ലതായുഗം
text_fieldsഈ ഭൂമുഖത്തുനിന്ന് ലത മങ്കേഷ്കർ എന്ന ശരീരം മാത്രമേ മറഞ്ഞുപോകുന്നുള്ളൂ. അവർ നമുക്കായി തന്ന ശാരീരം മനുഷ്യരും കാതുകളും ഹൃദയങ്ങളുമുള്ള കാലത്തോളം അലയടിച്ചുകൊണ്ടേയിരിക്കും. ഉസ്താദ് അല്ലാരഖാ ഖാൻ ഒരിക്കൽ പറഞ്ഞതുപോലെ, 'അടുത്ത ആയിരം വർഷം ഇനിയൊരു ലതയുണ്ടാവുകയില്ല'.
1947 ൽ ബ്രിട്ടീഷ് ആധിപത്യം കുടഞ്ഞെറിഞ്ഞ ഇന്ത്യക്കാരെൻറ മേൽ പിന്നീടിങ്ങോട്ട് 'ആയേഗാ ആനേവാലാ...'യിലൂടെ ആരംഭിച്ച ആ ഹൃദയാധിപത്യം നിലച്ചിരിക്കുന്നു. നാൽപത്തൊമ്പതു മുതലിങ്ങോട്ട് 'ബോംബെ സിനിമ ഫാക്ടറി'കളിൽ നിന്ന് പുറത്തുവന്ന ആയിരക്കണക്കായ ലത മങ്കേഷ്കർ പാട്ടെന്ന 'ഉൽപന്ന'ത്തിലൂടെ ദിക്കുകൾ വ്യത്യാസമില്ലാതെ സ്ഥാപിച്ചെടുത്ത ആധിപത്യമാണ് അവസാനിച്ചത്. അമിതാഭ് ബച്ചൻ പറയുന്നു: ''ലത പാടിയ പാട്ടുകളിലൂടെയാണ് എെൻറയെല്ലാം ജീവിതത്തിലെ ഒാരോ കാലവും അടയാളപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ പഠനകാലവും കോളജ് കാലവും ജോലി ചെയ്യാനാരംഭിച്ച യൗവനകാലവുമെല്ലാം അങ്ങനെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.''
മങ്കേഷിെൻറ കരങ്ങളിൽ നിന്ന്
ഇൻഡോറിലാണ് ജനിച്ചതെങ്കിലും ഉത്തര ഗോവയിലെ മങ്കേഷി ഗ്രാമത്തിൽനിന്നാണ് ലതയെന്ന ഇതിഹാസത്തിന്റെ വേരുകൾ ആരംഭിക്കുന്നത്. അധിദേവതയായ മങ്കേഷിെൻറ പേര് പരിഷ്കരിച്ച് മങ്കേഷ്കർ (ദൈവത്തിെൻറ കരം) എന്ന് തെൻറ പേരിനൊപ്പം ചേർത്ത, പ്രശസ്ത മറാത്തി നാടകക്കാരനും ഗായകനുമായ ദീനാനാഥ് മങ്കേഷ്കറിനും ശെവന്തിക്കും നാലു പെൺമക്കളും ഒരു ആൺകുട്ടിയും. മക്കളിൽ നാലുപേരും 'ദൈവത്തിെൻറ കരം' കൂടെക്കൂട്ടിയെങ്കിലും ഭൂഖണ്ഡങ്ങളും കടന്ന് ജനകോടികളുടെ ഹൃദയത്തിൽ പതിഞ്ഞമർന്നത് മൂത്ത മകൾ ലതയുടെ പേരിനൊപ്പമുള്ള മങ്കേഷ്കറായിരുന്നു. മീന മങ്കേഷ്കർ, ഉഷ മങ്കേഷ്കർ, ഹൃദയനാഥ് മങ്കേഷ്കർ, ആശ ഭോസ്ലെ എന്നിവരുടെ മൂത്ത ചേച്ചിയായ ലത ഒമ്പതാംവയസ്സിൽ ഷോലാപ്പുരിൽ നടന്ന ഒരു സംഗീതപരിപാടിയിൽ പാടി കൈയടി വാങ്ങി. ഖബാവതി രാഗത്തിൽ പാടിയ 'അലീരി െമതോ ജാഗി' എന്ന മറാത്തിഗാനം ശ്രോതാക്കൾ ഒന്നിലേറെ തവണ പാടിച്ചു. ഏതാനും നാളുകളിൽ മാത്രം സ്കൂളിൽ പോയി മതിയാക്കി, പിന്നീട് പിതാവിെൻറ കീഴിലെ സംഗീതപഠനം മാത്രമാക്കിയ ലത താമസിയാതെ ദീനനാഥിെൻറ കച്ചേരികളിലും സംഗീതനാടകങ്ങളിലും സ്ഥാനംപിടിച്ചു. സൈഗാളിെൻറ പാട്ടുകളെ പ്രണയിച്ച കൊച്ചു ലത, 'ഞാൻ വലുതായിട്ട് സൈഗാളിനെ കല്യാണം കഴിക്കു'മെന്ന് പറയാറുണ്ടായിരുന്നു.
