അരികത്തായൊരാൾ പാടുന്നുണ്ട്...
text_fieldsഒരു പൂ വിരിയുന്ന സുഖമറിഞ്ഞ് മലയാളികൾ കാതോടു കാതോരം മൂളിയ നിരവധി മെലഡികളുടെ ഈണക്കാരനാണ് ഔസേപ്പച്ചൻ. മൂന്നരപ്പതിറ്റാണ്ടിനിടെ ഈണം പകർന്നത് 200 സിനിമകൾക്ക്. ഇപ്പോൾ 'എല്ലാം ശരിയാകും' എന്ന 200ാം സിനിമയിൽ വില്ലനായും 'അരങ്ങേറ്റം'. ഔസേപ്പച്ചന്‍റെ പാട്ടുവഴികളിലൂടെയൊരു യാത്ര...
'പ്രണയഗാനം പാടുവാനായി പ്രമദവനത്തിൽ വന്നു ഞാൻ/ വിരഹഗാനം പാടിപാടി പിരിഞ്ഞുപോകുകയാണ് ഞാൻ'
നിക്കറിട്ട്, ചുറുചുറുക്കോടെ ഒല്ലൂർ ഗവ. ഹൈസ്കൂളിന്റെ സ്റ്റേജിൽ കയറിനിന്ന് 'അനാർക്കലി' എന്ന സിനിമയിലെ പി. സുശീലയുടെ ഈ ഗാനം പാടുന്ന ഏഴുവയസ്സുകാരനിലാണ് എല്ലാവരുടെയും ശ്രദ്ധ. ഇടക്ക് അവൻ വരിയൊക്കെ മറന്നുപോകുന്നുണ്ട്. എങ്കിലും പതറാതെ അറിയാവുന്ന ഭാഗമൊക്കെ വീണ്ടും പാടിയൊപ്പിച്ച് ആളുകളെ ൈകയിലെടുത്തു. 'മ്മ്ടെ മേച്ചേരി ലൂയിസിന്‍റെ ക്ടാവാണ് ട്ടാ. ചെക്കൻ പൊളിക്കും' എന്ന് സദസ്സിലുള്ളവർ പരസ്പരം പറഞ്ഞത് വെറുതേയായില്ലെന്ന് പിന്നീട് കാലം തെളിയിച്ചു. വളർന്നുവലുതായ ആ പയ്യനിൽനിന്ന് പിറന്നത് ഒരു പൂ വിരിയുന്ന സുഖമറിഞ്ഞ് മലയാളികൾ കാതോട് കാതോരം മൂളിയ നിരവധി മെലഡികൾ.
മാസ്മരിക ഈണങ്ങളിലൂടെ അരികത്തായൊരാൾ പാടുന്നുണ്ടെന്ന് തോന്നിപ്പിച്ച് മലയാളിയുടെ മനസ്സിൽ ഇതുവരെ വന്നുണർന്നിടാത്ത പുതുരാഗങ്ങൾ സൃഷ്ടിച്ച സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആയിരുന്നു ആ ബാലൻ. മൂന്നരപ്പതിറ്റാണ്ടിൽ ഈണമിട്ട സിനിമകളുടെ എണ്ണം 200ൽ എത്തിനിൽക്കുേമ്പാഴും ആ ഏഴു വയസ്സുകാരന്‍റെ ജിജ്ഞാസയോടെയാണ് താൻ സംഗീതത്തെ സമീപിക്കുന്നതെന്ന് പറയുന്നു ഔസേപ്പച്ചൻ. 'വയലിനും സംഗീതവും എന്‍റെ ജീവന്‍റെയും ആത്മാവിന്റെയും ഭാഗമാണ്. വയലിൻ വായന, പാട്ടുകേൾക്കൽ, പാട്ടുചിട്ടപ്പെടുത്തൽ... എന്‍റെ ഹോബിയും പാഷനുമെല്ലാം ഇതാണ്. ഏതൊരു കാര്യവും സ്പോർട്സ് പോലും സംഗീതത്തിന്‍റെ പശ്ചാത്തലമുണ്ടെങ്കിലേ എനിക്ക് ആസ്വദിക്കാൻ കഴിയൂ. എന്‍റെ ഓരോ ശ്വാസത്തിലും സംഗീതമാണ്. അടുത്ത ശ്വാസത്തിൽ പുതിയതെന്ത് സംഗീതത്തിൽ പഠിക്കാം എന്നു തന്നെയാണ് എന്‍റെ ചിന്ത' -ആദ്യഗാനത്തിന്‍റെ വരികൾപോലെ തന്നെയാണ് ഔസേപ്പച്ചൻ സംഗീതത്തെ വിശേഷിപ്പിക്കുന്നത്-'നീ എൻ സർഗ സൗന്ദര്യമേ...'
ഓർമകളോടി കളിക്കുവാനെത്തുന്നു...
