സംഗീതജ്ഞൻ അസീസ് ബാവ ഓർമയായി
text_fieldsമട്ടാഞ്ചേരി: നിരവധി സീരിയലുകൾക്കും ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ച അസീസ് ബാവ എന്ന അസീസ് ഗുൽസാർ (73) നിര്യാതനായി. ചില സിനിമകളിലും സംഗീത സംവിധാനം വഹിച്ച അസീസ് ബാവ കോവിഡ് ചികിത്സയിലായിരുന്നു.
കേരളത്തിലെ ആദ്യകാല സൂഫി സംഗീതജ്ഞൻ ഗുൽമുഹമ്മദിെൻറയും പ്രഥമ ഗ്രാമഫോൺ ഗായിക സാറാ ബായിയുടെയും മകനായ അസീസ് ബാവ മൂന്നാം വയസ്സിൽതന്നെ ഗായകനായി അരങ്ങേറ്റം നടത്തി. സ്കൂൾ പഠനകാലത്ത് ഗാനമത്സരത്തിൽ സാക്ഷാൽ യേശുദാസിനെ പിന്നിലാക്കി ഒന്നാം സ്ഥാനവും നേടി.
സർവകലാശാല കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ ഡൽഹിയിൽ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി.
പിന്നീട് ശിശുദിനത്തിൽ ഡൽഹിയിൽ അക്കാലത്തെ പ്രഗത്ഭരായ സംഗീതജ്ഞർ ചേർന്ന് രൂപപ്പെടുത്തിയ സമൂഹഗാനം പാടാൻ തെരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ അസീസ് ബാവയായിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ, ഇന്ദിര ഗാന്ധി എന്നിവർക്ക് മുന്നിൽ പാടി.
നെഹറു പ്രത്യേകം അഭിനന്ദിച്ചു. കലാലയ ജീവിതത്തിനുശേഷം സംഗീത സംവിധാനത്തിലേക്ക് കടന്നു. അമേച്വർ നാടകങ്ങൾക്കും നൃത്ത നാടകങ്ങൾക്കും സംഗീതം പകർന്നു. സ്വപ്നങ്ങൾ ഒക്കെയും പങ്കുവെക്കാം തുടങ്ങിയ ടെലിഫിലിമുകൾ, സ്ത്രീ, മിന്നുകെട്ട് തുടങ്ങി ഏറെ ജനപ്രീതി നേടിയ മെഗാ സീരിയലുകൾ, സീരിയലുകൾ എന്നിങ്ങനെ നിരവധി കലാസൃഷ്ടികൾക്ക് അസീസ് ബാവ സംഗീതം നൽകി.2002ൽ മികച്ച സീരിയൽ സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
സൈനബയാണ് ഭാര്യ. മക്കൾ: കാൽട്ടൻ, ഷബ്നം. മരുമക്കൾ: ഹാസിം, റസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.