മുൻ പ്രവാസികളുടെ മെഹ്ഫിൽ രാവുകൾ
text_fieldsഗ്രാമീണതയുടെ ശാലീനതയാണ് പച്ചപിടിച്ച് കിടക്കുന്ന കാവുകളും മുളങ്കാടുകളും കൊക്കരണികളും. നാട്ടുപക്ഷികളോടൊപ്പം ദേശാടനപക്ഷികളും ചേക്കേറുന്നയിടം. സന്ധ്യയായാൽ ചില്ലകളിലിരുന്ന് ഇവ പാടാൻ തുടങ്ങും. രാഗമാലികയിൽ ഭാഷഭേദങ്ങളില്ലാതെ പ്രകൃതിയെ തന്നെ കോർക്കുന്ന മാന്ത്രികതയാണ് ഈ സംഗീത ചിറകടികൾക്കുള്ളത്. പ്രകൃതിയുടെ ഈ മനോഹര സംഗീത സന്ധ്യയിൽനിന്ന് മനുഷ്യനിലേക്ക് പടർന്നുപ്പിടിച്ച ഉന്മാദത്തെയാണ് രാഗങ്ങൾ മെഹ്ഫിൽ എന്നുവിളിക്കുന്നത്. ഗ്രാമീണ സംഗീത സൌന്ദര്യമായ മെഹ്ഫിലുകൾ മനുഷ്യരോടൊപ്പം പ്രവാസഭൂമിയിലും പത്തേമാരിയിറങ്ങി. അടയാളപ്പാറകളിൽ അലയടിച്ചു. മരുഭൂമിയുടെ ആഴങ്ങളിലൂടെ സഞ്ചരിച്ചു. ഒട്ടകങ്ങളോടൊത്ത് മേഞ്ഞും ആട്ടിൻപ്പറ്റത്തെ തെളിച്ചും നടന്നു. ഒഴിവുദിവസങ്ങളിൽ പ്രവാസത്തിന്റെ സങ്കടങ്ങൾക്കുള്ളിൽ കിടന്ന് പാതിരാവോളം പാടി സന്തോഷത്തെ വിളിച്ചുവരുത്തി. അവിടെ തന്നെ കിടന്നുറങ്ങി. അതിരാവിലെ തന്നെ കമ്പനി ബസും കാത്തുനിന്നു. മെഹ്ഫിലുകൾ അങ്ങനെയാണ് സന്തോഷത്തിനുള്ളിലും സങ്കടത്തിനുള്ളിലും ഹാർമോണിയവും തബലയുമായി അത് കടന്നുവരും. വരുന്നവരെയും പോകുന്നവരെയും വിളിച്ചുവരുത്തി പാടിക്കും. പ്രവാസഭൂമിയിലൂടെ അവധിദിവസങ്ങളിൽ കറങ്ങിനോക്കൂ, മെഹ്ഫിലുകൾ പെയ്തിറങ്ങുന്ന രാവുകൾ നിങ്ങളേയും രാഗമാലികയിൽ കോർത്തിണക്കും.
ദുബൈയിൽ, ഖോർഫക്കാനിൽ, ദിബ്ബയിൽ,കൽബയിൽ, ഗുബൈഫാത്തിൽ...
അത്തരമൊരു ഇടമായരുന്നു ദുബൈ ജുമേരയിലെ ബഷീർ സിൽസിലയുടെ വീട്. പാടാനും പറയുവാനും സൗകര്യമുള്ളയിടം. അവധി ദിവസങ്ങളിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് ഇവിടേക്ക് സംഗീത പ്രേമികൾ കടന്നുവരും. പുലരുവോളം പാടും. പാടിപാടിയുറങ്ങും. ദുബൈയിൽ വരിക്കശ്ശേരിമന എന്ന പേരിലാണ് ഈ വീട് അറിയപ്പെട്ടിരുന്നത്. സംഗീതത്തിന് മാത്രമായി ഇവിടെ പ്രത്യേക മുറിയുണ്ടായിരുന്നു. മുറ്റത്തിരുന്ന് പാടുന്നവർക്ക് ദമാസ് മരങ്ങളുടെ തണലുണ്ടായിരുന്നു. വിശപ്പ് മാറ്റാൻ അറബ് വിഭവങ്ങളുമായി സ്വദേശികളുടെ വരവുണ്ടായിരുന്നു. ബഷീർ സിൽസില പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ജുമേരയിലെ മെഹ്ഫിലും കൂടെ വന്നു. നാടുപ്പിടിച്ച പ്രവാസികൾ മാറഞ്ചേരിയിലെ വീട് തേടി പനമ്പാട് വളവിൽ ബസിറങ്ങി.
