നെഹ്റുവിനെ കരയിപ്പിച്ച പാട്ടുകാരി
text_fields1963 ജനുവരി 27. ന്യൂഡൽഹിയിലെ നാഷനൽ സ്റ്റേഡിയം. തിങ്ങിനിറഞ്ഞ ജനാവലിക്ക് മുന്നിൽ നിന്ന് മൈക്കിലൂടെ ലതാ മങ്കേഷ്കർ പാടുന്നു..
'അയ് മേരേ വതൻ കീ ലോഗോൻ..'
(പ്രിയപ്പെട്ടവരേ നമ്മുടെ നാടിനെ പ്രകീർത്തിച്ച് പാടുക... ഈ നാടിനായി അതിർത്തികളിൽ ജീവൻ പൊലിഞ്ഞ ധീരജവാന്മാരെ മറക്കാതിരിക്കുക...)
കവി പ്രദീപ് രചിച്ച് പ്രശസ്ത സംഗീത സംവിധായകൻ രാമചന്ദ്ര ഈണമിട്ട ആ ഗാനം കേൾക്കാൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണനൊപ്പം പ്രധാനമന്ത്രി നെഹ്റുവുമുണ്ടായിരുന്നു... ഇന്തോ - ചൈന യുദ്ധം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിരുന്നുള്ളു അപ്പോൾ. പാട്ട് കഴിഞ്ഞപ്പോൾ നെഹ്റു ലതയെ അടുത്തേക്ക് വിളിച്ചു. പാട്ടിലെ എന്തെങ്കിലും പോരായ്മ പറയാനായിരിക്കുമെന്നാണ് ലത കരുതിയത്. പക്ഷേ, ആ പാട്ടുണർത്തിയ വൈകാരികതയിൽ അലിഞ്ഞുപോയ നെഹ്റുവിൻറെ കണ്ണുകൾ നിറഞ്ഞിരുന്നത് ലത കണ്ടു. നെഹ്റു മാത്രമല്ല, ആ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മനുഷ്യർ ഒട്ടാകെ കണ്ണീരണിയുകയായിരുന്നു.
1962ലെ ഇന്തോ - ചൈന യുദ്ധത്തിൽ രക്തസാക്ഷികളായ ധീര ജവാന്മാരെ അനുസ്മരിക്കാനും അവരുടെ വിധവകളായ ഭാര്യമാരുടെ ക്ഷേമത്തിനായി ഫണ്ട് സമാഹരിക്കുവാനുമായിരുന്നു നാഷനൽ സ്റ്റേഡിയത്തിൽ ആ പരിപാടി സംഘടിപ്പിച്ചത്. 1.3 കോടി രൂപയോളമാണ് ഒരൊറ്റ ഗാനത്തിലൂടെ അപ്പോൾ സമാഹരിച്ചത്.
'ജനഗണമന'യും, 'വന്ദേമാതരവും', 'സാരേ ജഹാംസെ അച്ചാ'യും പോലെ ഏറ്റവും പ്രിയങ്കരമായ ദേശഭക്തി ഗാനമായി അയ് മേരേ വതൻ കീ ലോഗോനും. സിനിമ ഗാനമോ ആൽബം പാട്ടോ അല്ലാതിരുന്നിട്ടും ഏറ്റവും ജനപ്രിയമായി മാറിയ ഈ ഗാനം എല്ലാ വേദികളിലും ലത പാടി. വീണ്ടും വീണ്ടും ആ ഗാനം പാടാൻ ജനങ്ങൾ ആവശ്യപ്പെട്ടു. നെഹ്റു തന്നെ മറ്റൊരിക്കൽ ആ ഗാനം പാടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യാവതരണത്തിെൻറ തൊട്ടടുത്ത വർഷം ബോംബേയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ഒരു ചാരിറ്റി ഷോയിലായിരുന്നു അത്. നെഹ്റു തന്നെ മുഖ്യാതിഥി. പാട്ടുകൾ പലതു കഴിഞ്ഞപ്പോൾ നെഹ്റുവിെൻറ ആവശ്യം.
'അയ് മേരേ വതൻ പാടണം..'
ലത ആ വികാരമേറ്റെടുത്തു പാടി. പരിപാടി കഴിഞ്ഞപ്പോൾ ഒരാൾ വന്നു പറഞ്ഞു 'നെഹ്റു വിളിക്കുന്നു..'
വിജയലക്ഷ്മി പണ്ഡിറ്റിനൊപ്പം കാറിലിരിക്കുകയായിരുന്നു നെഹ്റു അപ്പോൾ. കാറിെൻറ ഗ്ലാസ് താഴ്ത്തി ലതയുടെ കരംഗ്രഹിച്ച് വികാരാധീനനായി നെഹ്റു പറഞ്ഞു 'കുട്ടീ.., നിെൻറ പാട്ടു കേൾക്കാനായാണ് ഞാൻ വന്നത്. അത് കേട്ടപ്പോൾ സന്തോഷമായി..' അപ്പോഴും നെഹ്റുവിെൻറ കണ്ണുകൾ നനഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.