ഒൗസേപ്പച്ചന്‍റെ അപ്പൻ മേച്ചേരി ലൂയിസ് പണ്ടുകാലത്ത് ഒല്ലൂർ ഭാഗത്തെ അറിയപ്പെടുന്ന ഗായകനായിരുന്നു. മൈക്ക് ഒന്നും ഇല്ലാത്ത കാലത്തേ പാടിത്തുടങ്ങിയയാൾ. നല്ല കനമുള്ള ശബ്ദമുള്ളവർക്കേ അന്ന് പാടാൻ കഴിയൂ. മൈക്ക് ഇല്ലാത്തതിനാൽ എല്ലാവർക്കും കേൾക്കണമെങ്കിൽ അത് ആവശ്യമാണ്. ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളിയിലെ കുർബാനക്ക് അപ്പൻ പാടുന്നത് വീട്ടിലിരുന്നാൽ കേൾക്കാമായിരുന്നെന്ന് അമ്മ മാത്തിരി പറയുന്നത് ഇന്നുമോർക്കുന്നുണ്ട് ഔസേപ്പച്ചൻ. മുക്കിലും മൂലയിലും സംഗീതം നിറഞ്ഞുനിന്ന ആ വീട്ടിൽ 1954 സെപ്റ്റംബര്‍13നാണ് ഔസേപ്പച്ചൻ ജനിക്കുന്നത്.
മൂത്തചേട്ടൻ പോളി മനോഹരമായി വായിക്കുന്നതുകേട്ടാണ് വയലിനിന്‍റെ മാധുര്യത്തോട് ഔസേപ്പച്ചന് പ്രണയം തോന്നിത്തുടങ്ങുന്നത്. പിന്നെ മൂത്തസഹോദരൻ ആൻറണിയുടെ പാട്ട്. ദാസേട്ടന്‍റെ പാട്ടുകൾ അദ്ദേഹം കഴിഞ്ഞാൽ പിന്നെ ഭംഗിയായി പാടി താൻ കേട്ടിട്ടുള്ളത് ആൻറണിയിൽ നിന്നാണെന്ന് ഔസേപ്പച്ചൻ പറയുന്നു. അതൊക്കെ കേട്ടുപഠിച്ചതാണ് ഒല്ലൂർ ഗവ. ഹൈസ്കൂളിന്റെ സ്റ്റേജിൽ കയറിപാടാനുള്ള ധൈര്യം നൽകിയത്. നല്ല ഭാവസുന്ദരമായി പാടുന്നതിനാൽ അവിടെ തന്നെ അധ്യാപികയായ മൂത്ത സഹോദരി മേഴ്സി നല്ല പിന്തുണ നൽകിയിരുന്നു. മറ്റു സഹോദരങ്ങളായ ഫ്രാൻസിസ്, ആലീസ് (ഗായകൻ ഫ്രാങ്കോ സൈമണിന്‍റെ അമ്മ), അലോഷ്യ എന്നിവരും പ്രോത്സാഹിപ്പിച്ചതോടെ സംഗീതമാണ് തന്‍റെ ജീവിതമെന്ന് ചെറുപ്പത്തിൽ തന്നെ ഔസേപ്പച്ചൻ ഉറപ്പിച്ചു.
'വയലിനിന്‍റെ നാദം കേൾക്കുേമ്പാഴേ എനിക്കൊരു ആവേശമുണ്ടാകുമായിരുന്നു. അക്കാലത്തെ സേവ്യർ എന്ന പ്രശസ്തനായ വയലിനിസ്റ്റിന്‍റെ ആരാധകനായിരുന്നു ഞാൻ. ഒരിക്കൽ അദ്ദേഹത്തിന്‍റെ ഗാനമേള കാണാൻ പോയപ്പോൾ ഗ്രീന്‍ റൂമിൽ ചെന്ന് ആ ചെക്കോസ്ലാവാക്യൻ വയലിൻ എടുത്തുവായിക്കാൻ നോക്കുകയും അദ്ദേഹം കണ്ടുപിടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. 'ഇഷ്ടമാണെങ്കിൽ ഇവനെ പഠിപ്പിക്ക്' എന്ന് അദ്ദേഹം പോളി ചേട്ടനോട് പറയുകയും ചെയ്തു. എന്നാൽ, ആരും പഠിപ്പിച്ചില്ല. പോളി േചട്ടന്‍റെ വയലിൻ സ്വയം വായിച്ചാണ് ഞാൻ പഠിച്ചത്. അങ്ങനെയാണ് ഒല്ലൂർ സെൻറ് റാഫേൽസ് പള്ളിയിലെ ക്വയർ ഗ്രൂപ്പിൽ അംഗമാകുന്നത്. അന്നൊക്കെ പള്ളിയിൽ സുറിയാനി കുർബാനയാണ്. അതിൽ ഓർഗൻ വായിക്കണം. നിഷ്പ്രയാസം രണ്ടു കൈയുംകൊണ്ട് ഞാനന്ന് ഓർഗൻ വായിക്കും. സംഗീതം ആത്മാവിന്റെ ഭാഗമായതോടെ എന്നിൽ ഭക്തിയും നിറഞ്ഞു. സംഗീതത്തിലൂടെ ഞാൻ ഭക്തി ആസ്വദിക്കാൻ തുടങ്ങി. അതിന്‍റെ തുടർച്ചയെന്നോണം ഞാൻ സെമിനാരിയിലുമെത്തി'.
