ആകാശത്തോളം എഴുതണം...
text_fieldsനിധീഷ് നടേരി (ഫോട്ടോ: ലെബിസൺ ഗോപി)
''ആകാശമായവളെ...അകലെ പറന്നവളെ...ചിറകായിരുന്നല്ലോ നീ...''ജി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയുടെ ഉയിരാണീ പാട്ട്. നഷ്ടപ്പെടലിെൻറ ആധിയെ കുറിച്ച് ഓർമിപ്പിക്കുന്ന ഗാനം. കാമുകി, ഭാര്യ ആരുമാവട്ടെ ഓരോ വ്യക്തിക്കും തെൻറ ജീവിത പങ്കാളി ആകാശത്തോളം പോന്ന താങ്ങുമരമാണെന്നാണ് പാട്ടെഴുതിയ നിധീഷ് നടേരി പറയുന്നത്. കാപ്റ്റൻ സിനിമയിലെ പാട്ടുെപട്ടീലന്ന് നമ്മൾ ആണ് നിധീഷിെൻറ ആദ്യ പാട്ട്. എഴുത്ത് ആകാശമായവളിൽ എത്തിയപ്പോഴേക്കും പാട്ടെഴുത്തുകാരനെയും ആളുകൾ അറിഞ്ഞുതുടങ്ങി. പാട്ടെഴുത്തിെൻറ വഴികളെ കുറിച്ച് നിധീഷ് 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നടേരിയിലെ സംഗീത കുടുംബത്തിലാണ് ജനിച്ചത്. സംഗീതം പഠിക്കാൻ അവസരം ലഭിച്ചിട്ടും ഉപയോഗിക്കാൻ കഴിഞ്ഞില്ല. അച്ഛൻ (ഗംഗാധരൻ നടേരി), അനിയൻമാർ സംഗീത അധ്യാപകരാണ്. അച്ഛനും സംഗീതം പഠിച്ചിട്ടുണ്ട്. എഴുത്തും സംഗീതവും പ്രോത്സാഹിപ്പിച്ചിരുന്നു. ഗീരീഷ് പുത്തഞ്ചേരിയുടെ ഭാര്യപിതാവ് ബേബി ഭാഗവതർ ആയിരുന്നു ഇവരെയെല്ലാം പാട്ടുപഠിപ്പിച്ചിരുന്നത്.
അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി വിപ്ലവഗാനങ്ങൾ എഴുതുമായിരുന്നു. കവിതകളും എഴുതും. മാത്രമല്ല, ഇളയച്ഛൻമാർക്കായി ലളിതഗാനങ്ങൾ എഴുതിക്കൊടുക്കും. ഇതെല്ലാം കണ്ടാണ് വളർന്നത്. ജനയുഗത്തിലായിരുന്നു അച്ഛൻ ജോലി ചെയ്തിരുന്നത്. അച്ഛെൻറ പത്രപ്രവർത്തനം കണ്ടാണ് ഇടക്കാലത്ത് ആ വഴി തെരഞ്ഞെടുത്തതും. 10ാം ക്ലാസിൽ പഠിക്കുേമ്പാഴാണ് അഛെൻറ മരണം. ആ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുന്ന കാലം. അന്നൊക്കെ എഴുതാൻ പ്രേരണ നൽകിയത് ഇളയച്ഛൻമാരാണ്. കലോൽസവ വേളകളിൽ കുട്ടികൾക്ക് പാടാൻ ലളിതഗാനങ്ങൾ വേണം. പല രക്ഷിതാക്കളും പാട്ട് പുതിയതുവേണമെന്ന് ഇളയച്ഛൻമാരോട് ശട്ടംകെട്ടും. അവരെന്നോട് പാട്ടെഴുതാൻ ആവശ്യപ്പെടും. പാട്ടെഴുതുന്ന ശീലം തുടങ്ങിയിരുന്നു അപ്പോഴേക്കും. സിനിമ പാട്ടുകൾ കേൾക്കുേമ്പാൾ അതിെൻറ സംഗീതത്തേക്കാൾ വരികളായിരുന്നു ആദ്യം മനസിൽ പതിഞ്ഞിരുന്നത്.
