ചിത്ര ഗീതങ്ങൾ
text_fieldsമെലഡി ക്വീൻ, തെന്നിന്ത്യൻ വാനമ്പാടി, ഗന്ധർവ ഗായിക, ചിന്നക്കുയിൽ, കന്നട കോകില, പിയ ബസന്തി... വിശേഷണങ്ങൾ ഒരുപാടുണ്ട് മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്രക്ക്. ഓരോ പാട്ടിലും ചിത്രയുടെ മാന്ത്രികശബ്ദം കൂടി ചേരുമ്പോൾ അവ അനശ്വരമാകും. 25,000ത്തിലധികം പാട്ടുകൾ പാടിവിസ്മയിപ്പിച്ച കെ.എസ്. ചിത്രയുടെ 60ാം ജന്മദിനമാണ് ജൂലൈ 27ന്. ചിത്രവിശേഷങ്ങളിലൂടെ...
മൗനസരോവരമാകെ ഉണർന്നു
സിനിമ മേഖലയിൽ എത്തിപ്പെടണമെന്നോ അറിയപ്പെടുന്ന പാട്ടുകാരിയാകണമെന്നോ ഒരിക്കൽപോലും ചിന്തിച്ചിട്ടില്ല. എന്റെ ആഗ്രഹം, അല്ലെങ്കിൽ നടക്കുമെന്ന് അറിയാമായിരുന്നത് ഒന്നുമാത്രമായിരുന്നു; അധ്യാപകരായ മാതാപിതാക്കളെ പോലെ ഏതെങ്കിലും സ്കൂളിലോ കോളജിലോ അധ്യാപകജോലിയിൽ പ്രവേശിക്കുക. അതിനായി എം.എ മ്യൂസിക് മെയിൻ എടുത്ത് പഠിച്ചു. അതുകൊണ്ടുതന്നെ സ്കൂളിലോ കോളജിലോ അധ്യാപക ജോലികിട്ടും എന്നു മാത്രമായിരുന്നു പ്രതീക്ഷ. അധ്യാപനമാണ് എനിക്ക് ഇഷ്ടപ്പെട്ട പ്രഫഷൻ. എന്നാൽ, എന്റെ തലവര മറ്റൊന്നായിരുന്നു.
1979ൽ എം.ജി. രാധാകൃഷ്ണൻ വഴി ആദ്യമായി മലയാള സിനിമയിൽ പാടാൻ അവസരം ലഭിച്ചു. എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ ആദ്യഗാനം ആലപിച്ചു. പിന്നീട് ദാസേട്ടനോടൊപ്പം (കെ.ജെ. യേശുദാസ്) പാടാൻ സാധിച്ചു എന്നതായിരുന്നു പ്രധാനം. ദാസേട്ടന്റെ തരംഗിണി കാസറ്റ്സിലൂടെ ഒരുപാട് ഗാനങ്ങൾ ലഭിച്ചു.
അദ്ദേഹത്തിനൊപ്പം നടത്തിയ സംഗീത പരിപാടികളിലൂടെയായിരുന്നു തുടക്കം. അതിനുശേഷം ഇളയരാജ സാറിനൊപ്പം തമിഴിൽ അവസരം ലഭിച്ചു. പിന്നീട് മലയാളത്തിലും തമിഴിലും തെലുഗിലും ഹിന്ദിയിലുമെല്ലാം ഒരുപാട് സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുകയായിരുന്നു.
ഒരിക്കലും മുൻകൂട്ടി നിശ്ചയിച്ചതുപോലെയായിരുന്നില്ല എന്റെ കരിയർ. സിനിമ മേഖലയിൽ ഒരു വഴി തെളിഞ്ഞുവന്നു, അതിലൂടെ മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ സിനിമ മേഖലയിൽ പിടിച്ചുനിൽക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടില്ല. അച്ഛന് (സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻ നായർ) സുഖമില്ലാതിരുന്ന സമയത്തുപോലും അമ്മയോ കസിൻബ്രദേഴ്സോ മറ്റു ബന്ധുക്കൾക്കൊപ്പമോ എന്നെ പാട്ടുപാടാൻ അയക്കുമായിരുന്നു. ആ സമയത്തുപോലും ഒരു അവസരം നഷ്ടപ്പെടരുത് എന്ന ചിന്തയായിരുന്നു അച്ഛന്.