പാടുവാൻ നീ തീർത്ത മൺവീണ ഞാൻ...
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തുടങ്ങിയ സെമിനാരി ജീവിതത്തിലെ ഭക്തിസാന്ദ്രമായ സാഹചര്യം ഒരുകാര്യം ഔസേപ്പച്ചനെ പഠിപ്പിച്ചു. സംഗീതത്തിലൂടെ ഭക്തിയിലേക്കല്ല, ഭക്തിയിലൂടെ സംഗീതത്തിലേക്കാണ് തന്‍റെ സഞ്ചാരം. ഔസേപ്പച്ചനേക്കാൾ മുേമ്പ അവിടെ മറ്റൊരാൾ അത് മനസ്സിലാക്കി. സെമിനാരിയിലെ റെക്ടറച്ചൻ ഫാ. ആൻണി മാളിയേക്കൽ. ഔസേപ്പച്ചനിലെ സംഗീതം ദൈവിക വരദാനമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം അത് ഒളിപ്പിച്ചുവെക്കാനോ വഴിതിരിച്ചുവിടാനോ ശ്രമിച്ചില്ല. സെമിനാരിയിൽ രണ്ടര വർഷം പൂർത്തിയായപ്പോൾ അദ്ദേഹം ഔസേപ്പച്ചനെ വിളിപ്പിച്ചു: 'മോനേ, നിന്നെ ദൈവം ഈ ലോകത്തേക്ക് വിളിപ്പിച്ചിരിക്കുന്നത് ഇവിടേക്കല്ല. സംഗീതത്തിലേക്കാണ്. ഇവിടെ നിന്നാൽ അത് ശരിയാകില്ല. നീ പോയി നല്ല നിലയിൽ വാ' എന്നുപറഞ്ഞ് അനുഗ്രഹിച്ച് വിട്ടു.
'ഭരതേട്ടന്‍റെ നിർബന്ധപ്രകാരം 'കാതോട് കാതോര'ത്തിന് ഞാൻ സംഗീതം നൽകി, ഒ.എൻ.വി സാർ എഴുതിയ ആദ്യഗാനമായ 'നീ എൻ സർഗസൗന്ദര്യമേ'യിൽ തന്നെ ഈ അനുഗ്രഹത്തിന്‍റെ പൊരുൾ ഉണ്ടായിരുന്നു. 'നിന്‍റെ സങ്കീർത്തനം, സങ്കീർത്തനം, ഓരോ ഈണങ്ങളിൽ, പാടുവാൻ നീ തീർത്ത മൺവീണ ഞാൻ' എന്ന വരികളിൽ എന്‍റെ ജീവിതത്തെ, ഭാവിയെ ആണ് ഒ.എൻ.വി സാർ കുറിച്ചിട്ടത്. ഞാൻ അറിയാതെ ചെയ്ത ശരിയായിരുന്നു 'കാതോട് കാതോരം' എന്നു പറയാം. ആ സമയത്തൊന്നും എനിക്ക് പാട്ട് ഉണ്ടാക്കാൻ അറിയില്ല. സംഗീതം ഉണ്ടാക്കാനേ അറിയൂ. ഭരതേട്ടൻ പറഞ്ഞതനുസരിച്ച് ഞാൻ ഉണ്ടാക്കിയ ട്യൂണിന് ഒ.എൻ.വി സാർ വരികൾ പകർന്നപ്പോളാണ് അത് മാജിക് ആയത്. ഈണം െകാടുത്തു, അതിലേക്ക് വരികൾ വന്നു. വരികൾ ആദ്യം തന്നിരുന്നെങ്കിലും ഇതേ സംഗീതം നൽകുമായിരുന്നല്ലോ എന്ന ചിന്ത ആ രീതിയിൽ പാട്ടുകൾ ഉണ്ടാക്കാനും പഠിപ്പിച്ചു.
