുറന്നിട്ടു. പാട്ടിന്റെ കടലിലേക്ക് പനച്ചു ഒഴുകി.

തിരക്കുകൾക്കിടയിൽ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകൾ. എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാടലുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്.

ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടകവീടിന്റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകൾ അവനെ കണ്ട നാൾ മുതൽ എന്നും കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അവസരങ്ങൾ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങൾ പെരുകുന്നുവെന്നും അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചു, ജിമിക്കി കമ്മൽ എല്ലാ റിക്കോർഡുകളും തകർത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാൻ പാട്ട് എന്റെ ആലോചനയിൽ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി !!

സ്വർഗ്ഗത്തിലിപ്പോൾ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരൻമാർ കൂടി ഇനി ചോര വീണമണ്ണിൽ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം.🙏

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lal joseanil panachooran
News Summary - laljose facebook post on anil panachoorans demise
Next Story