ആയിരം കണ്ണുമായ്
ഒരിക്കൽ ഇളയരാജ സാറിന്റെ സിനിമയിൽ റെക്കോഡിങ്ങിനിരിക്കുകയായിരുന്നു. ശ്രീകുമാരൻ തമ്പി സാർ ആയിരുന്നു പാട്ടെഴുതുന്നത്. സാർ അവിടെ വന്നിരുന്ന് പാട്ട് പറഞ്ഞുതരുമ്പോൾ എഴുതിയെടുക്കും. മലയാളത്തിൽ എഴുതുന്നത് കണ്ടപ്പോൾ സാർ പെട്ടെന്ന് പറഞ്ഞു. ‘ഹോ, കുറെ വർഷങ്ങൾക്കുശേഷം മലയാളത്തിലെഴുതി പാട്ടുപാടുന്ന ഒരു ഗായികയെ കിട്ടി’. പി. ലീല, എസ്. ജാനകിയമ്മ, പി. സുശീല, പി. മാധുരി തുടങ്ങിയവരായിരുന്നു അന്നത്തെ മലയാളത്തിലെ ഹിറ്റ് പാട്ടുകൾ പാടിയിരുന്നത്. ജാനകിയമ്മയുടെയൊക്കെ പാട്ടുകൾ അന്ന് എപ്പോഴും പാടിനടക്കുമായിരുന്നു.
1969 മുതൽ 1984 വരെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നതും ഇവരായിരുന്നു. പിന്നീട് 1985 മുതൽ 1995 വരെ സംസ്ഥാന അവാർഡ് നേടി. മലയാളികളല്ലെങ്കിലും മലയാളത്തിനോട് അത്രയും അടുപ്പമുള്ള, മലയാളികളായി ജീവിക്കുന്നവരാണ് അവരെല്ലാം. ഒരു മലയാളി പാട്ടുകാരിയെ ലഭിച്ചുവെന്ന് പറയുമ്പോൾ മലയാളത്തിൽനിന്ന് ഒരുപാടു പേർ മറ്റു ഭാഷകളിലും പാടാനെത്തുന്നുണ്ട്.
ഹിന്ദി പാട്ടുകൾ പാടാൻ പോകുമ്പോൾ ഹിന്ദി ഭാഷയിൽതന്നെയാണ് എഴുതിയെടുക്കുക. തെലുങ്ക് വായിക്കാനും എഴുതാനും അറിയാമെങ്കിലും കൂടുതൽ സൗകര്യം മലയാളത്തിലായതുകൊണ്ട് അവ മലയാളത്തിലെഴുതിയെടുക്കും. ശേഷമാണ് പാടുക. അപ്പോൾ അവിടെയുള്ളവർക്കും തെലുങ്ക് എഴുതി പാടുന്നവർ ഇല്ലയെന്ന ഇതേ ഫീലിങ് തന്നെയായിരിക്കും ഉണ്ടായിട്ടുണ്ടാകുകയെന്നാണ് ചിന്തിക്കുന്നത്. ആദ്യമായി ദേശീയ അവാർഡ് നേടിയത് (പാടറിയേൻ പഠിപ്പറിയേൻ... സിന്ധുഭൈരവി) തമിഴ് പാട്ടിലൂടെയായിരുന്നു. ആറ് ദേശീയ അവാർഡ് കിട്ടിയതിൽ രണ്ടെണ്ണം മലയാളത്തിൽനിന്നും മറ്റു നാലും മറ്റു ഭാഷകളിൽനിന്നുമായിരുന്നു.
ആലാപനം തേടും തായ്മനം
പണ്ടൊക്കെ സിനിമയുടെ പൂജ കഴിഞ്ഞാൽ ആദ്യം പാട്ട് റെക്കോഡിങ്ങായിരിക്കും. റെക്കോഡിങ് സ്റ്റുഡിയോയിൽ തന്നെയായിരിക്കും പൂജയും. അന്ന് ഒരു സിനിമയുടെ പാട്ടുകളുടെ ഓഡിയോ റൈറ്റ്സ് ആണ് ആദ്യത്തെ വരുമാനവും. പത്തിലധികം പാട്ടുകളുണ്ടായിരുന്നു ഓരോ ചിത്രങ്ങളിലും.