എന്‍റെ എല്ലാ കാര്യത്തിലും ഈ റിവേഴ്സ് എഫക്ട് ഉണ്ട്. സംഗീതത്തിലൂടെ ഭക്തിയിലെത്തിയിട്ട് വീണ്ടും സംഗീതത്തിലേക്ക് വന്നു. ട്യൂണിട്ട് വരികൾ എഴുതിച്ചിട്ട് പിന്നെ വരികൾക്ക് ഈണം നൽകുന്നതിലേക്ക് എത്തി. സംഗീതം മനസ്സിലാക്കി അതിൽ നിന്ന് നൊേട്ടഷൻസ് പഠിച്ചെടുത്തു. അങ്ങനെയങ്ങനെ... ഞാൻ അഗാധമായി വയലിൻ പഠിച്ചതാണെന്നാണ് എല്ലാവരും കരുതുന്നത്. അങ്ങനെയല്ല. പിന്നീട് 'മദ്രാസ് ചേംബർ ഓർക്കസ്ട്ര'യുടെ ഭാഗമായപ്പോഴാണ് ഞാൻ വയലിൻ ഔദ്യോഗികമായി പഠിക്കുന്നത്. അവിടെ ചേർന്നത് ഒരു ചെറിയ കള്ളം പറഞ്ഞിട്ടാണെന്നത് മറ്റൊരു തമാശ. എന്‍റെ വയലിൻ വായന കേട്ടിട്ട് അവർ ചോദിച്ചു ആരാണ് പഠിപ്പിച്ചതെന്ന്. ആരുടെ കീഴിലും പഠിച്ചിട്ടില്ലെന്ന് പറഞ്ഞാൽ അഡ്മിഷൻ കിട്ടിയില്ലെങ്കിലോ എന്നോർത്ത് ഞാൻ പറഞ്ഞു 'ലെസ്ലി പീറ്റർ' എന്ന്' -ഔസേപ്പച്ചൻ സംഗീതവഴിയിലെ ആദ്യ നാളുകൾ ഓർത്തെടുക്കുന്നു.
സെമിനാരിയിൽ പഠിക്കുേമ്പാൾ ഔസേപ്പച്ചൻ സെൻറ് തോമസ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥി കൂടിയാണ്. സംഗീതത്തിനുവേണ്ടി സെമിനാരി വിട്ടത് വീട്ടിൽ പ്രശ്നവുമായി. അക്കാലത്ത് ഒൗസേപ്പച്ചന്‍റെ സംഗീതത്തിലുള്ള താൽപര്യം കണ്ട് ഫാ. അഗസ്റ്റിൻ അക്കര ഒരു ഇറ്റാലിയൻ വയലിൻ സമ്മാനമായി നൽകി. ആ വയലിനുമായി റോഡിലൂടെ നടക്കുേമ്പാഴാണ് ഗിറ്റാറിസ്റ്റ് ആറ്റ്ലി ഔസേപ്പച്ചനെ കണ്ടെത്തി 'വോയ്സ് ഓഫ് ട്രിച്ചൂറി'ൽ ചേർക്കുന്നത്. ഇപ്പോഴത്തെ അരിയങ്ങാടിയിലെ ഒരു കെട്ടിടത്തിന്‍റെ മൂന്നാംനിലയിലുള്ള ആ കൊച്ചുമുറിയിലേക്കുള്ള ഗോവണിപ്പടി സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്കാണ് ഔസേപ്പച്ചനെ കൊണ്ടെത്തിച്ചത്. ൈകയിൽ കിട്ടുന്ന എല്ലാ വാദ്യോപകരണവും വായിക്കുന്ന ഒരു കുട്ടുകാരനെയും അവിടെ വെച്ച് ഔസേപ്പച്ചന് കിട്ടി-മലയാളികളുടെ സ്വന്തം േജാൺസൻ മാഷ്.
ഹൃദയസങ്കീർത്തനങ്ങൾ ശ്രുതിപകർന്ന കാലം...
ഗായകൻ പി. ജയചന്ദ്രൻ വഴി സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ അടുത്തെത്താൻ കഴിഞ്ഞതാണ് ഒൗസേപ്പച്ചന്‍റെയും ജോൺസന്‍റെയും ജീവിതത്തെ മാറ്റി മറിച്ചത്. മാസ്റ്ററുടെ ഗുഡ് ബുക്കിൽ ഇടംപിടിച്ച ഇരുവരും മദ്രാസിലെത്തി. അതിനുമുമ്പ് ഓൾ ഇന്ത്യ റേഡിയോയിൽ നിയമനത്തിനുള്ള ലിസ്റ്റിൽ ഔസേപ്പച്ചൻ ഇടംപിടിച്ചെങ്കിലും എന്തോ കാരണങ്ങളാൽ അത് റദ്ദായി. ഈ നിരാശ മാറ്റാൻ വേണ്ടി മദ്രാസിലെത്തി ദേവരാജൻ മാസ്റ്ററിന്റെ പാട്ടുകൾക്കുവേണ്ടി വയലിൻ വായിച്ചുതുടങ്ങിയ ഔസേപ്പച്ചൻ പിന്നീട് അന്നത്തെ തിരക്കുള്ള സംഗീത സംവിധായകരുടെ റെക്കോഡിങ്ങിലെല്ലാം വയലിനുമായെത്തി.