ടൂറിങ് തിയറ്റർ പ്രസ്ഥാനമാരംഭിച്ച് മറാത്ത മേഖലയിൽ പെരുമയാർജിച്ച ദീനനാഥ് പുെണയിലും ബോംബെയിലും പേരുകേട്ട തിയറ്ററുകളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇതിനിടെ അദ്ദേഹം കുടുംബത്തോടെ പുണെയിലേക്ക് താമസം മാറി. എന്നാൽ, 1935ൽ തെൻറ നാടകപ്രസഥാനവും ഇടക്കാലത്ത് കൈവെച്ച മറാത്തി സിനിമാനിർമാണവും നഷ്ടത്തിലായ ദീനനാഥ് പാപ്പരായി. എല്ലാം നഷ്ടപ്പെട്ട് സമ്പൂർണ ദരിദ്രനായി 1942ൽ ദീനനാഥ് മരിക്കുേമ്പാൾ ലതക്ക് 13 വയസ്സ്.
മൂത്തപുത്രി
പ്രതാപത്തിൽനിന്ന് അനാഥത്വത്തിലേക്ക് വീണ മങ്കേഷ്കർ കുടുംബത്തെ ഒറ്റക്ക് തോളിലേറ്റാൻ ആ പ്രായത്തിൽ ലത തീരുമാനിച്ചു. പിതാവിെൻറ പരിചയക്കാരനും സിനിമാനിർമാതാവും നടനുമായിരുന്ന കോലാപുരിലെ മാസ്റ്റർ വിനായകിെൻറ പ്രഫുല്ല പിക്ചേഴ്സിൽ നടിയായി ചേർന്നാണ് അവർ ജോലി ആരംഭിച്ചത്. മറാത്തിയിലും ഹിന്ദിയിലുമായി മംഗളഗൗർ, ഗജ ഭൗമജ്, ഹേ ബാൽ തുടങ്ങി എട്ടു ചിത്രങ്ങളിൽ അഭിനയിച്ചു ലത.
ചിലതിലൊക്കെ പാടുകയും പാടി അഭിനയിക്കുകയും ചെയ്തു. കൂടുതൽ സാധ്യതകൾ തേടി 1945ൽ വിനായക് ബോംബെയിലേക്ക് താവളം മാറ്റിയപ്പോൾ ലതയും കുടുംബവും ബോംബെയിലെത്തി. പേക്ഷ, താമസിയാതെ വിനായക് മരിക്കുകയും പ്രഫുല്ല പിക്ചേഴ്സിന് മറവീഴുകയും ചെയ്തതോടെ ലതയും ഒറ്റപ്പെട്ടു. മധ്യ ബോംബെയിലെ നാനാചൗക്കിൽ ആ വലിയ കുടുംബം താമസിക്കുന്ന കൊച്ചു വാടകവീട്ടിൽനിന്ന് രാവിലെ സൈക്കിളുമെടുത്ത് മഹാനഗരത്തിലെ സ്റ്റുഡിയോകളിൽ കയറിയിറങ്ങലായിരുന്നു പിന്നെ കുറെ നാൾ.
