സംഗീതത്തോടൊപ്പം സചിനെയും ക്രിക്കറ്റിനെയും സ്നേഹിച്ച ലതാജി
text_fieldsന്യൂഡൽഹി: പ്രിയപ്പെട്ട ഗായിക ലത മങ്കേഷ്കറിന്റെ നിര്യാണത്തിൽ അതീവ ദുഖത്തിലാണ് രാജ്യം. സംഗീതത്തോടൊപ്പം തന്നെ ക്രിക്കറ്റിനോടും സചിൻ ടെണ്ടുൽക്കറിനോടുമുള്ള ലതാജിയുടെ ഇഷ്ടം പ്രശസ്തമാണ്. വിഖ്യാത ഗായികയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ സചിൻ അവരെ 'ആയ്' എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്.
'സചിൻ എന്നെ അവന്റെ അമ്മയെപ്പോലെയാണ് പരിഗണിക്കുന്നത്. ഞാൻ അവനുവേണ്ടി എപ്പോഴും പ്രാർഥിക്കുന്നു. അവൻ എന്നെ ആദ്യമായി 'ആയ്' എന്ന് വിളിച്ച ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല. ഞാൻ അത് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എനിക്ക് ഭയങ്കര സർപ്രൈസായിരുന്നു. അവനെപ്പോലെ ഒരു മകനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്'- ഒരിക്കൽ ഒരു അഭിമുഖത്തിൽ ലത മങ്കേഷ്കർ പറഞ്ഞു.
സചിന് ഭാരത് രത്ന സമ്മാനിക്കാനായി അവർ വാദിച്ചിരുന്നു. 'വർഷങ്ങളായി അവനാണ് എനിക്ക് യഥാർഥ ഭാരത് രത്ന. അവൻ രാജ്യത്തിനായി ചെയ്ത കാര്യങ്ങൾ വളരേ കുറച്ച് പേർക്ക് മാത്രമേ ചെയ്യാനാകൂ'- സചിന് 2014ൽ ഭാരത് രത്ന സമ്മാനിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പേ ലത മങ്കേഷ്കർ പറഞ്ഞു.
1983ൽ ലോഡ്സ് മൈതാനിയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ വീക്ഷിക്കാൻ ലത മങ്കേഷ്കറുമുണ്ടായിരുന്നു. ലോകകപ്പ് ജേതാക്കളായ ടീമിന് പാരിതോഷികം നൽകാനും ബി.സി.സി.ഐക്ക് കൈതാങ്ങേകിയത് ലതാജിയായിരുന്നു. ഡൽഹിയിൽ സംഗീത പരിപാടി സംഘടിപ്പിച്ചാണ് ലോകകപ്പ് ജേതാക്കൾക്ക് ലക്ഷം രൂപ പാരിതോഷികം നൽകാൻ ലതാജി ബി.സി.സി.ഐയെ സഹായിച്ചത്. മത്സരം ജയിച്ച ഇന്ത്യൻ ടീമിന് അവർ പിറ്റേദിവസം വിരുന്നൊരുക്കുകയും ചെയ്തു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 8.12ഓടെയായിരുന്നു ലത മങ്കേഷ്കറിന്റെ അന്ത്യം. നിര്യാണത്തെ തുടർന്ന് രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. മുംബൈ ദാദറിലെ ശിവജി പാർക്കിലാണ് അന്ത്യവിശ്രമം ഒരുക്കുക. 4 30ന് പ്രധാനമന്ത്രി മുംബൈയിൽ എത്തും
കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്നു ലതയെ ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സംഗീയാസ്വാദകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി അവർ വിട പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.