പിന്നീട് പാട്ടുകൾ ഇല്ലാത്ത ചിത്രങ്ങൾ പുറത്തിറക്കാൻ തുടങ്ങി. ഇപ്പോൾ വീണ്ടും പാട്ടുകളിലേക്ക് മടങ്ങിത്തുടങ്ങിയെന്നു പറയാം. വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിൽ ഒരുപാട് നല്ല പാട്ടുകളുണ്ടായിരുന്നു. മാലിക്കിലെ തീരമേ തീരമേ എന്ന ഗാനം എല്ലാവരും ആസ്വദിച്ചിരുന്നു. സിനിമയെക്കുറിച്ച് പറയുമ്പോൾതന്നെ അതിലെ പാട്ടുകളാണ് ആദ്യം മനസ്സിലേക്ക് വരുക. ടി.വിയിലും റേഡിയോയിലുമെല്ലാം കേട്ടും കണ്ടും പാട്ടുകളുടെ സീനുകൾ ഉൾപ്പെടെ മനസ്സിലേക്ക് കടന്നുവരും. വളരെക്കാലം കഴിയുമ്പോൾ സിനിമയോ അതിന്റെ കഥയോ മറന്നുപോയേക്കാം. എന്നാൽ അതിലെ പാട്ടുകളിലൂടെ ആ സിനിമകൾ ഓർത്തിരിക്കും. പാട്ടുകൾ എന്നും നിലനിൽക്കുകയും ചെയ്യും.
ഒരു മുറൈ വന്തു പാർത്തായാ...
ഇന്നത്തെ പുതു തലമുറക്ക് പാട്ടുകളോട് താൽപര്യമില്ല എന്ന് ഒരിക്കലും പറയാൻ പറ്റില്ല. കാരണം പുതിയ തലമുറയുടെ ജീവിതത്തിൽ പാട്ട് അവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. മിക്ക കുട്ടികളും ഹെഡ്സെറ്റ് വെച്ച് പാട്ടുകേട്ടാണ് നടക്കുക. ഹെഡ്സെറ്റ് വെച്ച് പാട്ട് ആസ്വദിച്ച് അവർ റോഡ് മുറിച്ചുകടക്കുമ്പോൾ പേടി തോന്നും.
മറ്റൊന്നും ശ്രദ്ധിക്കാതെ അവർ മുന്നോട്ടുനീങ്ങും. പുതിയ കുട്ടികൾ അവരുടെ ജോലിയുടെയും പഠനത്തിന്റെയും സ്ട്രസ് കുറക്കാനും പാട്ടിനെയാണ് കൂടുതലായി ആശ്രയിക്കുക. ഇപ്പോഴത്തെ വൈകുന്നേരങ്ങളിലെ മ്യൂസിക് ഇവൻറുകളിൽ സജീവമാണ് പലരും. സിനിമകളിൽ പാട്ടുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒത്തിരി നല്ല പാട്ടുകൾ മ്യൂസിക് ആൽബങ്ങളായും മറ്റും റിലീസ് ചെയ്യുന്നുണ്ട്. ഒരുപാട് പുതിയ ഗായകരും ഇതിലൂടെ പാട്ടിന്റെ ലോകത്തേക്ക് കടന്നുവരുന്നുണ്ട്.
രാജഹംസമേ മഴവില്‍ കുടിലിൽ
പണ്ടത്തെ പാട്ടുകളും ഇന്നത്തെ പാട്ടുകളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് പറയാം. പണ്ട് പാട്ടുകേൾക്കാനായി റേഡിയോ മാത്രമായിരുന്നു ഏക ആശ്രയം. ഇന്ന് കാലവും ആസ്വാദനവും മാറി. വിഷ്വൽ മീഡിയ ഒരുപാട് വലുതായി. റേഡിയോ കൂടാതെ ടി.വിയും ഫോണും ഐപാഡുമെല്ലാം ആസ്വാദനത്തിനുള്ള വഴികളായി. അവയിലൂടെ കൂടുതൽ വിഷ്വലുകൾ ആസ്വദിക്കാനും സാധിക്കും. എന്നാൽ ഇതിൽ രസകരമായ കാര്യം ഒന്നിൽ മാത്രം ശ്രദ്ധിക്കാൻ കഴിയാതെയായി എല്ലാവർക്കും എന്നതാണ്.