കണ്ടെത്തുന്നു
ഏതാനും ചില സിനിമകൾക്കുവേണ്ടി ഒന്നുരണ്ടു പാട്ടുകൾ പാടാൻ അവസരം ലഭിച്ചുവെങ്കിലും സിനിമകൾ മിക്കതും വെളിച്ചം കാണാതെ പോയത് ലതയെ ഏറെ തളർത്തി. സെൻട്രൽ സ്റ്റുഡിയോയിൽ ഒരു റെക്കോഡിങ്ങിനിടെ, എക്സ്ട്രാ നടികളെ സപ്ലൈ ചെയ്യുന്ന പത്താൻകാരൻ വന്ന്, ഉസ്താദ് ഗുലാം ഹൈദർ ഒന്നു കാണാൻ ആവശ്യപ്പെടുന്നു എന്നു പറഞ്ഞു. അക്കാലത്ത് ഏറെ ആദരിക്കപ്പെടുന്ന സാത്വികനായ സംഗീതസംവിധായകനായിരുന്നു ഗുലാം ഹൈദർ. ഫിലിമിസ്ഥാൻ സ്റ്റുഡിയോയിൽ വെച്ച്, ഒരു പാട്ടുപാടാൻ ഉസ്താദ് ആവശ്യപ്പെട്ടു.
അദ്ദേഹംതന്നെ ഈണമിട്ട 'മെ തം ഒരുൺ ഗുലാബീ, ചുനരിയ ആജ് രെ...' മുഴുമിപ്പിച്ചപ്പോൾ ഗുലാം ഹൈദർ തീരുമാനിച്ചു, തെൻറ വരാനിരിക്കുന്ന 'ഷഹീദി'ൽ ലത പാടുമെന്ന്. അത് ലതയോട് പറയുകയും ചെയ്തു. എന്നാൽ, നായിക കാമിനി കൗശലിന് ഈ നേർത്ത സ്വരം ചേരില്ല എന്ന് നിർമാതാവിെൻറ ഉടക്കുവന്നു. ഗുലാം ഹൈദർ നിർമാതാവിനോട് പറഞ്ഞു: ''നിങ്ങളിന്ന് ഇവൾക്ക് അവസരം നിഷേധിച്ചേക്കാം. എന്നാൽ, നിർമാതാക്കളും സംഗീതസംവിധായകരും ഇവളുടെ കാൾഷീറ്റിനുവേണ്ടി കാത്തിനിൽക്കുന്ന ഒരു കാലം വരും.'' തെൻറ തന്നെ ചിത്രമായ 'മജ്ബൂറി'ൽ അവസരം തരാമെന്ന് പറഞ്ഞ് ലതയെയും കൂട്ടി അവിടെനിന്നിറങ്ങി. ഗൊരേഗാവ് െറയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തുനിൽക്കുന്നതിനിടയിൽ ഉസ്താദ് നൽകിയ വരികൾ ലത പാടി. 'ദിൽ മേരാ തോഡാ മുെഝ കഹി കാ... ന ഛോഡാ ഹായെ തേരെ പ്യാർ നെ'
'അതെ അങ്ങനെ വേണം പാടാൻ'
അന്നുതന്നെ ബോംബെ ടാക്കീസിെൻറ സ്റ്റുഡിയോവിൽനിന്ന് ലത 'മജ്ബൂറി'ലേക്കുള്ള ആ പാട്ടിെൻറ റിേഹഴ്സൽ തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ഇതും മുകേഷുമൊത്തുള്ള മറ്റൊരു ഗാനവും റെക്കോഡ് ചെയ്തു. ഇതോടെ ലത ദീനാനാഥ് മങ്കേഷ്കർ എന്ന പേര് ബോംബെ സിനിമാവ്യവസായത്തിലേക്ക് ചേർന്നു. തെൻറ ജീവിതം മാറ്റിമറിച്ച ഗുലാം ഹൈദറിനോട് ജീവിതകാലം മുഴുവൻ ലത ആ ആദരവ് നിലനിർത്തിയിരുന്നു.
