നാദരൂപിണി...... ഒഴുകട്ടെ ഇനിയും ഈ ഗാനനദി
text_fieldsമറ്റു ഭാഷാ സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി ആധുനിക മലയാളസമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മലയാളത്തിലെ ചലച്ചിത്ര ഗാനങ്ങൾ.1938ൽ പുറത്തിറങ്ങിയ ‘ബാലൻ’ എന്ന സിനിമയിൽ തുടങ്ങിയ മലയാള സിനിമ ചരിത്രത്തിൽ ചലച്ചിത്ര ഗാനങ്ങൾ മലയാള സിനിമയുടെയും മലയാള സമൂഹത്തിന്റെയും അവിഭാജ്യ ഘടകമായി മാറുന്നുണ്ട്. ഓരോ കാലങ്ങളിൽ പ്രതിഭാശാലികളായ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഗായകരും ചേർന്ന് ഈ ഗാനശാഖയെ സമ്പുഷ്ടമാക്കുകയും മലയാള സാംസ്കാരിക ജീവിതത്തിന്റെ രക്തധമനികളിലേക്ക് ശക്തമായ രീതിയിൽ പ്രവഹിക്കുകയും ചെയ്തു. ആധുനിക മലയാളിയുടെ സ്വത്വം നിർണയിക്കുന്നതിൽ ഇത് മുഖ്യമായ പങ്കുവഹിച്ചു.
അത്തരത്തിൽ ഒരു കാലഘട്ടത്തിലെ, ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ 40 വർഷങ്ങളിലെ മലയാളസമൂഹത്തിന്റെ ഭാവുകത്വം നിർണയിച്ച, പ്രത്യേകിച്ച് മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ടത്തിലെ കാല്പനിക ഭാവനകളെയും കാതരമായ ഗൃഹാതുര ഓർമകളെയും പ്രതിനിധാനം ചെയ്ത ഒട്ടനവധി പാട്ടുകൾ എം.ജി. ശ്രീകുമാർ പാടിയിട്ടുണ്ട്. മലയാളിയുടെ ബോധമണ്ഡലത്തിൽ ആഴത്തിൽ പതിഞ്ഞ പാട്ടുകളാണ് ഇവ. മലയാളിയെ നർമം കലർത്തി ചിരിപ്പിച്ചും കണ്ണ് നനയിപ്പിച്ചും ആർത്തുല്ലസിപ്പിച്ചും ഇദ്ദേഹം പാടി. ഇത്തരത്തിൽ പല പ്രകാരങ്ങളിൽ പകർന്നാടിയ അനേകം ഗാനങ്ങൾ അദ്ദേഹതിന്റേതായിട്ടുണ്ട്.
കാൽപനികഭാവം തുളുമ്പുന്ന റൊമാന്റിക് ഗാനങ്ങൾ പാടാനുള്ള എം.ജി. ശ്രീകുമാറിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്. ‘പാടം പൂത്തകാലം’, ‘പൊൻവീണേ’, ‘കറുത്ത പെണ്ണേ’ തുടങ്ങിയ ഗാനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. ലളിതമായ വരികൾക്ക് തന്റെ സ്വതഃസിദ്ധമായ ആലാപന ശൈലിയിലൂടെയും സ്വര ശാരീരത്തിലൂടെയും റൊമാന്റിക് ഭാവം കൊടുക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. തന്റെ ശബ്ദത്തിന്റെ ആരോഹണ അവരോഹണ ക്രമങ്ങളിലൂടെ മലയാളത്തിന്റെ പ്രണയ സങ്കല്പങ്ങൾ പ്രകടമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
