'നഞ്ചിയമ്മയുടെ ശബ്ദത്തിൽ ഒരു ഭൂമികയുടെ താളവും ജീവനും'; പിന്തുണയുമായി നിധീഷ് നടേരി
text_fieldsമികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി ഗാനരചയിതാവ് നിധീഷ് നടേരി. നഞ്ചിയമ്മയുടെ ശബ്ദത്തിൽ ഒരു ഭൂമികയുടെ താളവും ജീവനുമുണ്ടെന്നും അത് തിരിച്ചറിയാൻ അവരുടെ സംഗീത പശ്ചാത്തലം ചികഞ്ഞു നോക്കേണ്ട കാര്യമില്ലെന്നും നിധീഷ് നടേരി ഫേസ്ബുക്കിൽ കുറിച്ചു.
ഒരു കഥാപാത്രത്തെ ഉൾക്കൊണ്ട് സാക്ഷാത്കരിക്കാൻ കഴിയുന്നതിലാണ് അഭിനേതാവിന് മാർക്ക് വീഴുന്നത്. അയാൾ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചോ ഭാവപ്രകാശനത്തിൽ ഗവേഷണം നടത്തിയോ എന്നത് പ്രസക്തമല്ലെന്നും നിധീഷ് നടേരി ചൂണ്ടിക്കാട്ടി.
നിധീഷ് നടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കലക്കാത്ത സന്തന മേറ
വെഗുവേഗ പൂത്തിറ്ക്ക്
പൂപ്പറിക്കാൻ പോകിലാമ
വിമേനോത്ത പാക്കിലമാ
നഞ്ചിയമ്മ അയ്യപ്പനും കോശിക്കും കൊടുത്തത് അട്ടപ്പാടിയുടെ ഗോത്ര സംഗീതത്തിന്റെ ചേലുളള പാട്ടുപുഴയിൽ നിന്ന് ഒരു കുമ്പിൾ മാത്രമാണ്. പാടിപ്പാടി കൈമാറിയ പാട്ടുകളെ ത്രയോ അവർക്കിടയിലങ്ങനെ തിരയടിക്കുന്നുണ്ട്. അട്ടപ്പാടിയിലെ പഴയ ചങ്ങാതി മയിൽ സ്വാമിയാണ് ഇത്രയും കാലം മലയാളം പാടിയേറ്റെടുത്തു നഞ്ചിയമ്മയുടെ പാട്ടിന്റെ അർഥം പറഞ്ഞു തന്നത്.
കിഴക്കുഭാഗത്തെ ചന്ദനമരം
നിറ നിറയെ പൂത്തു നിൽപ്പുണ്ട്
പൂപ്പറിക്കാൻ പോകാം
വിമാനത്തെയും കാണാം
നിഷ്കളങ്കമായ സന്തോഷത്തിന്റെ പാട്ട്.
ആ പാട്ട് സിനിമയിൽ സച്ചി സമർഥമായ് വിന്യസിച്ച അട്ടപ്പാടിയുടെ ജൈവ പശ്ചാത്തലത്തിന് കൃത്യമായ് ചേർന്നു പോകുന്നതായിരുന്നു. കാലങ്ങളായി അട്ടപ്പാടി ഗോത്ര ജനത പാടി വരുന്ന പാട്ടാണത്.
നഞ്ചിയമ്മയുടെ ശബ്ദത്തിൽ ഒരു ഭൂമികയുടെ താളവും ജീവനും ശബ്ദവും ഉണ്ടായിരുന്നു.
അത് തിരിച്ചറിയാൻ അവരുടെ സംഗീത പശ്ചാത്തലം ചികഞ്ഞു നോക്കേണ്ട കാര്യമില്ല.
ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടു സാക്ഷാത്കരിക്കാൻ കഴിയുന്നതിലാണ് അഭിനേതാവിന് മാർക്ക് വീഴുന്നത്.
അയാൾ നേരത്തെ പൂനാ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചോ ഭാവ പ്രകാശനത്തിൽ ഗവേഷണം നടത്തിയോ എന്നത് അവിടെ പ്രസക്തമല്ല.
മെറിറ്റ് സിനിമയോട് ചേർന്നു നിന്ന പ്രകടനത്തിനാണ്.
നഞ്ചിയമ്മയുടെ കാര്യവും അങ്ങനെ തന്നെ കാണണ്ടേ ..
മികച്ച ശാസ്ത്രീയ സംഗീതകാരിക്കുള്ള പുരസ്കാരമല്ലല്ലോ
ചലച്ചിത്ര പിന്നണി ഗായികക്കുള്ളതല്ലേ അവർക്ക് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.