1945ൽ സാക്ഷാൽ നൗഷാദിെൻറ മുന്നിലും ആ നേർത്ത മറാത്തി ശബ്ദമെത്തി. ''ഉർദു വാക്കുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ''എന്നായിരുന്നു നൗഷാദിെൻറ ചോദ്യം. എങ്കിലും അദ്ദേഹം അടുത്ത ചിത്രത്തിൽ ഒരു പാട്ടു നൽകി, അതിന് 400 രൂപ പ്രതിഫലവും. രാജ്കപൂറും ദിലീപ്കുമാറും നർഗീസുമൊക്കെയുള്ള തെൻറ അടുത്ത വലിയ പ്രോജക്ടായ 'അന്ദാസി'ൽ നൗഷാദ് ലതയെ പ്രധാന ഗായികയാക്കി. മികച്ച ഉർദു ഉച്ചാരണം അനിവാര്യമായ ഗസലുകളുള്ള ചിത്രത്തിൽ ലത പറ്റുമോ എന്ന് സംവിധായകൻ മെഹബൂബ് ഖാൻ സംശയമുന്നയിച്ചുവെങ്കിലും നൗഷാദിന് സംശയുമണ്ടായിരുന്നില്ല. ആവശ്യമറിഞ്ഞ് അപ്പോഴേക്കും ലത ഒരു മൗലവിയെ വെച്ച് തെൻറ ഉർദു ഉച്ചാരണം ശരിയാക്കിയെടുത്തു.
മൈക്കിനടുത്തെത്തിയപ്പോൾ നൗഷാദ്ജി ലതയുടെ കാതിൽ പറഞ്ഞു: 'ഈ പാട്ടും ഈണവും അറിയാവുന്നവരായി ഇവിടെയിപ്പോൾ നീയും ഞാനും മാത്രമേ ഉള്ളൂ. അതിൽ പാട്ടറിയാവുന്നയാൾ നീ മാത്രവും. ആദ്യ സ്വരം പാടുംമുമ്പ് നീ അറിയുക, നീയൊഴികെ മറ്റുള്ളവരെല്ലാം അപ്രസക്തരാണ്.''
മറാത്തി നൂർജഹാൻ
1949ൽ, ഇന്ത്യൻ സിനിമയിലെ ആദ്യ പ്രേതഗാനമെന്നു പറയാവുന്ന 'ആയേഗാ... ആയേഗാ... ആയേഗാ... ആനേവാലേ ആയേഗാ' (മഹൽ) കൂടി പുറത്തിറങ്ങിയതോടെ ലത മുൻനിരയിലെത്തി. വിഭജനാനന്തരം, അന്നത്തെ സംഗീതറാണിയും ലതയുടെ ഇഷ്ടഗായികയും റോൾമോഡലുമെല്ലാമായ നൂർജഹാൻ പാകിസ്താനിലേക്കു പോയതോടെ പകരക്കാരിയായി പലരും ലതയെ കണക്കാക്കി.
മറാത്തി നൂർജഹാൻ എന്ന് പല സംഗീതസംവിധായകരും ലതയെ വിശേഷിപ്പിച്ചതും അക്കാലത്താണ്. നൂർജഹാനൊപ്പം പിന്നണിരംഗത്ത് താരപദവിയിലുണ്ടായിരുന്ന ഷംഷാദ് ബീഗവും ഗീത ദത്തും സുരയ്യയുമെല്ലാം ഉള്ള നിരയിലേക്ക് ലതയും എത്തി.
കിരീടധാരണം
അമ്പതുകളോടെ ഹിന്ദി ചലച്ചിത്ര പിന്നണിഗാനലോകം ലതയുടെ പിന്നാലെ വരുന്നതാണ് കണ്ടത്. പാടുന്ന നായികമാരും ഘനഗംഭീര ശബ്ദക്കാരായ ഗായികമാരും എന്ന ബോംബെ സിനിമാ സംഗീതലോകത്തിെൻറ ചിട്ടകൾ ലതക്കുവേണ്ടി മാറിത്തുടങ്ങി. നൗഷാദിെൻറയും ശങ്കർ ജയ്കിഷൻമാരുടെയും മാത്രമല്ല, അനിൽ ബിശ്വാസ്, എസ്.ഡി. ബർമൻ, സി. രാമചന്ദ്ര, സജ്ജാദ് ഹുസൈൻ, ഹേമന്ദ് കുമാർ, മദൻ മോഹൻ തുടങ്ങി മുൻനിര സംഗീതസംവിധായകരുടെയെല്ലാം പ്രിയ ഗായിക ലതയായി. 'ബൈജു ബാവ്ര'യിലൂടെ നൗഷാദ് ക്ലാസിക്കൽ സംഗീതത്തിന് ജനപ്രിയ മാനം നൽകിയപ്പോൾ, അതിൽ പാടിയ മുഹമ്മദ് റഫിയും ലത മങ്കേഷ്കറും അന്നോളം അവർ സ്വായത്തമാക്കിവെച്ച ശാസ്ത്രീയസംഗീതസിദ്ധി മുഴുവനായി പുറത്തെടുത്തു. റഫി-ലത കൂട്ടുകെട്ട് ഹിന്ദി സിനിമാഗാനരംഗത്ത് ചരിത്രം തിരുത്തിയെഴുതുംവിധം മുന്നേറി.
