മാന്ത്രിക സൗഹൃദഗാനങ്ങൾ
text_fieldsഓരോ പാട്ടും ഓരോ ഓർമപ്പെടുത്തലാണ്. കടന്നുവന്ന വഴികളുടെയും കണ്ടുമുട്ടിയ ആളുകളുടെയും. ചിലതൊക്കെ സന്തോഷത്തിന്റെയും മറ്റു ചിലത് ഹൃദയത്തിൽ കൊളുത്തിവലിക്കുന്ന വേദനയുടെയും. പാട്ടുകളിഷ്ടപ്പെടാൻ നന്നായി പാടണമെന്ന് യാതൊരു നിബന്ധനയുമില്ലല്ലോ. ഒരുപക്ഷെ അർഥവത്തായ വരികളാകാം നമ്മുടെ മനസ്സിലിടംനേടുക, അല്ലെങ്കിൽ മാസ്മരിക സംഗീതമാവാം. അല്ലാതെ അതിന്റെ ശാസ്ത്രീയവശമായിരിക്കണമെന്നില്ല ആസ്വാദകരെ സ്വാധീനിക്കുന്നത്.
കുട്ടിക്കാലം മുതൽ പാട്ടു കേൾക്കാൻ ഇഷ്ടമാണ്, ആരും കേൾക്കാതെ പാടാനും. തൊണ്ണൂറുകളിൽ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവന്ന മലയാള സിനിമാഗാനങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രഗീതവും ഹിന്ദി സിനിമാഗാനങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രഹാറുമൊന്നും ഒരിക്കലും മുടക്കാറില്ലായിരുന്നു. ഗായികയൊന്നുമല്ലാതിരുന്നിട്ടുകൂടി, പാട്ടുപുസ്തകൾ നോക്കി പാട്ടു പഠിക്കുന്നതും പാടുന്നതുമെല്ലാം അന്നത്തെ സ്ഥിരം ഏർപ്പാടായിരുന്നു.
സിനിമാഗാനങ്ങൾ മാത്രമല്ല, കവിതകളും ഭക്തിഗാനങ്ങളും,ദേശഭക്തിഗാനങ്ങളുമെല്ലാം വളർച്ചയുടെ ഓരോ കാലഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. നവോദയ വിദ്യാലയത്തിൽ പഠിക്കുന്ന സമയത്ത്, അത്യുച്ചത്തിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് നിന്ന് വന്ദേമാതരവും മറ്റും പാടാതെ ഒരു സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവും കടന്നുപോയിരുന്നില്ല. പണ്ടൊക്കെ രാത്രി അരമണിക്കൂർ പവർകട്ട് ഉണ്ടായിരുന്നു. ആ നേരത്ത് വീട്ടിലെല്ലാവരും കൂടി അന്താക്ഷരികളിക്കുന്ന തിരക്കിലാവും. ഇഷ്ടപ്പെട്ട പാട്ടുകൾ എത്ര വേണമെങ്കിലും പാടാൻ കിട്ടുന്ന അവസരമായതുകൊണ്ടുതന്നെ, ആ അരമണിക്കൂറിനുവേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു.
പഴയ ഗാനങ്ങളെന്നോ പുതിയ ഗാനങ്ങളെന്നോ, അർഥസമ്പുഷ്ടമെന്നോ അടിപൊളിയെന്നോ വ്യത്യാസമില്ലാതെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. പക്ഷേ, ഓരോ മാനസികാവസ്ഥക്കും യോജിച്ച പാട്ടുകളെയാണ് കൂട്ടുപിടിക്കാറെന്നു മാത്രം. എന്റേത് എന്ന് മനസ്സ് മന്ത്രിച്ച, രണ്ട് പ്രിയ സുഹൃത്തുക്കളും അവരെ അടയാളപ്പെടുത്തുന്ന പാട്ടുകളും പറയാം. ഒന്ന് കണ്ടെത്തലിന്റെയാണെങ്കിൽ മറ്റേത് നഷ്ടപ്പെടുത്തലിന്റെയാണ്.
പ്ലസ്ടു പഠനശേഷം കോളജിലെത്തിയ നിഷ്കളങ്കയായ പതിനേഴുകാരി അവളുടെ ആത്മസുഹൃത്തിനെ കണ്ടെത്തിയത് ഒരു പാട്ടിലൂടെയായിരുന്നു. കൗമാരം യൗവനത്തിനു വഴിമാറിക്കൊണ്ടിരുന്ന ആ സമയത്ത്, സഹപാഠികൾ ചർച്ചചെയ്ത 'അതിനിഗൂഢമായൊരു' വിഷയത്തിനൊടുവിൽ, 'പാവത്താൻ' എന്ന് മുദ്രചാർത്തപ്പെട്ട, രണ്ടു പെൺകുട്ടികൾ ഒരേ സമയം യാദൃച്ഛികമായി ഒരേ പാട്ടിന്റെ വരികൾ ആലപിച്ചതിലൂടെയായിരുന്നു അത്.
''താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ..."
എന്നൊരു പഴയ പ്രശസ്ത സിനിമാഗാനമായിരുന്നു അത്. ഞങ്ങളൊക്കെ ജനിക്കുന്നതിനും എത്രയോ മുമ്പിറങ്ങിയ സിനിമാഗാനമായിരുന്നുവെങ്കിലും മനസ്സിൽ കുളിർമഴ പൊഴിക്കാൻ ആ വരികൾ ധാരാളമായിരുന്നു (അടിമകൾ എന്ന ചിത്രത്തിൽ വയലാറിന്റെ വരികൾക്ക് ദേവരാജൻ മാഷ് ഈണം നൽകി എ.എം. രാജ ആലപിച്ച മനോഹരമായ ഗാനം).
