പാട്ടിനെ പ്രണയിച്ച് പ്രണയിച്ച് ഒരച്ഛനും മകനും
text_fieldsപാട്ടുകൾ എത്ര കേട്ടുകേട്ടു പഴകിയതാണെങ്കിലും ചിലർ പാടുേമ്പാൾ അതിന് പുതിയൊരു ഭാവം വരും. കാലത്തെ പിന്നിലാക്കി ആ പാട്ട് പിന്നെയും വർത്തമാനത്തിെൻറ ചുണ്ടിൽ ഈണമായി നിറയും. ഇത് പാട്ടിെൻറയും വരികളുടെയും ഈണത്തിെൻറയും മാത്രം പ്രത്യേകതകൊണ്ടല്ല, പുതിയ ശബ്ദ സംഗീത വീചികൾകൊണ്ട് അവയെ സ്പർശിക്കുന്നത് കൊണ്ടു കൂടിയാണ്. കേട്ട പാട്ടുകൾ വീണ്ടും പാടിയും പുതിയ അന്വേഷണങ്ങൾ നടത്തിയും പാട്ടിനൊപ്പം ജീവിക്കുന്ന ഒരച്ഛനും മകനുമുണ്ട് തിരുവനന്തപുരത്ത്.
ഗസൽ ഗായകൻ പത്മകുമാറും മകൻ ദേവാനന്ദും. പാട്ടിെൻറ ലഹരിയിൽ പാടിക്കൊണ്ടേയിരിക്കുന്നവർ. പാട്ടുവിടാത്തവർ. മലയാളത്തിന് തരളമായൊരുപാട് പാട്ടുകൾ സമ്മാനിച്ച ആർദ്രഗീതങ്ങളുടെ പാട്ടുകാരനാണ് പത്മകുമാർ. പാട്ടുകളുടെ പുതിയ കാല ഡിജിറ്റൽ യുഗത്തിനും മുേമ്പ കാസറ്റുകളുടെ സുവർണകാലത്ത് പാടിതുടങ്ങിയയാൾ. ആ യാത്ര ഇപ്പോൾ മകൻ ദേവാനന്ദിൽ എത്തി നിൽക്കുന്നു.
പാട്ടിലലിഞ്ഞ് അലഞ്ഞ നാളുകൾ
അച്ഛൻ കാർത്തികേയൻ വെറുതെയിരിക്കുേമ്പാൾ പാടുന്നതുകേട്ടാണ് പത്മകുമാറിന് പാട്ട് ആവേശമായത്. താൽപര്യമുണ്ടെങ്കിലും അയാൾ പക്ഷേ, പാട്ടുപഠിക്കാൻ പോയില്ല. പകരം എത്തിയത് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ. അവിടെ കാമറ പ്രവർത്തനങ്ങൾ പഠിക്കവേയാണ് ജോൺ എബ്രഹാമിെൻറ 'അമ്മ അറിയാൻ' സിനിമയുടെ ജോലികൾ നടക്കുന്നത്. അതിൽ പാടാൻ ഗസൽ ഗായകൻ ഉമ്പായി സ്റ്റുഡിയോയിലെത്തി. അന്ന് പത്മകുമാർ ആ പാട്ടുകേട്ട് ഏറെ നേരം നിന്നു. ഹൃദയത്തിലെ ആദ്യ തിരി അന്ന് അറിയാതെ തെളിഞ്ഞിരിക്കണം. ചിത്രാഞ്ജലി വിട്ടെങ്കിലും പത്മകുമാർ കാമറക്ക് പിറകെ പോയില്ല. പകരം ബോർഡെഴുത്ത് തുടങ്ങി. അന്ന് ഒരു ടേപ്പ് റെക്കോർഡർ കൂടി വാങ്ങി. വരക്കുന്ന സമയം അതിൽ നിന്ന് നിലക്കാതെ പാട്ടൊഴുകി. മെഹ്ദി ഹസനും ഗുലാം അലിയും റഫിയും പത്മകുമാറിനെ വിടാതെ പിറകെ കൂടി. അവരോടെല്ലാം അയാൾക്ക് പ്രണയമായി.
ഇടക്ക് ഗാനമേളകളിൽ പത്മകുമാർ പാടാനെത്തി. കേൾവിക്കാരനായിരിക്കുന്നതിെൻറ സുഖം അവിടെയില്ലെന്ന് പെട്ടെന്ന് തിരിച്ചറിവുണ്ടായി. ബഹളങ്ങളും ആട്ടവും ചാട്ടവുമൊക്കെയായിരുന്നു എപ്പോഴും മുന്നിൽ. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾ വാരാണസിയിലേക്ക് വണ്ടികയറി. കിഷൻ മഹാരാജ് ഘരാനയിൽ സ്ഥിരം കേൾവിക്കാരനായി. ഘദഖ്, ഖജരി, ഖയാൽ, ദ്രുപത് എന്നിങ്ങനെ സംഗീതത്തിെൻറ വിവിധ പടവുകളിലൂടെ കയറിയിറങ്ങി. ഇടക്ക് ദിവസങ്ങൾ നീളുന്ന കല്യാണ രാവുകളിൽ പാട്ടുമായെത്തി. വാരാണസി, പൂനെ, മുംബൈ എന്നിവിടങ്ങളിൽ പാട്ടുമായി അലഞ്ഞു.