മദർ ഇന്ത്യയിൽ ലതക്കൊപ്പം സഹോദരിമാരും പാടി. സി. രാമചന്ദ്രയുടെ സംഗീതനിർവഹണത്തിലും നിരവധി ലത ഹിറ്റുകൾ പിറന്നു. രാമചന്ദ്രയും ലതയും തമ്മിൽ പ്രണയത്തോളംപോന്ന ആത്മബന്ധം ഉണ്ടായിരുന്നതായി ബോളിവുഡിൽ അടക്കംപറച്ചിലുകളുണ്ടായി. ആസ്വാദകരെ മയക്കിയ മദൻമോഹൻ-ലത കൂട്ടുകെട്ടിലെ 'ഹേ ഐസിയ പ്യാർ കി...' (അൻപഥ്) ഗസൽ കേട്ട്, ഇതിന് എെൻറ എല്ലാ പാട്ടുകളും പകരംവെക്കാം എന്ന് നൗഷാദ് പറഞ്ഞു.
സ്റ്റുഡിയോകളിൽനിന്ന് സ്റ്റുഡിയോകളിലേക്ക് പറന്നുനടന്ന് റെക്കോഡ് ചെയ്യേണ്ടവിധം തിരക്കു വന്നുമൂടിയ ലത അഞ്ചും ആറും പാട്ടുകൾ റെക്കോഡ് ചെയ്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലുമൊന്നും ഈ അത്യപൂർവ പ്രതിഭക്ക് എതിരാളികൾ ഉണ്ടായില്ല.
അറുപതുകളിൽ മുഗൾ എ അസമിൽ പാടിയ പാട്ടുകളെല്ലാം സിനിമയോളം ജനപ്രിയമായപ്പോൾ ലതയല്ലാതെ സ്ത്രീശബ്ദം ആരുമില്ല എന്ന നിലയിൽ നിർമാതാക്കളും സംഗീതസംവിധായകരുമെത്തി. ചൈന യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊതുപരിപാടിയിൽ 'ഹെ മേരെ വതൻ കി ലോഗോ' പാടി പ്രധാനമന്ത്രി നെഹ്റുവിനെ കരയിപ്പിച്ചു.
ദേശംവിട്ട് ഒഴുകിയ മാജിക്
1974ൽ ലണ്ടനിൽ, അന്നത്തെ ബ്രിട്ടീഷ് ഹൈകമീഷണറായിരുന്ന വി.കെ. കൃഷ്ണമേനോൻ മുൻകൈയെടുത്ത് സംഘടിപ്പിച്ച സ്റ്റേജ് പരിപാടിയായിരുന്നു ലതയുടെ ആദ്യ വിദേശ പ്രോഗ്രാം. കൊടും തണുപ്പ് നാളിൽ റോയൽ ആൽബർട്ട് ഹാളിൽ ചെരിപ്പഴിച്ചുവെച്ച് മൈക്കിനു മുന്നിലെത്തിയ ലതയോട് അവതാരകനായ ദിലീപ്കുമാർ ചെരിപ്പിട്ടില്ലെങ്കിൽ മരവിച്ചുപോകുമെന്ന് പറഞ്ഞു.
