രോഗശയ്യയിലും സംഗീതത്തെ മുറുകെപ്പിടിച്ച് നല്ലവൻ മുഹമ്മദ്
text_fieldsതിരൂരങ്ങാടി: മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്ന നല്ലവൻ മുഹമ്മദ് രോഗത്താൽ വീട്ടിൽ വിശ്രമിക്കുമ്പോഴും മനസ്സിപ്പോഴും സംഗീതലോകത്താണ്. പക്ഷാഘാതം ശരീരത്തെ തളർത്തിയെങ്കിലും എല്ലാ ദിവസവും പെട്ടി വായിക്കാതെയും രണ്ടുവരി പാടാതെയും ഇദ്ദേഹത്തിന് ഉറക്കമില്ല.
ചെമ്പൻ മൊയ്തീൻകുട്ടി-- ഫാത്തിമ ദമ്പതികളുടെ മകനാണ് ഈ 70കാരൻ. മാതാവിെൻറ ഉമ്മയും കൈകൊട്ടി പാട്ടിൽ അക്കാലത്തെ പ്രശസ്തയുമായിരുന്ന എടമല ബിയ്യാത്തുട്ടിയാണ് ആദ്യ ഗുരു. അഞ്ചര പതിറ്റാണ്ടായി മാപ്പിളപ്പാട്ടിൽ നിറഞ്ഞു നിൽക്കുന്ന ഇദ്ദേഹം നാട്ടിലും ഗൾഫിലുമായി നൂറുകണക്കിന് വേദികളിലാണ് പാടിയത്.
കാളവണ്ടിയുടെ കാലത്ത് അടക്ക ജോലിക്കായി വെന്നിയൂരിൽ ഒരു ഷെഡ് നിലനിന്നിരുന്നു. സ്ത്രീകളായിരുന്നു തൊഴിലാളികൾ. അവർ മുഹമ്മദിനെ പാട്ടുപാടിച്ച് പ്രോത്സാഹിപ്പിച്ചു. പാട്ടിന് രണ്ട് അണ സമ്മാനം നൽകുമായിരുന്നു. പിന്നീട് തിരുപ്പൂരിലെ ബേക്കറിയിലേക്ക് ജോലിക്ക് പോയി.
ജോലിയിലെ ബുദ്ധിമുട്ട് കാരണം നാട്ടിലേക്ക് മടങ്ങുകയും കുറച്ച് നാളുകൾക്ക് ശേഷം പാലക്കാട്ടെ ബേക്കറിയിൽ ജോലി നോക്കുകയും ചെയ്തു. അവടെ ബുൾബുൾ വിദ്വാൻ ഉസ്താദ് അബ്ദുവിെൻറ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. സഹോദരൻ അലവിക്കുട്ടി ഹാർമോണിയം വാങ്ങി നൽകിയിരുന്നു. അക്കാലത്ത് എം.എസ്. ബാബുരാജ്, തിരൂരങ്ങാടി എ.വി. മുഹമ്മദ്, കെ.ടി. മുഹമ്മദ്കുട്ടി തുടങ്ങി ചുരുക്കം ആളുകൾക്കേ ഹാർമോണിയം സ്വന്തമായുള്ളൂ എന്ന് മുഹമ്മദ് ഓർത്തെടുക്കുന്നു.
പിൽക്കാലത്ത് ആരോഗ്യം സമ്മതിക്കാത്തതിനാൽ പെട്ടി വായനയിലേക്ക് മാറി. നഗിൻ സിനിമയിലെ 'മേരി ഡോലെ' പാട്ടിെൻറ താളത്തിൽ ഉസ്താദ് അബ്ദു ഹാർമോണിയം പഠിപ്പിച്ചു. അഞ്ചേകാൽ രൂപ ദക്ഷിണ വെച്ചായിരുന്നു തുടക്കം. ഹാർമോണിയം നന്നായി വശമാക്കിയതോടെ നാട്ടിൽ തിരിച്ചെത്തി.
എ.ടി. മുഹമ്മദ്, സി.എച്ച്. അൻവർഖാൻ, കൊച്ചി ആയിഷ, റേഡിയോ അബ്ദുക്ക, തബലിസ്റ്റ് പിച്ചമ്മു എന്നിവരിൽനിന്ന് സ്വരങ്ങളും സംഗീതത്തിെൻറ മറ്റു വശങ്ങളും ഹൃദിസ്ഥമാക്കി. പ്രശസ്ത ഗായകൻ ചെമ്മാട് ചെമ്പാൻ കുഞ്ഞിമുഹമ്മദും പെരുമണ്ണ കെ.കെ. ഹംസയും വേദികളിൽ ഹാർമോണിയം വായിക്കാൻ കൊണ്ടുപോയി. കല്യാണവേദികളിൽ മരക്കട്ടക്ക് പകരം തബലയും കടന്നുവന്ന കാലമായിരുന്നു അത്.
കല്യാണം, കുറിക്കല്യാണം, വട്ടപ്പാട്ട് വേദികളിൽ സജീവമായതോടെ ആലിക്കുട്ടി ഗുരുക്കളുടെ കൂടെ കോഴിക്കോട് ആകാശവാണിയിലും പാടാൻ അവസരം ലഭിച്ചു. പിന്നീട് കല്യാണപ്പാട്ടുകൾ ഒഴിവാക്കി സൂഫി ഖവാലിയിലേക്ക് ചുവടുമാറ്റി. പ്രശസ്ത മാപ്പിളപ്പാട്ടുകാരൻ രണ്ടത്താണി ഹംസയോടൊപ്പം നിരവധി പരിപാടികളിലും വിവാഹ വേദികളിലും പങ്കെടുത്തു.
രണ്ടത്താണി ഹംസ ഉപയോഗിച്ചിരുന്ന മൂന്നേമുക്കാൽ ഷായി ഡബിൾ ചെയ്ഞ്ചർ പഴയ ഹാർമോണിയമാണ് ഇന്നും മുഹമ്മദിെൻറ കൈവശമുള്ളത്. ഭാര്യ: ഫാത്തിമ. മക്കളായ മൈമൂന, ഇഖ്ബാൽ, അഷ്റഫലി, സുഹറ, അത്തിക എന്നിവവരാരും സംഗീതരംഗത്തേക്ക് വന്നില്ലെങ്കിലും സുഹറയുടെ മകൾ ഹിബ വേങ്ങര യൂട്യൂബിൽ അറിയപ്പെടുന്ന ഗായികയാണ്.
തെൻറ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ മുഹമ്മദിന് ആഗ്രഹമുണ്ട്. ഫോൺ: 9526522682.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.