അന്നത്തെ പൊട്ടിച്ചിരിയുടെ അലയൊലികൾ ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു. വീണ്ടും ആ പഴയ സുന്ദരമായ കാലഘട്ടത്തിലേക്ക് ഓടിപ്പോകാൻ തോന്നിപ്പോകുന്നു. ഭാവിയോ ഭൂതമോ വർത്തമാനമോ ഒന്നും മനസ്സിനെ അലട്ടാതിരുന്ന സുവർണ കാലഘട്ടം.
കാലമെത്ര വേഗത്തിലാണ് മുന്നോട്ടുകുതിക്കുന്നത്. അന്നത്തെ പതിനേഴുകാരി ഭാര്യയും അമ്മയും ജോലിക്കാരിയുമെല്ലാമായ മുപ്പതുകാരിയായി. കുടുംബവും ജോലിയുമെല്ലാംകൂടി ഞാണിന്മേൽ കളിപോലെ കൊണ്ടുനടക്കാൻ പാടുപെടുന്ന ഒരു പെണ്ണ് ചിലപ്പോൾ സ്വയം മറന്നെന്ന് വരാം. അതായത്, പണ്ട് കുതിരവട്ടം പപ്പു ചേട്ടൻ പറഞ്ഞപോലെ "താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ'' എന്ന ഒരവസ്ഥ. ജീവിതത്തിലുണ്ടായിരുന്ന സ്വപ്നങ്ങൾ, നിറങ്ങൾ, സന്തോഷങ്ങൾ എന്നിവയെല്ലാം എന്തിനോ വേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടയിൽ നഷ്ടപ്പെട്ടുപോകാം. അപ്പോ അതെല്ലാം ഓർമപ്പെടുത്താനായി എവിടെനിന്നോ യാദൃച്ഛികമായി ചില മാലാഖമാർ വന്നുചേരും.
എന്റെ കൂടെ ജോലി ചെയ്യാൻ അങ്ങനെയൊരു കൂട്ടുകാരി വന്നെത്തി. അവളുടെ സംസാരവും കളിചിരികളും കുസൃതികളുമെല്ലാം എവിടെയോ മറന്നു വെച്ച സ്വത്വത്തെ വീണ്ടെടുക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ വീണ്ടും ജീവിതം ആസ്വദിക്കാൻ തുടങ്ങി, എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കാനും. ജോലിസ്ഥലത്തുണ്ടായ ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ ആ മാലാഖ പെട്ടെന്നൊരു നാൾ നിശ്ശബ്ദയായി, ട്രാൻസ്ഫറെന്ന ഭീകരനെ കൂട്ടുപിടിച്ച്, ഒരു വാക്കുപോലും പറയാതെ എന്നിൽനിന്നും എങ്ങോട്ടോ പറന്നുപോയി.
മരണത്തേക്കാൾ എത്രയോ ഭീകരമാണ് ജീവിച്ചിരിക്കെതന്നെ പ്രിയപ്പെട്ടവർ നമ്മെ വിസ്മരിക്കുന്നത്. അമൂല്യമെന്നു കരുതി ഹൃദയത്തിൽ കുടിയിരുത്തിയ സ്നേഹവും കരുതലുമെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിലും വലിയ മറ്റെന്ത് വേദനയാണീ ലോകത്തുള്ളത്. എങ്കിലും എന്നെങ്കിലും നിശ്ശബ്ദത വെടിഞ്ഞ്, എവിടെനിന്നോ എന്റെ ജീവിതത്തിലേക്ക് ഒരുപാട് സ്നേഹവുമായി വീണ്ടുമെൻ പ്രിയ സഖി കടന്നുവരുമെന്ന് ഇന്നും പ്രതീക്ഷിക്കുന്നു.
ആ മാലാഖ എന്നെ ഓർമപ്പെടുത്തുന്നത് കളിയാട്ടമെന്ന ചിത്രത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും സംഗീതവും നൽകി ഭാവന രാധാകൃഷ്ണൻ ആലപിച്ച ഗാനമാണ്.
"എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോട് പരിഭവം
ഒരുപാട് നാളായ് കാത്തിരുന്നൂ നീ
ഒരു നോക്കു കാണാൻ വന്നില്ല".
ഒരുപാടിഷ്ടഗാനങ്ങളുണ്ടെങ്കിലും ഈ രണ്ടു പാട്ടുകളും എന്റെ പ്രിയ ഗാനങ്ങളല്ല. എപ്പോഴും മൂളിനടക്കുന്ന വരികളുമല്ല. രണ്ടു പാട്ടുകളിലെ വരികൾക്കും സൗഹൃദവുമായി യാതൊരു ബന്ധവുമില്ലതാനും. പക്ഷേ, ഉള്ളിന്റെയുള്ളിൽ കയറിക്കൂടിയ പ്രിയ സുഹൃത്തുക്കളെ അടയാളപ്പെടുത്തുന്ന, ഒരുപാടൊരുപാട് ഓർമകളെ തഴുകിയുണർത്തുന്ന രണ്ടു മാന്ത്രിക സൗഹൃദഗാനങ്ങൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.