പാട്ട് കേട്ട് സ്ട്രെസ് കുറക്കാം; ഇന്ന് ലോക സംഗീത ദിനം
text_fieldsസംഗീതം ഇഷ്ടമല്ലാത്തവരായി ആരുമില്ല. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴുമെല്ലാം നമ്മൾ പാട്ട് കേൾക്കാറുണ്ട്. നമ്മുടെ പ്രിയപ്പെട്ട ട്രാക്കുകൾ ചിലത് വിഷാദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും നമ്മെ കരകയറ്റും. സംഗീതം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജൂൺ 21നാണ് ലോക സംഗീത ദിനം ആചരിക്കുന്നത്. 1982-ൽ ഫ്രാൻസിലാണ് ആദ്യമായി സംഗീത ദിനം ആചരിച്ചത്. ഈ ദിവസം യുവ-അമേച്വർ സംഗീതജ്ഞർ പാട്ടുകൾ പാടുന്നു. സംഗീത പ്രേമികൾ സൗജന്യ കച്ചേരികളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നു.
ഏത് തരത്തിലുള്ള സംഗീതമാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത് എന്നത് പ്രശ്നമല്ല, നിങ്ങൾക്ക് സൗജന്യമായി ഇതിൽ പങ്കെടുക്കാം. കൂടാതെ നിങ്ങൾക്ക് മുഴുവൻ കുടുംബത്തെയും ഉൾപ്പെടുത്താം. പുതിയൊരു ഇൻസ്ട്രുമെന്റ് പ്ലേ ചെയ്യാൻ ശ്രമിക്കുകയോ നിങ്ങളുടെ പ്ലേലിസ്റ്റിൽ സാധാരണ കേൾക്കാത്ത സംഗീതം കേൾക്കുകയോ ചെയ്യുന്നതിനുള്ള മികച്ച അവസരമാണിത്. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള ആയിരത്തിലധികം നഗരങ്ങൾ ലോക സംഗീത ദിനം ആഘോഷിച്ചിരുന്നു.
സംഗീതം ഒരു മികച്ച ക്രിയേറ്റീവ് ഔട്ട്‌ലെറ്റ് മാത്രമല്ല, ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. നിങ്ങൾ ഒരു പ്രത്യേക ഗാനം കേൾക്കുമ്പോൾ അത് സന്തോഷകരമായ ഒരു ഓർമ തിരികെ കൊണ്ടുവരും അല്ലെങ്കിൽ നിങ്ങൾക്ക് ഊർജ്ജസ്വലത പകരും. മാനസിക സംഘർഷം കുറയ്ക്കും. ഉത്കണ്ഠ കുറയ്ക്കാനും സംഗീതത്തിനാകും. കാൻസർ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ സംഗീതം ആസ്വദിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സാധിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഗീതം കേൾക്കുമ്പോൾ മസ്തിഷ്കം ഹാപ്പി ഹോർമോണായ ഡോപാമൈൻ പുറപ്പെടുവിക്കുന്നുതായി മോൺട്രിയൽ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഹോസ്പിറ്റലിന്റെ 'ദ ന്യൂറോ സയൻസ് ഓഫ് മ്യൂസിക്കൽ ചിൽ' എന്ന പഠനത്തിൽ പറയുന്നു. സംഗീതം കേൾക്കുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.