പരമ്പരാഗത ശാസ്ത്രീയ സംഗീതത്തെ അതിന്റെ ശുദ്ധത ഒട്ടും ചോർന്നു പോകാതെ സിനിമാറ്റിക് രീതിയിൽ പുനരാവിഷ്കരിക്കുവാൻ എം.ജി. ശ്രീകുമാറിന് സാധിച്ചിട്ടുണ്ട്. ‘നഗുമോ മുഖനലെ’, ‘സ്വാമിനാഥ’ തുടങ്ങിയ കർണാടക സംഗീത കീർത്തനങ്ങൾ സിനിമക്കുവേണ്ടി അദ്ദേഹം ആലപിച്ചത് ഇതിനുദാഹരണമാണ്. ശാസ്ത്രീയ സംഗീത രീതിയിൽ ചിട്ടപ്പെടുത്തിയ ‘നാദരൂപിണീ ’എന്ന ഗാനത്തിന് മികച്ച ഗായകനുള്ള നാഷനൽ അവാർഡും അദ്ദേഹത്തിന് കിട്ടുകയുണ്ടായി. മലയാള ചലച്ചിത്ര സംഗീതം യേശുദാസ് മാത്രമായിരുന്ന കാലഘട്ടത്തിൽ പോലും തന്റേതായ ഒരിടം കണ്ടെത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ലളിതഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ജനഹൃദയങ്ങളിലേക്ക് ചേക്കേറാൻ കഴിഞ്ഞ ഒരു ഗായകൻ കൂടിയാണ് എം.ജി. ശ്രീകുമാർ. അദ്ദേഹത്തിന്റെ ലളിതവും അല്പം അനുനാസികം കലർന്ന ഗാംഭീര്യനാദം ഭക്തിസാന്ദ്രവും ചടുലവുമാർന്ന ഗാനങ്ങളിലൂടെ ആസ്വാദകർക്ക് അനിർവചനീയ അനുഭൂതി നൽകുന്നു. പല കാലങ്ങളിലും ഭാവങ്ങളിലും ഉള്ള ഗാനങ്ങൾ ആലപിക്കാൻ തക്കതായ സിദ്ധിയുള്ള ഗായകൻ കൂടിയാണ് എം.ജി. ശ്രീകുമാർ. ആരെയും ത്രസിപ്പിക്കുന്ന ഒട്ടേറെ ഫാസ്റ്റ് നമ്പേഴ്സ് അദ്ദേഹം പാടിയിട്ടുണ്ട്. ‘വേൽമുരുകാ’, ‘പടകാളി’, ‘ചന്ദനമണി സന്ധ്യകളുടെ’ തുടങ്ങിയ ഗാനങ്ങൾ പ്രധാനമാണ്.
മലയാളഭാഷ ഉള്ളിടത്തോളം കാലം എന്നും കേൾക്കാൻ കൊതിക്കുന്ന, ഒരു ഉത്തമ ഗായകന്റെ പ്രതിഭ വിളിച്ചോതുന്ന ധാരാളം പാട്ടുകൾ എം.ജി. ശ്രീകുമാർ എന്ന ഗായകനിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിൽനിന്ന് വരുകയും സിനിമാറ്റിക് മേഖലയിൽ തന്റെ സാന്നിധ്യം വളരെ പെട്ടെന്ന് സ്ഥാപിക്കുകയും ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ തനതായ ശബ്ദം മലയാളികളുടെ ആസ്വാദന ബോധമണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ നടനചാരുത പൂർണത കൈവരിച്ചിട്ടുള്ളത് ഗാനരംഗത്തിൽ ഇദ്ദേഹത്തിന്റെ പാട്ടുകളിലൂടെയാണ്. കർണാടക സംഗീതത്തിന്റെ ചുവടുപിടിച്ച് കൊണ്ടുതന്നെ, നാടോടി സംഗീതത്തിന്റെ ഇമ്പവും വഴക്കവും ചേർത്തൊരുക്കിയ ഒട്ടനവധി ഗാനങ്ങൾ മലയാളത്തിന് നൽകാൻ എം.ജി. ശ്രീകുമാറിന് കഴിഞ്ഞിട്ടുണ്ട്.
വളർന്നുവരുന്ന ഗായകർക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് നടത്തിവരുന്ന വിവിധ റിയാലിറ്റി ഷോകളിലെ ഒഴിച്ചുകൂടാനാകാത്ത ഒരു സാന്നിധ്യമാണ് എം.ജി. ശ്രീകുമാർ. സംഗീതത്തിലെ ഒടിവുകളും വളവുകളും ‘സംഗതി’കളുമെല്ലാം തന്റേതു മാത്രമായ നർമം കലർത്തിയുള്ള ഭാഷയിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 40 വർഷങ്ങൾ പൂർത്തിയാക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ഇനിയും ഒട്ടനവധി സർഗാത്മക സൃഷ്ടികൾ സംഗീത ലോകത്തിന് നൽകുവാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.