ഇതിനിടയിൽ പത്മകുമാർ ദുബൈയിലെത്തി. റസ്റ്ററൻറിലെ പാട്ടുകാരേൻറതായിരുന്നു വേഷം. സംഗീതപ്രാധാന്യമില്ലാത്ത ആ ജോലി വിട്ടയാൾ വൈകാതെ നാട്ടിലേക്ക് തിരിച്ചു. പാട്ടുവിട്ടൊരു ജീവിതം തനിക്കില്ലെന്ന തിരിച്ചറിവ് അതിനകം അയാളിൽ രൂപപ്പെട്ടിരുന്നു.
വീട്ടിലെ സ്റ്റുഡിയോ
കേരളത്തിലും പുറത്തും ചെറിയ സ്റ്റുഡിയോകൾ രൂപപ്പെട്ടുവരുന്ന കാലമായിരുന്നു അത്. ഇടക്കിെടയുള്ള മൂകാംബിക യാത്രകൾ അന്ന് പതിവായിരുന്നു. പാട്ടിനോടും ആ അന്തരീക്ഷത്തോടുമുള്ള സ്നേഹമായിരുന്നു കാരണം. യാത്രക്കാരായ കൂട്ടുകാരിൽ അന്ന് കോട്ടയം നസീറും മറ്റും അംഗമായിരുന്നു. കുറച്ചുകാലം അവിടെ താമസിക്കുകയുമുണ്ടായി. അത് മറ്റൊരു ചിന്തയിലെത്തിച്ചു. ഒരു കാസറ്റിറക്കിയാലോ! വൈകിയില്ല, 'ഓം നമോ മൂകാംബിക' എന്ന പേരിൽ പത്മകുമാർ എഴുതി പാടിയ കാസറ്റ് വിപണിയിലെത്തി. അതൊരു വലിയ വിജയമായി.
വൈകാതെ വേണു വി. ദേശം എഴുതിയ 'ആ രാവിൽ' ഗസൽ ആൽബം പുറത്തിറങ്ങി. വിവിധ വേദികളിൽ അവസരങ്ങൾ വന്നുചേർന്നു. പാട്ടും കൂട്ടുമായി അങ്ങനെ പോകവേയാണ് കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയതും ലോക്ഡൗണിെൻറ കെണിയിൽ ആളുകൾ വീണുപോയതും. ഇതോടെ പല പദ്ധതികളും ഇടക്കുവെച്ച് നിന്നു. എന്നാൽ മറ്റൊരു നേട്ടമുണ്ടായി. വീട്ടിലെ സ്റ്റുഡിയോ സജീവമായി. അവിടെ മകനൊപ്പം പത്മകുമാർ പതിവായി ലൈവിലെത്തി. ഓർമകളും ശ്രദ്ധാഞ്ജലികളുമായി പലരിലൂടെ പാട്ടൊഴുകി. ബാബുരാജും ദേവരാജൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും ഗുലാം അലിയും ജഗ്ജിത് സിങും മെഹ്ദി ഹസനും അനൂപ് ഝലോട്ടയും മദൻ മോഹനുമൊക്കെ പത്മകുമാറിെൻറയും ദേവാനന്ദിെൻറയും ശബ്ദത്തിൽ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. പലയിടങ്ങളിലിരുന്ന് ഒരുപാട് പേർ അതാസ്വദിച്ചു.
പാട്ടിലുടെ ആനന്ദയാത്ര
മക്കൾ ആദിത്യനും ദേവാനന്ദും പാടുമെങ്കിലും പത്മകുമാറിന് കൂടെ കിട്ടിയത് ഇളയവൻ ദേവാനന്ദിനെയാണ്. സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ പഠിക്കുന്ന ദേവാനന്ദിന് ഇപ്പോൾ തന്നെ നിരവധി ശിഷ്യന്മാരുണ്ട്. പാടിയും പഠിപ്പിച്ചും അച്ഛനും മകനും സ്വയം ആഹ്ലാദിക്കുന്നു. സഹൃദയരെ ആഹ്ലാദിപ്പിക്കുന്നു. ഏവർക്കും ഇഷ്ടമായ പാട്ടുകൾ മൂളുന്നു. ചുറ്റുമുള്ള എല്ലാ വിഷമതകളും എന്തിന് കോവിഡ് മഹാമാരി വരെ അപ്പോൾ നിസ്സാരമാകുന്നു-പാട്ട് ആശ്വാസ ഒൗഷധമാകുന്നു. ഇരുവരും ഒന്നിച്ചുള്ള ഓരോ പാട്ടും കേട്ടുകഴിയുേമ്പാഴും ഇരുവരുമെത്ര ആനന്ദകരമായാണ് അതിലൂടെ യാത്ര ചെയ്യുന്നതെന്ന് തോന്നിപോകും. അതങ്ങനെ കേട്ടുകേട്ടിരിക്കെ, നമ്മളും അറിയാതെ അതിലൊരാളാകും. പാട്ടിെൻറ വഴിയിൽ അജ്ഞാത തേരിലേറിയുള്ള യാത്ര...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.