ശ്രുതിമധുരമീ ഹരിമുരളീരവം
text_fieldsചെറുവത്തൂർ: ശ്രുതിമധുരമാണ് ഹരിനാരായണന്‍റെ ഓടക്കുഴൽ വിളി മേളം. കേട്ടാൽ ആസ്വാദന മധുരിമയാൽ ഓളങ്ങളിളകും. ചെറുവത്തൂർ വടക്കുമ്പാട്ടെ ഹരിനാരായണൻ നമ്പൂതിരിയാണ് ഓടക്കുഴൽ സംഗീതം ചേർത്തുപിടിച്ച് യാത്ര തുടരുന്നത്. സംഗീത ലോകത്ത് സുപരിചിതനാണ് ഈ കലാകാരൻ. ഇന്ത്യക്ക് അകത്തും പുറത്തും നിരവധി വേദികളിലും ചാനൽ സംഗീതപരിപാടികളിലും നിറസാനിധ്യമാണ് ഇദ്ദേഹം.
ഫ്‌ളവേഴ്‌സ് ടിവിയിലെ സംഗീത പരിപാടി ടോപ് സിങ്ങറിൽ സംഗീത ഗ്രൂപ്പിൽ ഓടക്കുഴൽ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. ചെറുപ്പം മുതൽ അച്‌ഛൻ ശ്രീധരൻ നമ്പൂതിരിയിൽ നിന്നും ഓടക്കുഴൽ വാദനം പഠിക്കാൻ തുടങ്ങി. പല ഗുരുക്കൻമാരുടെ കീഴിലും പഠനം തുടർന്നു. പുണെ സംഗീത ഇൻസ്‌റ്റിറ്റ്യൂട്ടിലും പഠനം നടത്തി.
ആദ്യകാലങ്ങളിൽ കലോത്സവ വേദികളിൽ മഞ്‌ജു വാര്യർ, കാവ്യ മാധവൻ തുടങ്ങിയവരുടെ നൃത്തങ്ങൾക്കായി ഓടക്കുഴൽ വായിച്ചു. അബൂദബിയിൽ നടന്ന സ്‌റ്റേജ് ഷോയിൽ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്‍റെ വരികൾക്ക് ഹരിയുടെ ഓടക്കുഴൽ നാദം സംഗീതം പകർന്നു. പിന്നീടങ്ങോട്ട് പ്രസിദ്ധരായ എല്ലാ സിനിമ സംഗീത സംവിധായകർക്കും പാട്ടുകാർക്കുമൊപ്പം സംഗീത യാത്ര തുടർന്നു.
ഓടക്കുഴലിൽ ഇദ്ദേഹം ഒടുവിൽ ചെയ്‌ത സംഗീതം യുട്യൂബിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും നിരവധി പേരുടെ മനം കവർന്നു. എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന സംഗീതം ചിട്ടപ്പെടുത്തിയ ലോകത്തെ ഒൻപത് പേരിൽ ഒരാൾ ഹരിയാണ്. ഓടക്കുഴലിന്‍റെ ഉടലിലെ സുഷിരങ്ങളിൽ വിരൽ ചലിപ്പിച്ച് കലാലോകത്ത് തന്‍റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ഹരിനാരായണൻ നമ്പൂതിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.