ആരും പാട്ടിന്റെ വരികൾ കേൾക്കാറില്ല, പാട്ട് മാത്രമായി കേൾക്കാറില്ല. വിഷ്വലുകൾക്കൊപ്പമാണ് പാട്ടിന്റെ ആസ്വാദനം. പാട്ടിന്റെ രൂപത്തിനും മാറ്റം വന്നു. പല്ലവിയും അനുപല്ലവിയും ചരണവുമൊക്കെയായി നാലരമിനിറ്റോളമുള്ള പാട്ട് ഇപ്പോൾ രണ്ടു മിനിറ്റിലേക്ക് ചുരുങ്ങി. പല്ലവിയും ചരണവും മാത്രമായി. പാട്ടിന്റെ ഫോർമാറ്റ് മാറി. മാലിക്കിലെ തീരമേ പാട്ടും അങ്ങനെയൊന്നായിരുന്നു. ഇപ്പോൾ കൂടുതലായി മെലഡി, താരാട്ടുപാട്ടുകൾ പാടാനാണ് ഓഫറുകൾ കൂടുതൽ വരുന്നത്. എന്തുകൊണ്ടാണെന്നറില്ല.
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ...
മലയാള സിനിമ പാട്ടുകളിൽ ഒരുപാട് വെസ്റ്റേൺ സാന്നിധ്യം വന്നുതുടങ്ങി. പഴയ പാട്ടുകൾ പുതിയ രൂപത്തിലാക്കി കവർ സോങ്ങുകളായി ഇറക്കാനും തുടങ്ങി. ഒരിക്കൽ ദോഹയിൽ ഒരു പരിപാടിയിൽവെച്ച്
‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ‘ എന്ന പാട്ട് ഞാൻ പാടി. അപ്പോൾ ഒരു കുട്ടി ഈ ചേച്ചി ഈ ബാൻഡിന്റെ പാട്ടൊക്കെ പാടുമോ എന്നാണ് ചോദിച്ചത്. അതിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ഞാനാണെന്ന് ആ കുട്ടിയോട് പറയേണ്ടിവന്നു. പുതിയ കുട്ടികൾ ഈ രൂപത്തിലെങ്കിലും ഈ പാട്ടുകൾ കേൾക്കുന്നുണ്ടല്ലോ എന്നതിലാണ് സന്തോഷം.
ഒരു പരിപാടിയിൽ ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ‘ എന്ന പാട്ട് പാടി. അപ്പോൾ ഒരു കുട്ടി ഈ ചേച്ചി ബാൻഡിന്റെ പാട്ടൊക്കെ പാടുമോ എന്നാണ് ചോദിച്ചത്. അതിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ഞാനാണെന്ന് ആ കുട്ടിയോട് പറയേണ്ടിവന്നു
താമരക്കിളി പാടുന്നു...
ഇളയരാജ, ജോൺസൺ മാഷ്, ദേവരാജൻ മാഷ്, ദക്ഷിണാമൂർത്തി, അർജുനൻ മാഷ് തുടങ്ങിയവർക്ക് പാട്ടിൽ ഇംപ്രൊവൈസേഷൻ ചെയ്യുന്നത് ഇഷ്ടമല്ല. അവർ മനസ്സിൽ കണ്ടതുതന്നെ ഗായകർ പാടി നൽകണം. എന്നാൽ, രവീന്ദ്രൻ മാഷ്, എസ്.പി. വെങ്കിടേഷ് തുടങ്ങിയവർ ചെറിയ ഇംപ്രൊവൈസേഷൻ എല്ലാം അനുവദിക്കും. ഗായകർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുന്നൊരാൾ എ.ആർ. റഹ്മാൻ ആണെന്ന് പറയേണ്ടിവരും. ഗായകരെ കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം പാട്ട് ചിട്ടപ്പെടുത്തുന്നത്. ഇംപ്രൊവൈസേഷൻ തെറ്റാണെന്ന് പറയാൻ കഴിയില്ല. എന്നാൽ, ആ പാട്ടിന്റെ രൂപം മാറ്റാതെ ചെയ്യണം. ഇല്ലെങ്കിൽ അത് കംപോസേഴ്സിന്റെ ഉള്ളിൽ വിഷമം ഉണ്ടാക്കും.