അതുപോലെ ചിലതൊക്കെ ആരും കാണാതെ എഴുതിവെക്കും. ഒരിക്കൽ ഈ വിദ്യ ഇളയച്ഛൻ കണ്ടുപിടിച്ചു. അന്നു ഞാനെഴുതിയ വരികൾ അദ്ദേഹം ട്യൂൺ ചെയ്തു പാടിക്കേൾപ്പിച്ചു. ആ പാട്ട്പാടി യുവജനോൽസവത്തിന് മത്സരിച്ച കുട്ടി ഒന്നാംസമ്മാനം വാങ്ങി. വലിയ സന്തോഷമായിരുന്നു അത്. പിന്നീട് ഇത്തരം മത്സരത്തിന് പോകുന്ന കുട്ടികൾക്കായി എന്നെക്കൊണ്ട് പാട്ടെഴുതിക്കാൻ തുടങ്ങി. യുവജനോൽസവവേദികളിൽ ഞാനെഴുതിയ പാട്ടുപാടി കുട്ടികൾ സമ്മാനം വാങ്ങിക്കുേമ്പാൾ വലിയ ആനന്ദമായിരുന്നു. ചില ആൽബങ്ങൾക്കും പാട്ടെഴുതി. അതുപോലെ ആകാശവാണിയിലേക്ക് സ്ഥിരമായി പാട്ടെഴുതി അയക്കുമായിരുന്നു. ചിലതൊക്കെ തെരഞ്ഞെടുക്കും. അത് പാടിക്കേൾക്കുേമ്പാൾ വലിയ സന്തോഷം തോന്നും. പ്രക്ഷേപണം ചെയ്യുന്ന പാട്ടുകൾക്ക് ചെറിയ പ്രതിഫലവും ലഭിച്ചിരുന്നു. പഠിക്കുന്ന കാലമല്ലേ... എത്ര ചെറിയ തുക കിട്ടിയാലും നമ്മളെ സംബന്ധിച്ച് അത് വലുതാണ്.
പാട്ടുപെട്ടീലന്ന് നമ്മൾ...
പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിനു മുമ്പ് അധ്യാപനമായിരുന്നു ജീവിതമാർഗം. അതിനിടയിലാണ് ജേണലിസം കോഴ്സ് ചെയ്യുന്നതും 'മാധ്യമ'ത്തിൽ ജോലിക്ക് കയറുന്നതും. പാട്ടെഴുത്തും ഒപ്പം കൊണ്ടുപോയി. സിനിമ സ്വപ്നം കാണുന്ന എഴുത്തിനെ സ്നേഹിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കളെയും അവിടെ നിന്ന് ലഭിച്ചു. അവരുടെ സൗഹൃദം എെൻറ എഴുത്തിന് വളക്കൂറായി. ആയിടക്ക് ലോഹിതദാസിെൻറ സ്മരണാർഥമുള്ള തിരക്കഥ എഴുത്തുമൽസരത്തിന് രണ്ടാംസമ്മാനം ലഭിച്ചു. ഞങ്ങളുടെ സിനിമചർച്ചകൾ ചൂടുപിടിച്ച കാലം കൂടിയായിരുന്നു അത്.
പിന്നീട് പത്രപ്രവർത്തനം വിട്ട് അധ്യാപനത്തിലേക്ക് തന്നെ ഞാൻ മടങ്ങി. കൂട്ടത്തിലുണ്ടായിരുന്നവരും പല വഴിക്ക് പിരിഞ്ഞു. എങ്കിലും സിനിമ ഞങ്ങളെ ചേർത്തുനിർത്തി. ഇടക്ക് സിനിമക്കായി ചില സ്ക്രിപ്റ്റുകളെഴുതി. അതൊക്കെ പാതിവഴിയിൽ മുടങ്ങി. അതു കഴിഞ്ഞാണ് അന്നത്തെ സൗഹൃദക്കൂട്ടത്തിലെ ജി പ്രജേഷ് സെൻ 'ക്യാപ്റ്റൻ' എന്ന സിനിമ അനൗൺസ് ചെയ്തു. സ്ക്രിപ്റ്റ് അസോസിയേറ്റായി ഞാനും കൂടെ കൂടി. ആ സിനിമക്കായി പാട്ടെഴുതാമോയെന്ന് എന്നോട് ചോദിച്ചു. സിനിമക്കായി സംഗീതസംവിധായകൻ വിശ്വജിത് ചെയ്തു വെച്ച ഈണവും കേൾപ്പിച്ചു തന്നു. വി.പി സത്യെൻറ കൽക്കത്ത ജീവിത കാലമാണ് സിനിമയിൽ പാട്ടിെൻറ സിറ്റ്വേഷൻ. സിനിമക്കായി മലപ്പുറത്തും മറ്റും സ്റ്റേഡിയം അന്വേഷിക്കുന്നതിനിടയിലാണ് പാട്ടിെൻറ വരികൾ എഴുതിയത്.
