ശുഭ ഇനിയും പാടും, ‘സമ’ത്തിന്‍റെ സ്നേഹ ശബ്ദമായി
text_fieldsകരുനാഗപ്പള്ളി: റെക്കോർഡിങ് റൂമിന്‍റെ നിശബ്ദതയിൽ വീണ്ടും മൈക്കിനു മുന്നിൽ നിന്നപ്പോൾ ശുഭയുടെ കണ്ണുകൾ നിറഞ്ഞിരുന്നു; മനസ്സും. ജീവശ്വാസം പോലെ പ്രിയപ്പെട്ട സംഗീതത്തിന്‍റെ ലോകം എന്നേക്കുമായി അടഞ്ഞുപോയെന്നു കരുതിയിടത്തുനിന്നുള്ള തിരിച്ചുവരവായിരുന്നു അത്.
മലയാള നാടക പിന്നണി ഗാന രംഗത്ത് നിറഞ്ഞു നിന്ന ശുഭയുടെ ജീവിതത്തിലെ അശുഭ മുഹൂർത്തം ഒരു വർഷം മുമ്പായിരുന്നു. പക്ഷാഘാതത്തിന്‍റെ രൂപത്തിലായിരുന്നു ദൗർഭാഗ്യം പിടികൂടിയത്. തുടർന്ന് കേൾവിശക്തി തകരാറിലായി. ഉച്ചസ്ഥായിയിലുള്ള ശബ്ദവീചികൾ കേൾക്കാൻ കഴിയാതെയായി. അതോടെ സംഗീത രംഗത്തുനിന്ന് മാറി നിൽക്കേണ്ടിവന്നു.
അതിനിടയിലാണ് ഇ.എൻ.ടി ഡോക്ടർ സുനിൽ മാത്യുവിന്റെ നിരീക്ഷണത്തിൽ വിദേശനിർമിത ശ്രവണസഹായി ഉപയോഗിച്ച് കേൾവിക്കുറവ് പൂർണമായി പരിഹരിക്കാനാവും എന്ന ശുഭ വാർത്തയെത്തിയത്. പക്ഷേ, ആ ഉപകരണത്തിനാകട്ടെ ഏഴു ലക്ഷത്തോളം വിലയുണ്ട്. അത് താങ്ങാനുള്ള സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല ശുഭയുടെ കുടുംബം.
അപ്പോഴാണ് മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ ശുഭയ്ക്ക് താങ്ങായെത്തിയത്. ശുഭയുടെ സുഹൃത്തുക്കളുടെ പരിശ്രമങ്ങൾക്കൊപ്പം സമത്തിന്‍റെ കൈയും ചേർന്നപ്പോൾ ശ്രവണ സഹായി സ്വന്തമാക്കാനായി. കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ സമം ഭാരവാഹികൾ ശുഭയ്ക്ക് ശ്രവണസഹായയന്ത്രം കൈമാറി. സമം പ്രസിഡൻറ് സുദീപ് കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, ഭരണസമിതി അംഗങ്ങളായ ജി. ശ്രീറാം, അൻവർ സാദത്ത്, സംഗീതസംവിധായകൻ അഞ്ചൽ ഉദയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തുടർന്ന് ബി.കെ. ഹരിനാരായണൻ എഴുതി വിജേഷ് ഗോപാൽ സംഗീതം പകർന്ന കൃഷ്ണഭക്തിഗാനം ശുഭയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്തു. ഇനി പാടില്ലെന്നു കരുതിയിടത്തുനിന്നുള്ള തിരിച്ചുവരവോർത്ത് ശുഭയുടെ കണ്ണും മനസ്സും നിറഞ്ഞു. ഈ ഗാനം വിഷുദിനത്തിൽ പ്രമുഖരായ 20 ൽ പരം ചലച്ചിത്രപിന്നണിഗായകരുടെ ഫേസ്ബുക് പേജുകളിലൂടെ സമത്തിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
മലയാളനാടകപിന്നണി ഗാനരംഗത്ത് നിറഞ്ഞു നിന്നിരുന്ന ഗായികയാണ് ശുഭ രഘുനാഥ്. മികച്ച നാടക പിന്നണിഗായികക്കുള്ള സംസ്ഥാന അവാർഡ് അഞ്ചു തവണ (2010, 2016, 2017,2018,2022) നേടിയ ഗായികയാണ് ശുഭ. ഒട്ടനവധി ഭക്തിഗാന ആൽബങ്ങളിലും ഏതാനും ചലച്ചിത്രങ്ങളിലും ശുഭ പാടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.