ഇളയരാജ, എം.എസ്. വിശ്വനാഥൻ, കെ.വി. മഹാദേവൻ, ദക്ഷിണാമൂർത്തി, അർജുനൻ മാസ്റ്റർ, ലക്ഷമീകാന്ത് പ്യാരേലാൽ, ആർ.ഡി. ബർമൻ, നൗഷാദ് എന്നിവരുടെയെല്ലാം പ്രിയപ്പെട്ട വയലിനിസ്റ്റ് ആയി ഔസേപ്പച്ചൻ മാറാൻ അധികം നാളെടുത്തില്ല. ആയിടക്കാണ് സ്റ്റുഡിയോക്ക് പുറത്തുള്ള മരത്തിന്‍റെ ചുവട്ടിൽ ഔസേപ്പച്ചൻ വയലിൻ വായിച്ചിരിക്കുന്നതിന്‍റെ ദൃശ്യഭംഗി കണ്ട് ഭരതൻ 'ആരവ'ത്തിൽ വയലിനിസ്റ്റായി അഭിനയിക്കാൻ ക്ഷണിക്കുന്നത്. ഹൊഗനക്കലിലെ ലൊക്കേഷനിൽ അഭിനയിച്ചുകൊണ്ടിരിക്കുേമ്പാൾ ഓരോ സീനിന്റെയും മൂഡ് അനുസരിച്ച് ഔസേപ്പച്ചൻ വയലിൻ വായിക്കുമായിരുന്നു. അതൊരു നിമിത്തമായി. നാഗ്രയിൽ പതിഞ്ഞ ആ ബിറ്റുകൾ സീനുകൾക്ക് വളരെ അനുയോജ്യമാണെന്ന് തോന്നിയ ഭരതൻ 'ആരവ'ത്തിന്‍റെ റീ റെക്കോഡിങ് ഒൗസേപ്പച്ചനെ ഏൽപിച്ചു. പിന്നീട് ഭരതൻ സംഗീതം നൽകിയ 'ഈണം' എന്ന സിനിമയിലെ പാട്ടുകളുടെ ഓർക്കസ്ട്രേഷൻ-റീ റെക്കോഡിങ് ചുമതലയും ഔസേപ്പച്ചനായിരുന്നു. അങ്ങനെയാണ് 1985ൽ 'കാതോട് കാതോര'ത്തിലെ പാട്ടുകൾ ചെയ്യാൻ ഭരതൻ വിളിക്കുന്നത്. പിന്നെ 2021ൽ റിലീസ് ചെയ്ത് 'എല്ലാം ശരിയാകും' എന്ന സിനിമ വരെയുള്ള മലയാളികളുടെ മനസ്സിൽ പാടിപ്പതിഞ്ഞ എത്രയെത്ര ഗാനങ്ങൾ... കെ.ജി. േജാർജ്, ജോഷി, ഫാസിൽ, കമൽ, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ ഹിറ്റുകളിലൂടെയുള്ള പ്രയാണം.
'ചിലമ്പ് ഒക്കെ ചെയ്യുേമ്പാളാണ് എനിക്ക് ശരിക്കുള്ള തിരിച്ചറിവൊക്കെ ആയത്. ആരഭി രാഗത്തിൽ ആരോഹണവും അവരോഹണവും മൂളാനാണ് ഭരതേട്ടൻ ആദ്യം പറഞ്ഞത്. മൂളി വന്നപ്പോൾ ഒരിടത്ത് 'പുടമുറികല്യാണം' ചേർക്കാൻ പറഞ്ഞു. അങ്ങനെ ഓരോ പാട്ടും ഓരോ പാഠങ്ങളായി. കാലത്തിന് മുേമ്പ നടന്ന് ചെയ്തതു കൊണ്ടാകാം എന്‍റെ ചില പാട്ടുകൾ ചെയ്ത കാലത്ത് ശ്രദ്ധിക്കപ്പെട്ടതുമില്ല. മലയാളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സോങ് ചെയ്തത് ഞാനാണ്. 'വീണ്ടും' എന്ന രണ്ടാമത്തെ സിനിമയിൽ തന്നെ. ആ മമ്മൂട്ടി ചിത്രത്തിലെ 'തേനൂറും മലർ പൂത്ത പൂവാടിയിൽ', 'ദൂരെ മാമലയിൽ' എന്നീ പാട്ടുകൾ ആണ് അവ. കമ്പ്യൂട്ടർ വന്നാൽ മ്യുസിഷന്‍റെ ജോലി പോകും എന്ന തെറ്റിദ്ധാരണയായിരുന്നു അന്ന്. പക്ഷേ, ലൈവിനൊപ്പം നിൽക്കാൻ ഒരു കമ്പ്യൂട്ടറിനും കഴിയില്ല. പക്ഷേ, വായിച്ചത് അല്ലെങ്കിൽ പാടിയത് പെർഫെക്ട് ആക്കാൻ പറ്റും. നാം പുതിയ കാര്യങ്ങളെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമല്ലേ ലോകത്തിനൊപ്പം ഓടാൻ കഴിയൂ' -ഔസേപ്പച്ചൻ പറയുന്നു.
എൻ പ്രാണനിലുണരും ഗാനം...