അങ്ങനെയാണ് പാട്ടുപെട്ടീലന്ന് നമ്മൾ എന്ന പാട്ടിെൻറ പിറവി. പി ജയചന്ദ്രൻ എന്ന അതുല്യഗായകെൻറ സ്വരമാധുരിയിൽ പാട്ട് പുറത്തിറങ്ങി. തുടക്കത്തിൽ വലിയ റീച്ചൊന്നും പാട്ടിന് കിട്ടിയില്ല. എന്നാൽ പാട്ട് കേട്ട ചിലർ എെൻറ നമ്പർ തേടിപ്പിടിച്ച് വിളിക്കുകയും മേസേജുകൾ അയക്കുകയും ചെയ്തു. അവരുടെ ജീവിതത്തിലെ ദു:ഖകരമായ ചില സംഭവങ്ങളുമായി പാട്ടിനെ േചർത്തുവെച്ചായിരുന്നു പലരും സംസാരിച്ചത്. ഗായകൻ കൃഷ്ണചന്ദ്രൻ പാട്ടിലെ വരികളെ കുറിച്ച് മെസേജ് അയച്ചു. തനിക്ക് ഇഷ്ടപ്പെട്ട പാട്ടാണിതെന്ന് ഗായകൻ ഉണ്ണിമേനോനും പറഞ്ഞു. അത് വലിയ അനുഭവമായിരുന്നു. ജനപ്രിയ പാട്ടായി മാറിയില്ല എങ്കിൽ പോലും ചിലർ പാട്ടുപെട്ടിയെ നെഞ്ചോടു ചേർത്തു. പാട്ടുപെട്ടിക്കു ശേഷം ചില നാടകഗാനങ്ങൾ എഴുതി. തമി എന്ന സിനിമയിൽ മൂന്നുപാട്ടുകൾ എഴുതി.
ആകാശമായവളെ
പ്രജേഷ് സെന്നിെൻറ വെള്ളത്തിലെ പ്രധാന പാട്ട് എഴുതുന്നത് ഞാനാണെന്നറിഞ്ഞപ്പോൾ സത്യത്തിൽ അമ്പരപ്പായിരുന്നു. കഥയും സാഹചര്യവുമൊക്കെ സംവിധായകൻ വിവരിച്ചു തന്നു. ആ പാട്ടിെൻറ ആദ്യവരികളെഴുതുേമ്പാൾ മുരളിയെ പോലെ ഞാനും വീട്ടിൽ ഒറ്റക്കായിരുന്നു. മുരളിയുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ സമയത്ത് ചിറകുപോലെ കൂടെയുണ്ടായിരുന്ന ഭാര്യപോലും അരികില്ലാത്ത അവസ്ഥയെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ആകാശമായവളെ... എന്ന വരി മനസിൽ തെളിഞ്ഞു. സാധാരണക്കാരന് പോലും മനസിലാകുന്ന പാട്ട് ആയിരിക്കണം എന്നാണ് പറഞ്ഞിരുന്നത്.
അതിനു ശേഷം എറണാകുളത്ത് സംഗീത സംവിധായകൻ ബിജിയേട്ടെൻറ (ബിജിബാൽ) ബോധി സ്റ്റുഡിയോയിലേക്ക് ചെല്ലാൻ പറഞ്ഞു. അപ്പോഴും സിനിമയിൽ ഞാനെഴുതിയ വരികൾ തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ഒരുറപ്പുമില്ല. സംവിധായകൻ വീണ്ടും കഥ പറയുന്നു. എഴുതി വെച്ച വരികൾ ബിജിയേട്ടൻ ആവശ്യപ്പെട്ടു. വരികൾ കണ്ടപ്പോൾ കുറച്ചൂടെ എഴുതാൻ പറഞ്ഞു. വരികളിൽ ചില മാറ്റങ്ങൾ വരുത്തി ചൂട്ടുമണഞ്ഞുപോയ്...ശൂന്യമായ് എന്നുവരെയുള്ളവ എഴുതിച്ചേർത്തു. കുറച്ചു നേരം കഴിഞ്ഞ് ബിജിബാൽ ഈണം മൂളിത്തുടങ്ങി. അപ്പോഴാണ് സിനിമയിലെ പാട്ട് ഞാൻ തന്നെയാണെന്ന് ഉറപ്പിച്ചത്. പാട്ടിലെ ബാക്കി വരികൾ വീട്ടിലെത്തിയ ശേഷം പൂർത്തിയാക്കി.
