‘ചായ കുടിച്ചു പിരിയാൻനേരം പങ്കജ് ഉധാസ് ഒരു കാര്യം ആവശ്യപ്പെട്ടു’ ഓർമ പങ്കുവെച്ച് സമദാനി
text_fieldsവിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസിനെ കുറിച്ച് എം.പി. അബ്ദുസമദ് സമദാനി എഴുതുന്നു...
പ്രിയങ്കരനായ പങ്കജ് ഉധാസ് നിര്യാതനായിരിക്കുന്നു.സ്വരങ്ങൾ വിഷാദമായി സിരകളിലേക്ക് പടരുന്നു. പരസഹസ്രം ജനങ്ങൾക്ക് ഏറെ സങ്കടം നൽകിക്കൊണ്ടാണ് അതിപ്രശസ്തനായ ഈ ഗസൽ ഗായകൻ വിടപറഞ്ഞിരിക്കുന്നത്.
ഒരേ സമയം കാവ്യശാഖയും സംഗീതശാഖയുമായിരിക്കുന്ന ഗസലിനെ അഭൗമികതലത്തിലേക്ക് ഉയർത്തി അതിൻ്റെ സാർവഭൗമനായിത്തീർന്ന മഹാ പ്രതിഭയാകുന്നു പങ്കജ് ഉധാസ്. പാടുന്ന ശൈലി കൊണ്ടും അകമ്പടിസംഗീതം കൊണ്ടും ഗസലിൻ്റെ വിശ്രുതിയും ജനകീയതയും അദ്ദേഹം ഏറെ വിപുലമാക്കി. പക്ഷെ, മറ്റെന്തിനെക്കാളും അദ്ദേഹത്തിന് തുണയായത് അനന്യസാധാരണമായ അദ്ദേഹത്തിൻ്റെ ശബ്ദം തന്നെയായിരുന്നു. ഗസലിൻ്റെ സംസ്കാരത്തിന് ഏറ്റവും അനുയോജ്യമായ ശബ്ദം. അത് ശ്രോതാക്കളെ വാനത്തേക്ക് ഉയർത്തുകയും സ്വയം സ്വരത്തിന്റെ മഹത്തായ ആരോഹണവും ബൃഹത്തായ ആകാശവുമായിത്തീരുകയും ചെയ്തു.
പങ്കജ് ഉധാസിന്റെ സ്നേഹത്തിൻ്റെ സൗന്ദര്യവും അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഹൃദയഹാരിയായ സന്ദർഭങ്ങളുടെ സൗരഭ്യവും ഒരിക്കലും മായുകയോ മറയുകയോ ചെയ്യുന്നില്ല. മുംബൈയിൽ അദ്ദേഹത്തിൻ്റെ വീട്ടിലിരുന്ന് മണിക്കൂറുകളോളം ഞങ്ങൾ സംസാരിക്കുകയുണ്ടായി. സംസാരത്തിനിടയിൽ തൻ്റെ ലൈബ്രറിയിലെ ഷെൽഫിൽ നിന്ന് ഉർദു കാവ്യസമാഹാര ഗ്രന്ഥങ്ങളെടുത്ത് അതിലെ വരികൾ അദ്ദേഹം പാടിയതും അതിൽ മതിമറന്നതും മറക്കാവതല്ല. ഉർദു /ഹിന്ദി ഭാഷാസൗകുമാര്യത്തിന്റെയും ഹിന്ദുസ്താനീ സംസ്കാരത്തിന്റെയും അതിശയകരമായ പ്രതീകം കൂടിയായിരുന്നു പങ്കജ് ഉധാസ്.