ഒരിക്കലും മൈക്കിനു മുന്നിൽ ചെരിപ്പിട്ട് നിൽക്കാറില്ലാത്ത ലത ഒടുവിൽ സോക്സ് മാത്രം ധരിച്ച് പാടി. 1975ൽ ന്യൂയോർക്കിലെ ഫെൽറ്റ്ഷോമിലും വാഷിങ്ടൺ കെന്നഡി സെൻററിലും തുടങ്ങി വിവധയിടങ്ങളിലും പാടി. തുടർന്നിങ്ങോട്ട് ഒട്ടേറെ വിദേശപരിപാടികൾ. ഇന്ത്യക്കാർ മാത്രമല്ല, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് വംശജരുമെല്ലാം ആ പാട്ടു കേൾക്കാൻ എത്തി.
മറ്റൊരു ലത
പ്രശസ്തിയുടെ പരകോടിയിൽ നിൽക്കെ പല വിവാദങ്ങളിലും പിണക്കങ്ങളിലുമെല്ലാം അവർ ചെന്നു ചാടി. താൻപോരിമയുള്ള ആളെന്നും പുതിയവർക്ക് അവസരം തടയുന്നയാളെന്നും ചിലർ ആക്ഷേപമുന്നയിച്ചു. അതേസമയം, പ്രതാപശാലിയായ സംഗീത സംവിധായകൻ ഒ.പി. നയ്യാർ, ലതയെക്കൊണ്ട് ഒരു ഗാനംപോലും പാടിച്ചില്ല. പകരം സഹോദരി ആശ ഭോസ്ലെക്ക് വാരിക്കോരി അവസരങ്ങൾ നൽകി.
ഇതോടെ സഹോദരിമാർ തമ്മിൽ പിണങ്ങിയ അവസരവുമുണ്ടായി. ഏറ്റവും കൂടുതൽ ഒന്നിച്ചു പാടിയ മുഹമ്മദ് റഫിയുമായി റോയൽറ്റി വിവാദത്തിൽ പിണങ്ങി. ഇതിനിടെ, ചില ചിത്രങ്ങൾ നിർമിക്കാനും ഏതാനും ഗാനങ്ങളുടെ സംഗീതസംവിധാനം നിർവഹിക്കാനും അവർ തയാറായി. എന്നാൽ, പിന്നീട് അതിന് കൂടുതൽ തുടർച്ച ഉണ്ടായില്ല.
വേഗം കുറക്കുന്നു
എൺപതുകളോടെ ലത മങ്കേഷ്കർ ചലച്ചിത്ര സംഗീത റെക്കോഡിങ് കുറച്ചു. രാജശ്രീ, യാഷ്രാജ് തുടങ്ങിയ വൻകിട നിർമാതാക്കളുടെ ചിത്രങ്ങൾ മാത്രമായി തിരക്ക് ഒതുക്കി. അതേസമയം, പുതു തലമുറ സംഗീതജ്ഞരായ ശിവ-ഹരി, രാം ലക്ഷ്മൺ തുടങ്ങി എ.ആർ. റഹ്മാൻ വരെയുള്ളവർക്കുവേണ്ടിയും അവർ പാടി. പാടിയ പാട്ടുകൾ മിക്കതും വമ്പൻ ഹിറ്റുകളുമായി. ലതയെന്ന നാമം വിഗ്രഹ സമാനമായതോടെ മറ്റൊരു ഗായികയെയും തേടിവരാത്ത പുരസ്കാരങ്ങളും അവരെ തേടിയെത്തി. എന്നു മാത്രമല്ല, മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാറുകൾ ലത മങ്കേഷ്കർ പുരസ്കാരം ഏർപ്പെടുത്തി. ഇതിനിടയിൽ 1999ൽ രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടു.
2001ൽ ഭാരത രത്ന പുരസ്കാരം ലതയെ തേടിയെത്തി. പുതിയ കാലത്തും അവരുടെ ശബ്ദം ജനസഹസ്രങ്ങളെ പിടിച്ചുനിർത്തി. റഹ്മാനുവേണ്ടി പാടിയ 'ജിയ ജലേ'യും ഖാമോഷിയായുമെല്ലാം പുതുതലമുറ ഏറ്റെടുത്തു. വീർസര, മുഹബത്തേൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ തരംഗമായി. ഫ്രഞ്ച് സർക്കാറിെൻറ പരമോന്നത സിവിലിയൻ ബഹുമതിയും അവരെ തേടിയെത്തി.
