പീർക്ക യാത്രയായി; ഗള്‍ഫിലെ വേദിയില്‍ ഒന്നുകൂടി പാടണം എന്ന ആഗ്രഹം ബാക്കിയാക്കി...
text_fields'എന്റെ ആറാം വയസ്സില്‍ എളാപ്പയുടെ കല്യാണത്തിന് നടത്തിയ ഗാനമേളയില്‍ വെച്ചായിരുന്നു ആദ്യമായി പീർക്കയെ (പീർ മുഹമ്മദ്) കാണുന്നത്. പീർ മുഹമ്മദ് എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലാകാത്ത കാലഘട്ടം. പിന്നീട്, മരണപ്പെട്ടുപോയ എന്റെ സഹോദരൻ നാസര്‍ ടേപ് റിക്കാര്‍ഡില്‍ ഏറ്റവും കൂടുതല്‍ കേട്ടിരുന്നത് പീര്‍ക്കയുടെ പാട്ടുകളായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മധുരമൂറും ഗാനങ്ങളുടെ ആസ്വാദകനായി ഞാന്‍ മാറി. മാപ്പിളപ്പാട്ടിന്റെ തനത് ശൈലി ലോകത്തിനു സമ്മാനിച്ച സംഗീത ഇതിഹാസമാണ് ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്. 2021ല്‍ മാപ്പിളപ്പാട്ട് ലോകത്ത് നേരിട്ട മറ്റൊരു നികത്താനാവാത്ത നഷ്ടം' -അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദുമായുള്ള ബന്ധം ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകരിലൊരാളായ നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ.
കാലങ്ങൾ പഴക്കമുള്ള ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ ചുണ്ടിൽ മായാതെ നിൽക്കുന്നെങ്കിൽ അത് പീർക്ക എന്ന അതുല്യ പ്രതിഭ മാപ്പിളപ്പാട്ട് സംഗീതപ്രേമികൾക്ക് ആരായിരുന്നു എന്ന് മനസ്സിലാക്കി തരുന്നു. തമിഴ്നാട്ടിലെ തെങ്കാശ്ശിക്കടുത്ത് ജനിച്ച അദ്ദേഹം നാലാം വയസ്സിലാണ് പിതാവിനൊപ്പം തലശ്ശേരിയിലെത്തുന്നത്. സംഗീതത്തോടുള്ള താൽപര്യത്തോടൊപ്പം തന്നെ പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നു. സർ സെയ്ദ് കോളജില്‍ നിന്നും ബിരുദവും നേടി. മഹിയിൽ മഹാ, അനർഘ മുത്തുമാല, കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരിവരിയായി, പടവാള് മിഴിയുള്ളോള് തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടാൻ അേദ്ദേഹത്തിനായി. ഒരു കാലത്ത് ഗാനമേള ട്രൂപ്പുകളില്‍ ഏറെ തിളങ്ങി നിന്നിരുന്ന പേരാണ് പീര്ക്കയുടേത്.
തൊണ്ണൂറുകളില്‍ ഗൾഫിൽ സാധാരണ തൊഴിലാളിയായിരുന്ന താൻ ജോലിയിൽ നിന്നും ഒഴിവ് സമയം കണ്ടെത്തി ആയിരങ്ങൾ കൂടിയിരുന്ന സദസ്സുകളിലെ പിൻനിരയിൽ പീർക്കയെ ഒന്ന് കാണാനും പാട്ട് ആസ്വദിക്കാനുമായി എത്താറുണ്ടായിരുന്നതും ഷംസുദ്ദീൻ ഓർത്തെടുക്കുന്നു. പിന്നീട് നെല്ലറ തുടങ്ങിയപ്പോൾ സംഗീതത്തോടുള്ള ഇഷ്ടം കാരണം പരിപാടികളുമായി സഹകരിക്കാനും പീർക്കയുമായി കൂടുതൽ ബന്ധം പുലർത്താനും സാധ്യമായി. 2007ല്‍ അപ്രതീക്ഷിതമായി നേരിട്ട പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് ചുവടെടുത്തു വെച്ചിരുന്നെങ്കിലും അതിന് ശേഷം അദ്ദേഹത്തോടുള്ള ഇഷ്ടം കാരണം അഞ്ചു തവണ ദുബൈയിലെ വേദികളില്‍ എത്തിക്കാനും സാധിച്ചു. 2008ല്‍ നെല്ലറ ഗള്‍ഫ് മാപ്പിളപ്പാട്ട് നൈറ്റില്‍ അദ്ദേഹം പഴയതുപോലെ സ്റ്റേജില്‍ പാടാന്‍ സാധിക്കാതെ വിതുമ്പിപ്പോയത് അന്ന് കൂടിയിരുന്ന ആയിരങ്ങളുടെ കരളലിയിപ്പിച്ചു. ഓരോ തവണ ദുബൈയില്‍ വരുമ്പോഴും വീട്ടില്‍ താമസിക്കുന്നതോടൊപ്പം ചേര്‍ത്തിരുത്തി പാട്ടുകള്‍ പാടി തന്നതും പഴയ കഥകള്‍ പറഞ്ഞു തന്നതും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചതും എന്നും മായാത്ത ഓര്‍മ്മകളാണെന്ന് ഷംസുദ്ദീൻ പറയുന്നു.
പീര്‍ക്ക പാടിവെച്ച പാട്ടുകൾ കേള്‍ക്കാത്ത കല്യാണങ്ങളോ മാപ്പിളപ്പാട്ട് വേദികളോ ഇന്നും കാണാന്‍ സാധ്യമല്ല. കേരള ഫോക്ലോർ അക്കാദമി അവാർഡ്, എ.വി. മുഹമ്മദ് അവാർഡ്, ഒ. അബു ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ഞാനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ അതെത്ര ചെറുതാണെങ്കിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടാകാറുണ്ട്. മൂന്ന് മാസം മുമ്പ് അദ്ദേഹത്തിന്റെ തലശ്ശേരിയിലെ വസതിയില്‍ വെച്ചായിരുന്നു അവസാനമായി കണ്ടുമുട്ടിയത്. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ 47ാം വിവാഹ വാര്‍ഷിക ദിവസമായിരുന്നു ഞാന്‍ വീട്ടിലെത്തിയത്. അന്ന് വിശേഷ ദിവസമായത് കൊണ്ട് തന്നെ അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു. കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിത്തന്നും മുമ്പ് പാടിയതില്‍ വളരെ ഊർജസ്വലതയോടെ കുറെയേറെ പാട്ടുകള്‍ പാടിത്തന്നും അതിഥിയായി എത്തിയ എന്നെ കഴിവിന്റെ പരമാവധി സന്തോഷിപ്പിച്ചു. കോവിഡ് നിയന്ത്രങ്ങള്‍ മാറിയാല്‍ ഗള്‍ഫിലേക്ക് വരാനും വലിയ വേദിയില്‍ പരിപാടി അവതരിപ്പിക്കാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനുള്ള അവസരം വന്നെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം യാത്രയായി. നാഥന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ'- ഷംസുദ്ദീൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.