ഒരിക്കൽ ഒരു ഖത്തർ യാത്രയ്ക്കിടയിലുണ്ടായ രോമാഞ്ചജനകമായ സംഭവം ഓർത്തുപോകുന്നു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് അടുത്തദിവസം വലിയൊരു ഹോട്ടലിലെ ഗംഭീരമായ ഹാളിൽ പങ്കജ് ഉധാസിന്റെ ഗസൽ സദസ്സ് നടക്കുന്നുണ്ടെന്ന്. അത്യധികമായ ആഹ്ലാദത്തോടെ അദ്ദേഹത്തെ കാണാൻ ഞാൻ ഹോട്ടലിൽ പോയി. അദ്ദേഹം ഉള്ള്തുറന്ന് സ്വീകരിച്ചു. ഞങ്ങൾ ഏറെ സമയം സംസാരിച്ചിരുന്നു. ഒന്നിച്ച് ചായ കുടിച്ചു. പിരിയാൻനേരം പങ്കജ് ഉധാസ് ഒരു കാര്യം ആവശ്യപ്പെട്ടു. പിറ്റേന്ന് നടക്കുന്ന അദ്ദേഹത്തിന്റെ ഗസൽ പരിപാടിയുടെ ആമുഖം നിർവഹിക്കണമെന്ന്.
അതിനുള്ള ധൈര്യക്കുറവ് കാരണം ഞാൻ ആദ്യം മടിച്ചുനിന്നു. അദ്ദേഹം സ്നേഹപൂർവം നിർബന്ധിച്ചു. സംഘാടകരായ സുഹൃത്തുക്കളും ആവശ്യപ്പെട്ടപ്പോൾ അതിനു വഴങ്ങി. ലോകപ്രശസ്തനായ ഗസൽ ഗായകന്റെ പരിപാടിക്ക് ഉപക്രമം നിർവഹിക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല. എന്നിട്ടും ഞാനത് ചെയ്തു. എന്റെ എളിയ വാക്കുകൾ അദ്ദേഹത്തെ സന്തുഷ്ടനാക്കിയെന്നാണ് മനസ്സിലായത്. അപ്പോഴത്തെ പങ്കജ് ഉധാസിന്റെ തൂമന്ദഹാസവും സദസ്സിന്റെ കരഘോഷവും എന്നെ അത്ഭുതപ്പെടുത്തുന്നു.
അദ്ദേഹം പാടിയ ഏറെ കാലികപ്രസക്തമായ ഒരു ഗസൽ എടുത്ത് കോവിഡ് കാലത്ത് ഈ എളിയവൻ മൊഴിമാറ്റം നടത്തുകയും അതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ലക്ഷക്കണക്കിന് പേർ ആവേശത്തോടെ കേൾക്കുകയും ചെയ്തത് ഓർക്കുന്നു. അതേക്കുറിച്ച് പിന്നീട് ടെലഫോണിൽ വളരെ സന്തോഷത്തോടെ സംസാരിച്ചു. ചില സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ പിന്നീട് അറിയാനും ഇടയായി.
ഇന്ത്യയുടെ ബഹുസ്വരസംസ്കൃതിയുടെ വിസ്മയകരമായ സ്വരവിന്യാസമായിരുന്നു പങ്കജ് ഉധാസ്. അത്യപൂർവതയുള്ള ഗായകനും കലാകാരനും. നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ ആഴവും പരപ്പും ശക്തിസൗന്ദര്യങ്ങളും തിരിച്ചറിഞ്ഞ അദ്ദേഹത്തെപ്പോലുള്ളൊരു മഹാ പ്രതിഭയയുടെ വേർപാട് ക്ലേശങ്ങൾ നിറഞ്ഞ ഇതുപോലുള്ളൊരു കാലത്തിന് താങ്ങാവുന്നതല്ല. തണൽ ഏറെ ആവശ്യമായ ഒരു വീഥിയിലും കാലത്തും തണൽ മരങ്ങൾ ഒന്നൊന്നായി മറയുകയാണോ? എങ്കിൽ നമ്മളൊന്നിച്ചു ചേർന്ന് അവരൊക്കെ പകർന്നേകിയ മഹിതമായ സാംസ്കാരിക സ്തംഭങ്ങൾക്ക് കാവൽ നിൽക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.