'എനിക്ക് പഴയ പാട്ടുകൾ വളരെ ഇഷ്ടമാണ്. പക്ഷേ, ഞാൻ ചെയ്യുേമ്പാൾ പാട്ട് വ്യത്യസ്തമാകണം എന്ന നിർബന്ധമുണ്ട്. എത്ര നന്നായി ചെയ്താലും അതിന്‍റെ ചിത്രീകരണം അല്ലെങ്കിൽ കഥാസന്ദർഭം ഒക്കെ ആകർഷകമല്ലെങ്കിൽ ഹിറ്റാകില്ല. എന്‍റെ പ്രാണനിലുണർന്ന പല ഗാനങ്ങളും വർഷങ്ങൾക്ക്ു ശേഷമാണ് അതിന്‍റെ ക്വാളിറ്റി തിരിച്ചറിഞ്ഞ് ഹിറ്റായിട്ടുള്ളത്. പരിചയമുള്ളത് കാണുേമ്പാൾ ഇഷ്ടപ്പെടുകയും അല്ലാത്തത് അത്ഭുതമായി തോന്നുകയും ചെയ്യുന്ന മനുഷ്യന്‍റെ സ്വഭാവം കൊണ്ടാണത്. വ്യത്യസ്തത സ്വീകരിക്കാൻ അൽപം മടികാണിക്കും. ഇപ്പോൾ പുതിയ തലമുറയിലെ ചിലരുടെ പാട്ട് കേൾക്കുേമ്പാൾ അതിലെ വ്യത്യസ്തത കൊണ്ട് ഞാൻ ശ്രദ്ധിക്കും. പക്ഷേ, സൂക്ഷ്മമായി കേൾക്കുേമ്പാഴാണ് അതേ ജോണറിൽ വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്ത ഏതെങ്കിലും ട്യൂണുമായുള്ള സാമ്യം കൊണ്ടാണ് ആ വ്യത്യസ്തത എനിക്ക് ഫീൽ ചെയ്തതെന്ന് മനസ്സിലാകുക. അന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. പിന്നീട് പരാമർശിക്കപ്പെടും.
പുതിയ തലമുറ ഇപ്പോൾ ടിക്ടോക്കിലൂടെയും സ്മ്യൂളിലൂടെയുമൊക്കെ പണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ എന്‍റെ നല്ല ഗാനങ്ങളിലേക്ക് പുതിയ ജനാല തുറക്കാറുണ്ട് എന്നത് വളരെ സന്തോഷം നൽകുന്നു. 'എന്‍റെ സൂര്യപുത്രൻ' എന്ന സിനിമയിലെ 'പഞ്ചവർണക്കുളിരെ പാലാഴി കടവിൽ വരുമോ കൂടെ വരുമോ' എന്ന പാട്ടൊക്കെ അങ്ങനെ പിന്നീട് ഹിറ്റായവയാണ്. ഒരു വയലിനിസ്റ്റ് ആയതുകൊണ്ട് ഞാൻ സംഗതികളേക്കാളേറെ ഫീലിനാണ് പ്രാധാന്യം നൽകുന്നത്. സംഗതി അൽപം തെറ്റിയാലും ഫീൽ കിട്ടിയാൽ അതിൽ ഒരഴക് ഉണ്ടാകും. വയലിനിനെയും എന്നെയും തമ്മിൽ പിരിക്കാൻ പറ്റില്ല. 13ാം വയസ്സിൽ തുടങ്ങിയ ബന്ധമാണത്'- വയലിൻ തന്‍റെ പ്രാണന്‍റെ ഭാഗമാണെന്ന് പറയുന്നു ഔസേപ്പച്ചൻ.
'ഡാം 999' എന്ന ഇംഗ്ലീഷ് ചിത്രത്തിനും ഔസേപ്പച്ചൻ സംഗീതം നൽകിയിട്ടുണ്ട്. ഹിന്ദി ചിത്രങ്ങളായ 'ഫ്രീക്കി ചക്ര'യിലെ ഗാനങ്ങളും 'ആക്രോശ്', 'ഖട്ടാ മീട്ട', 'ബം ബം ബോലെ' എന്നിവകളുടെ പശ്ചാത്തല സംഗീതവും അദ്ദേഹമാണ് ചെയ്തത്. 200 സിനിമകൾ കൂടാതെ 'ഓണപ്പൂത്താലം', 'വസന്തഗീതങ്ങൾ' തുടങ്ങിയ ആൽബങ്ങളും ധാരാളം ക്രിസ്തീയ ഭക്തിഗാനങ്ങളും അദ്ദേഹത്തിന്‍റെ സംഗീതത്തിലിറങ്ങി. മികച്ച സംഗീത സംവിധായകനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ഞാനൊരു പാട്ടുപാടാം...