മനസ്സിൻ മടിയിലെ മാന്തളിരിൽ
ബാബുക്കയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത്രയും മനോഹരമായ പാട്ടുകൾ സൃഷ്ടിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജാനകിയമ്മ പാടിയ പാട്ടുകൾ പല വേദികളിലും ഞാൻ പാടിയിരുന്നു. അത് പറഞ്ഞപ്പോൾ ജാനകിയമ്മ ഒരിക്കൽ പറഞ്ഞു: ‘അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഒരുപാട് പാട്ടുകൾ നിന്നെക്കൊണ്ട് പാടിപ്പിച്ചേനേ. അത് നിനക്ക് ഒരു മിസ്സിങ് തന്നെയാണ്’. ദേവരാജൻ മാഷിന്റെയും അർജുനൻ മാഷിന്റെയും ദക്ഷിണാമൂർത്തി സാറിന്റെയുമൊക്കെ ഒപ്പം വർക്ക് ചെയ്യാൻ വലിയൊരു ഭാഗ്യം കിട്ടിയെന്നതിലാണ് വലിയ സന്തോഷം.
തീരമേ, തീരമേ നീറുമലകടലാഴമേ...
കോവിഡ് കാലത്തെ തീരാനഷ്ടങ്ങളിലൊന്നാണ് എസ്.പി. ബാലസുബ്രഹ്മണ്യം സാറിന്റേത്. എസ്.പി.ബി സാറിന്റെ വേർപാട് വലിയ വേദനയുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും 90 പ്ലസ് ആണ്. അതുകൊണ്ടുതന്നെ ഞാനും 90 പ്ലസ് ആയിരിക്കും. ഒരുപാട് വർഷം ജീവിച്ചിരിക്കും എന്നെല്ലാം എപ്പോഴും പറയുമായിരുന്നു. പെട്ടെന്ന് ഒരു മരണം ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ ആർക്കുവേണമെങ്കിലും ഇങ്ങനെ സംഭവിക്കാമല്ലോ എന്ന തിരിച്ചറിവ് വന്നുവെന്ന് പറയാം. അദ്ദേഹത്തിന്റേത് വലിയ ഒരു നഷ്ടമാണ്. എസ്.പി.ബിയുമായി ഒരുപാട് ഷോ ചെയ്യാൻ ഇരുന്നതായിരുന്നു. വലിയ ഷോക്കായിരുന്നു. അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഏറ്റവുമധികം ഡ്യുയറ്റ് പാടിയിരിക്കുന്നത് അദ്ദേഹത്തിനൊപ്പമാണ്. തെലുങ്കിലും തമിഴിലും ഒരുപാട് ഗാനങ്ങൾ സിനിമയിലും സ്റ്റേജിലും അദ്ദേഹത്തിനൊപ്പം ആലപിച്ചു.
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രീ...
ഒരുപാട് തിരക്കുകൾക്കിടയിൽനിന്ന് പെട്ടെന്ന് നിശ്ചലമായതായിരുന്നു കോവിഡ് കാലത്തെ ലോക്ഡൗൺ. ആദ്യത്തെ രണ്ടാഴ്ച വീട്ടിൽ ഭക്ഷണം കഴിച്ചും ഉറങ്ങിയും തീർത്തു. പിന്നീട് ടെൻഷനാകാൻ തുടങ്ങി. എന്തുചെയ്യും എന്ന പേടി വന്നു. എസ്.പി.ബി സാർ ആയിടക്ക് പാട്ടുകളുടെ നോട്ട്സ് അയച്ചുതരും, അതിന്റെ ശരിയായ ഉച്ഛാരണം അയച്ചുനൽകാൻ പറയും. ഫേസ്ബുക്ക് ലൈവിലൂടെ പാട്ടുപാടി നിരവധി പേരെ അദ്ദേഹം സഹായിച്ചിരുന്നു.