റെക്കോഡിങ് സമയത്താണ് ഏറെ പ്രിയപ്പെട്ട ശഹബാസ് അമനാണ് പാടുന്നത് എന്ന് അറിയുന്നത്. പാടിക്കഴിഞ്ഞ ശേഷം സംസാരിക്കണം എന്നു പറഞ്ഞ് അദ്ദേഹം മെസേജ് അയച്ചു. അതുകൂടി കണ്ടപ്പോൾ സന്തോഷം ഇരട്ടിച്ചു. ആദ്യമായാണ് ഞങ്ങൾ സംസാരിക്കുന്നത്. അത് 45 മിനിറ്റോളം നീണ്ടു. സംസാരത്തിനിടെ പാട്ടിെൻറ ഓരോ വരികളും ശഹബാസ് അമൻ എടുത്തുപറഞ്ഞു. അദ്ദേഹത്തെ പോലൊരു മനുഷ്യൻ ആ പാട്ടിനെ ഇത്രയും സ്നേഹിക്കുന്നത് കണ്ടപ്പോൾ ആളുകൾ 'ആകാശമായവളെ' ഏറ്റെടുക്കുമെന്ന് തോന്നി.
സിനിമ സെറ്റിലെ എല്ലാവരുടെയും ഫേവറിറ്റ് ലിസ്റ്റിലും ഈ പാട്ട് ഇടംപിടിച്ചിരുന്നു. തുടക്കക്കാരനെന്ന നിലയിൽ എനിക്ക് വലിയ സന്തോഷം തന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. കാപ്റ്റെൻറ സമയത്ത് പാട്ടുപെട്ടിയും ഇങ്ങനെ തന്നെയായിരുന്നു, എന്നാൽ എന്തുകൊണ്ടോ അത് വലിയ ഹിറ്റായി മാറിയില്ല. കോവിഡ് ആയതിനാൽ ആകാശമായവളെ പുറത്തിറങ്ങി ആളുകളുടെ പ്രതികരണമറിയാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. പടം ഇറങ്ങി പാട്ട് പെട്ടെന്നു തന്നെ ആളുകൾ ഏറ്റെടുത്തു. വെള്ളത്തിൽ മൂന്നു പാട്ടുകൾ കൂടി എഴുതി.
പുതിയ പാട്ടുകാരിൽ പ്രതീക്ഷ നൽകുന്ന ആളെന്ന ഗാനരചയിതാവ് റഫീക് അഹമ്മദിെൻറ വാക്കുകൾ ബഹുമതിയായി ഹൃദയത്തിൽ ചേർക്കുന്നു. അദ്ദേഹം വിളിക്കുകയും ചെയ്തു. ഈ പാട്ടോടുകൂടി പാട്ടെഴുത്തുകാരുടെ വാട്സ് ആപ് ഗ്രൂപ്പിലേക്കും എനിക്ക് ഇടം കിട്ടി. ആകാശത്തോളം എഴുതുക എന്നു പറഞ്ഞ് റഫീക്കയാണ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്തത്.
പുതിയ പാട്ടുകൾ
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ ഒരു പാട്ടെഴുതിയിട്ടുണ്ട്. മുജീബ് മജീദ് ആണ് സംഗീത സംവിധായകൻ. ഉദയ, സീക്രട്ട് ഓഫ് വിമൻ എന്നീ സിനിമകളിൽ പാട്ടുകളെഴുതി. അതുപോലെ റോക്കട്രി എന്ന നമ്പിനാരായണെൻറ ജീവിതം ആസ്പദമാക്കി നാലു ഭാഷകളിൽ ഇറങ്ങുന്ന സിനിമയിലും പാട്ടുണ്ട്.
കുടുംബം
പാട്ട് ഹിറ്റായപ്പോൾ വീട്ടുകാരും ഹാപ്പിയായി. പാട്ടുപെട്ടിക്ക് വിചാരിച്ചത്ര ജനപ്രീതി ലഭിക്കാത്തതിൽ അവർക്കൊക്കെ നിരാശയുണ്ടായിരുന്നു. ആകാശമായവളെ അതെല്ലാം തീർത്തുകൊടുത്തു. ഭാര്യ ദിവ്യ എസ്.ബി.ഐ കുന്ദമംഗലം ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. തിങ്കളും തെന്നലുമാണ് മക്കൾ. അമ്മ രമാവതിയും കൂടെയുണ്ട്. ബേപ്പൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപകനാണ്. അധ്യാപന ജീവിതത്തിനൊപ്പം തന്നെ തേടിവരുന്ന പാട്ടുകൾ എഴുതണെമന്നാണ് ആഗ്രഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.