ഗായകനെന്ന നിലക്കും തന്നെ ഔസേപ്പച്ചൻ സിനിമാ സംഗീതലോകത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. പോൾ ബാബു സംവിധാനം ചെയ്ത 'മൃത്യുഞ്ജയം' എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി പാടിയത്. പൂവച്ചൽ ഖാദർ എഴുതിയ 'പ്രിയദേ' എന്ന് തുടങ്ങുന്ന ഗാനം അന്ന് അമേരിക്കയിലായിരുന്ന യേശുദാസിന് കൊടുത്തയക്കാൻ ട്രാക്ക് പാടിയത് ഔസേപ്പച്ചനാണ്. ട്രാക്ക് കേട്ട് ഇഷ്ടപ്പെട്ട പോൾ ബാബു 'ഇതിനി അമേരിക്കക്ക് കൊടുത്തയക്കണ്ട. ഇത് ഉപയോഗിക്കാം' എന്ന് പറഞ്ഞു പ്രതിഫലമെന്നോണം 101 രൂപയും നൽകി. ഏറെ നാൾ ഔസേപ്പച്ചന്‍റെ ശിഷ്യനായിരുന്നു പ്രമുഖ സംഗീത സംവിധായകൻ വിദ്യാസാഗർ. അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ് ഔസേപ്പച്ചന്‍റെ ശബ്ദം. അങ്ങനെയാണ് വിദ്യാസാഗർ സംഗീതം ചെയ്ത 'കർണൻ' എന്ന സിനിമയിലെ 'ഹലോ ചെല്ലമ്മ' എന്ന പാട്ട് ഔസേപ്പച്ചനും സ്വർണലതയും ചേർന്നുപാടുന്നത്. ഔസേപ്പച്ചൻ എന്നു പറയാൻ തമിഴർക്ക് ബുദ്ധിമുട്ട് ആയതിനാൽ ആ പാട്ടിന്‍റെ ക്രഡിറ്റിൽ 'ചേട്ടൻ' എന്നാണ് പേര് ചേർത്തിരിക്കുന്നത് എന്നുമാത്രം. ജയറാം നായകനായ 'മുറൈ മാമൻ' തുടങ്ങി തമിഴിലും തെലുങ്കിലുമായി ആറോളം പാട്ടുകൾ ഔസേപ്പച്ചൻ വിദ്യാസാഗറിനായി പാടിയിട്ടുണ്ട്.
'അറേബ്യ' എന്ന സിനിമക്കുവേണ്ടി ഔസേപ്പച്ചൻ തന്നെ ഈണമിട്ട് പാടിയ 'ഓ ചാന്ദ്നി സജ്നി' എ.ആർ. റഹ്മാന് ഏറെ ഇഷ്ടപ്പെട്ട പാട്ടാണ്. തനിക്കുവേണ്ടി ഒരു പാട്ട് പാടാമോ എന്ന് ഒരിക്കൽ റഹ്മാൻ ചോദിച്ചതാണ്. റഹ്മാന്റെ പാട്ടുകൾ പാടാൻ ഗായകർ നിരനിരയായി നിൽക്കുന്ന സമയമാണ്. 'നിനക്കു വേണ്ടി ഞാൻ വയലിൻ വായിക്കുന്നുണ്ടല്ലോ. അതുമതി, നിന്‍റെ പാട്ടുകൾ ജനങ്ങൾക്ക് വളരെ ഇഷ്ടമാണ്. അത് ആ വഴിക്ക് പൊക്കോട്ടെ' എന്നായിരുന്നു ഔസേപ്പച്ചന്‍റെ മറുപടി. ഔസേപ്പച്ചന്‍റെ പാട്ടുകൾക്ക് കീബോർഡ് വായിച്ചിട്ടുള്ള റഹ്മാൻ അദ്ദേഹത്തിന്‍റെ 200ാം സിനിമയിലെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ...