അപ്പോഴാണ് ഇങ്ങനെ ഒരുപാട് അവസരങ്ങൾ ഉണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കുന്നത്. ഇതോടെ ഞാനും ഫേസ്ബുക്ക് ലൈവിലൂടെ ഒന്നുരണ്ട് പ്രോഗ്രാമുകൾ ചെയ്തു. വിദേശത്തുള്ള കുട്ടികൾക്ക് ക്ലാസെടുത്തുനൽകാൻ തുടങ്ങി. ഒന്നരവർഷത്തോളം കുട്ടികൾക്ക് ക്ലാസെടുത്തു. പിന്നീട് മണിക്കൂറുകൾ അങ്ങനെ ഒറ്റയിരിപ്പിൽ ഇരിക്കേണ്ട സ്ഥിതിവരുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും മനസ്സിലാക്കിയപ്പോൾ അത് നിർത്തി. അതിലൂടെ ഒത്തിരി പാട്ടുകൾ പുതിയതും പഴയതും പഠിക്കാൻ കഴിഞ്ഞു. എസ്.പി.ബി സാർ ഡോക്ടർമാർക്കും നഴ്സുമാർക്കും ആദരമർപ്പിച്ച് ഒരു വിഡിയോ ഗാനം പുറത്തിറക്കിയിരുന്നു തെലുങ്കിൽ. അത് മലയാളത്തിലേക്ക് ചെയ്തപ്പോൾ അതിന്റെ ഭാഗമായിരുന്നു. റഫീഖ് അഹമ്മദാണ് അതിന്റെ വരികൾ തയാറാക്കിയത്.
ഒവ്വൊരു പൂക്കളുമേ...
ഒരുകാലത്ത് സൗത്ത് ഇന്ത്യൻ സിനിമയുടെ കേന്ദ്രം ചെന്നൈയായിരുന്നു. ഇപ്പോൾ അതുമാറി. കേരളത്തിലേക്കും സിനിമ വന്നു. ആദ്യകാലത്ത് ചെന്നൈയിൽ സ്ഥിരതാമസമാക്കണമെന്ന് വിചാരിച്ചിരുന്നില്ല. ചെന്നൈയിൽ റെക്കോഡിങ്ങിനെത്തിയാൽ ഏതെങ്കിലും ഹോട്ടലിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു പതിവ്. ഞാനും അമ്മയും മാത്രമായി റെക്കോഡിങ്ങിന് പോകാൻ തുടങ്ങിയപ്പോൾ താമസം, സുരക്ഷ എല്ലാം പ്രശ്നമായി. അതോടെ തരംഗിണി സ്റ്റുഡിയോയുടെ തൊട്ടടുത്ത് ഒരു വീടിന്റെ മുകളിൽ താമസം ആരംഭിച്ചു. പിന്നീട് ചെന്നൈയിൽതന്നെ ഒരു വീട് വെക്കുകയായിരുന്നു.
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി
എന്നെ ഇന്നും നിലനിർത്തിക്കൊണ്ടുപോകുന്നത് സംഗീതമാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ വന്നിട്ടും ഇന്നും ജീവിച്ചിരിക്കുന്നുവെങ്കിൽ അത് സംഗീതത്തിന്റെ ശക്തിയാണ്. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുടെ പ്രാർഥനയും ഇവിടെ നിൽക്കുന്നതിന് കാരണമാണ്. ശബ്ദത്തിന് ചെറിയ ഒരു മാറ്റം വരുന്ന ഭക്ഷണം പോലും കഴിക്കാൻ തയാറല്ല. എരിവുള്ള ഭക്ഷണം തൊട്ടുനോക്കാറില്ല. മാത്രമല്ല, എൻജോയ് ചെയ്യാൻവേണ്ടി മാത്രമായി എവിടെയും പോയിട്ടില്ല. ഒരുപാട് രാജ്യങ്ങളിൽ പോകുന്നുണ്ടെങ്കിലും വിമാനത്താവളം, ഹോട്ടൽ, വേദി എന്ന ഷെഡ്യൂൾ മാത്രമാണുള്ളത്. അല്ലാതെ കാണാൻവേണ്ടി മാത്രം പോയിട്ടുള്ളത് ജീവിതത്തിൽ ആകെ രണ്ടോ മൂന്നോ തവണ മാത്രമാണെന്ന് പറയാം.
(മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.