ലതയുടെ ചിന്തകൾ
''എെൻറ ഗാനങ്ങൾ വലിയ അത്ഭുതമൊന്നുമല്ല. അസാധാരണവുമല്ല. എന്നേക്കാൾ നന്നായി പാടുന്നവരുണ്ടാകാം. അർഹിക്കുന്ന അംഗീകാരം കിട്ടാത്തതാവാം. ജീവിതം ഒരുപാടു കണ്ടു, അനുഭവിച്ചു. കാലം എെൻറ ചിന്തയിൽ ഒരുപാടു മാറ്റങ്ങളുണ്ടാക്കി. ഭാവിയിൽ ആരെയും വേദനിപ്പിക്കരുതെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞുപോയതിൽ ഖേദവുമില്ല''- ജീവിതസംഗീതത്തിെൻറ അവസാന നാളുകളിൽ അവർ പറഞ്ഞു.
തെക്കൻ ബോംബെയിലെ പെഡ്ഡാർ റോഡിൽ പ്രഭുകുഞ്ച് പാർപ്പിടസമുച്ചയത്തിലെ അത്യാഡംബരങ്ങളില്ലാത്ത വസതിയിലാണ് അവർ എത്രയോ കാലം ജീവിച്ചത്. 13ാം വയസ്സിൽ കുടുംബത്തിെൻറ ഭാരം ചുമലിലേറ്റി പാടിത്തുടങ്ങിയ അവർ സ്വന്തം ജീവിതം ഇതിനിടയിൽ മറന്നുെവന്നു പലരും പറയുന്നു. എന്തുകൊണ്ടാണ് വിവാഹം കഴിക്കാഞ്ഞതെന്ന് അവർ വ്യക്തമാക്കിയില്ലെങ്കിലും തെൻറ സഹോദരങ്ങളുമൊത്തുള്ള ഒരു ജീവിതം അവർ ഏറെ പ്രിയപ്പെട്ടിരുന്നു. ഇടക്ക് ആശയുമായി പിണക്കമുണ്ടായി എന്നത് ഒഴിച്ചാൽ, സഹോദരങ്ങൾക്കുവേണ്ടിയുള്ള ജീവിതമായിരുന്നു അവരുടേത്. ജനനമരണങ്ങളും വിവാഹവുമെല്ലാം ജീവിതനിശ്ചയമാണെന്ന് അവർ വിശ്വസിച്ചു. ''വിവാഹം ചെയ്തിരുന്നുവെങ്കിൽ എെൻറ ജീവിതമാകെ മാറിപ്പോയേനെ.
രാജ്യത്തെ ഏറ്റവുംവലിയ ബഹുമതിയായ ഭാരത രത്നമൊക്കെ നേടാൻ കഴിയുമായിരുന്നോ. വിവാഹിതയായിരുന്നുെവങ്കിൽ ഒന്നോ രണ്ടോ വർഷത്തിനകം ബന്ധത്തിൽനിന്ന് മോചനം നേടുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്'' -അവിവാഹിത ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലതയുടെ മറുപടി അതായിരുന്നു. സംഗീതത്തെ മാത്രം വരിച്ചൊരു ജീവിതത്തിൽ മറ്റൊന്നും ചേരുമായിരുന്നില്ല.
ആയിരക്കണക്കിന് പാട്ടുകൾ പാടിയ ലത മങ്കേഷ്കർ തെൻറ പാട്ടുകളിൽ ഏറ്റവും പ്രിയെപ്പട്ട പത്തെണ്ണം ഓർത്തെടുത്തപ്പോൾ
1. ആയേഗാ ആനേവാലാ (മഹൽ)
2. അല്ലാ തേരേ നാം (ഹംദോനോ)
3. ബേഖാസ് പെ കരം (മുഗൾ എ അസം)
4. സത്യ ശിവം സുന്ദരം (സത്യം ശിവം സുന്ദരം)
5. സുനിയോ ജി അരജ് മഹരി (ലേകിൻ)
6. ഏ ദിലേ നാദാൻ (റസിയ സുൽത്താൻ)
7. ലഗ് ജാ ഗലേ (വോ കോൻ ഥി)
8. കുച്ച് ദിൽ നെ കഹാ (അനുപമ)
9. ഓ സജ്നാ (പരഖ്)
10. ബാഹോ േമം ചലേ ആവോ (അനാമിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.