തന്‍റെ പാട്ടുജീവിതത്തിലെ 200ാം സിനിമയിൽ അഭിനേതാവിന്‍റെ വേഷം കൂടി ഔസേപ്പച്ചൻ എടുത്തണിഞ്ഞിട്ടുണ്ട്. അതും കൊലപാതകമൊക്കെ നടത്തുന്ന വില്ലനായി. പാട്ടിലെ മാന്ത്രികത ഔസേപ്പച്ചൻ അഭിനയത്തിലും കാണിച്ചു. സിനിമ റിലീസായതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കാൻ വിളിച്ചത്. 'ആത്മാവ് കൊണ്ടും മനസ്സു കൊണ്ടുമാണ് ഞാൻ സംഗീതം ചെയ്യുന്നത്. എങ്കിലേ ഭാവം കൃത്യമായി വരൂ. പാടുേമ്പാഴും സംസാരിക്കുേമ്പാഴുമെല്ലാം ഇതു തന്നെയാണ് എന്‍റെ രീതി. അഭിനയിച്ചപ്പോഴും അങ്ങനെ തന്നെ. അതുെകാണ്ടാണ് ആ വേഷം ഭംഗിയാക്കാൻ പറ്റിയത്. അവർ പറഞ്ഞുതന്ന ഡയലോഗ് ഒന്നുമല്ല ഞാൻ പറഞ്ഞത്. എേന്റതായ രീതിയിൽ ഞാനത് മാറ്റിയെടുത്തപ്പോൾ എനിക്ക് അനുയോജ്യമായി. പക്ഷേ, ബാലു വർഗീസിന്‍റെ കഥാപാത്രത്തെ കുത്തുകയും കഴുത്തിൽ ചവിട്ടി ഞെരിച്ച് ചളിയിൽ മുക്കി കൊല്ലുകയുമൊക്കെ ചെയ്യുന്ന സീൻ എനിക്ക് വളരെ വേദനയുണ്ടാക്കി. സീൻ ചിത്രീകരിച്ച് കഴിഞ്ഞയുടൻ ഞാൻ ബാലുവിനെ കെട്ടിപ്പിടിച്ച് സോറി പറഞ്ഞു'- ഷൂട്ടിങ്ങിനിടയിലെ മറക്കാനാവാത്ത നിമിഷമായിരുന്നു ഔസേപ്പച്ചന് അത്. സിനിമ കണ്ട് പല സംവിധായകരും ഒൗസേപ്പച്ചനെ വിളിച്ചുപറഞ്ഞത് ഇതാണ് -'സാറേ ആ ജുബ്ബ ഇനി കളയണ്ട, നമുക്ക് ഇനിയും ആവശ്യം വരും'.
ഇനിയെന്തു നൽകണം, ഞാനിനിയുമെന്ത് നൽകണം...
'ഓംക' എന്നാണ് ഔസേപ്പച്ചന്‍റെ വീട്ടിൽ തന്നെയുള്ള സ്റ്റുഡിയോയുടെ പേര്. അദ്ദേഹത്തിന്‍റെയും ഭാര്യ മറിയം, മക്കളായ കിരൺ, അരുൺ എന്നിവരുടെയും പേരിന്‍റെ ആദ്യ അക്ഷരം ചേർത്താണ് സ്റ്റുഡിയോക്ക് പേരിട്ടിരിക്കുന്നത്. ഇവിടെയും ചെന്നൈയിലുമൊക്കെയായി സിനിമ സംഗീതരംഗത്ത് നിരവധി പേരാണ് ഔസേപ്പച്ചനൊപ്പം പ്രവർത്തിച്ചിരിക്കുന്നത്. ആദ്യകാലത്ത് ജോൺ ആന്‍റണി എന്ന മികച്ച ഗിറ്റാറിസ്റ്റ് ആയിരുന്നു സഹായി. കുറച്ചുകഴിഞ്ഞ് അദ്ദേഹം കന്നടയിലും തെലുങ്കിലുമൊക്കെ പോയി. തമിഴിലെ മുൻനിര സംഗീത സംവിധായകരായ വിദ്യാസാഗർ, ഹാരിസ് ജയരാജ്, തെലുങ്കിലെ മണി ശർമ എന്നിവരും ഏറെക്കാലം ഔസേപ്പച്ചന്‍റെ ശിഷ്യരായിരുന്നു.
ഹാരിസ് ജയരാജ് പോയ ശേഷം 14 വർഷത്തോളം സംഗീത സംവിധായകൻ ഗോപി സുന്ദർ ആയിരുന്നു പ്രധാന ശിഷ്യൻ. ഗോപിക്ക് തിരക്കായപ്പോൾ വില്യം ഫ്രാൻസിസ് വന്നു. ഇപ്പോൾ വില്യമും സ്വന്തമായി പാട്ടുകൾ ചെയ്ത് തുടങ്ങി. 'എന്നും അക്കാലത്തെ യുവതലമുറക്കൊപ്പമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. അപ്പോൾ ഞാനും ചെറുപ്പമാകുന്നത് എന്‍റെ പാട്ടുകളിൽ പ്രതിഫലിക്കാറുമുണ്ട്. എപ്പോഴും ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചിട്ടുള്ളയാളാണ് ഞാൻ. ഒരാൾ വിട്ടുപോകുമ്പോൾ ആ സ്ഥാനത്ത് ദൈവം മറ്റൊരാളെ കൊണ്ടുവന്നുതരും. അങ്ങനെ എനിക്കൊപ്പം വളർന്ന എത്ര തലമുറകൾ. ഇപ്പോൾ ഗോപി സുന്ദറിന്‍റെ മകൻ മാധവ് സുന്ദർ എനിക്കൊപ്പമുണ്ട്. പുതുതലമുറക്കൊപ്പം ഭാവിയിലെ സംഗീതത്തെ കുറിച്ച് ആലോചിക്കുേമ്പാൾ ഞാൻ ഈണം നൽകിയ ഒരു പാട്ട് എനിക്ക് ഓർമ വരും-'ഇനിയെന്ത് നൽകണം, ഞാൻ ഇനിയുമെന്ത് നൽകണം...'
(ചിത്രങ്ങൾ: ജോൺസൺ വി. ചിറയത്ത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.