ദുബൈ അൽ വാസൽ റോഡിനു പകരം കൃഷ്ണപണിക്കർ റോഡിലൂടെ മെഹ്ഫിലുകൾ പൂക്കുന്നിടത്തേക്ക് ഞായറാഴ്ച്ചകളിൽ ബൈക്കിലും കാറിലും സംഗീത പ്രേമികൾ എത്താൻ തുടങ്ങി. സിൽസില വീട്ടിലെ രാവുകൾ സംഗീതത്തിൽ ആറാടി. വീടൊരു കാവായും കാടായും മാറുന്ന സംഗീത മാന്ത്രികത.പാടുന്നവരിലും ഉപകരണങ്ങൾ വായിക്കുന്നവരിലും അധികപേരും പ്രവാസത്തിന്റെ ചൂടും ചൂരും അറിഞ്ഞവർ തന്നെ. എഴുപതുകഴിഞ്ഞ അലിക്ക മുതൽ, കാക്കിക്കുള്ളിലെ പാട്ടുകാരനും നാട്ടുകാരനുമായ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ബഷീർ ചിറക്കൽ തൊട്ട് പുതുതലമുറയുടെ ഹരമായ ഷാജി കുഞ്ഞൻവരെ നിറയുന്നതാണ് പനമ്പാട്ടെ മെഹ്ഫിൽ രാവുകൾ. കീബോഡിലും ഹാർമോണിയത്തിലും മാന്ത്രികത തീർക്കുന്ന കരീം സരിഗ ഏറെ കാലം ഖത്തറിൽ പ്രവാസിയായിരുന്നു. കെ.കെ മുഹമ്മദ്, ഷൺമുഖൻ, ഷാജി, ലത്തീഫ്, യൂനസ്, ബക്കർ മാറഞ്ചേരി, നൗഷാദ് ഷാ, ഗുരുവായൂർ നാസർ, രമേഷ് അമ്പാരത്ത് തുടങ്ങിയവരെല്ലാം പ്രവാസത്തിൽ ഏറെ കാലം കഴിഞ്ഞവരാണ്. കൃഷ്ണനും അരവിന്ദനും പൊന്നാനിയിലെ പ്രശസ്ത സംഗീത പ്രതിഭകളാണ്.
ആസ്വാദകരായി എത്തുന്നവരിലധികവും പ്രവാസഭൂമിയിൽ കഴിഞ്ഞവർ തന്നെ. മെഹ്ഫിലുകൾ ഇന്നും പെയിതിറങ്ങുന്ന പൊന്നാനി അങ്ങാടിയുടെ സൗഭാഗ്യമായ വി.കെ മായന്റെയും ഹനീഫ മാസ്റ്ററുടെയും പ്രിയ ശിഷ്യരാണ് സിൽസില മെഹ്ഫിലിലെ മിക്ക കലാകാരൻമാരും. പനമ്പാടിന്റെ സ്വകാര്യ അഹങ്കാരമായ നാടക സംവിധായകൻ ടിയാർസിയുടെയും കെ.പി.എ.സിയിലെ മുതിർന്ന നടൻ ജിയോ മാറഞ്ചേരിയുടെയും നാടൻ പാട്ടിന്റെ കുലപതി മലബാർ മനോഹരന്റയും ശിഷ്യന്മാരുടെ നീണ്ടനിര ഈ മെഹ്ഫിൽ രാവിന്റെ നക്ഷത്ര തിളക്കമാണ്. പുതുവർഷ ദിനത്തിൽ കൂടുതൽ മികവാർന്ന രീതിയിൽ രാവിനെ പാട്ടിലാക്കാനാണ് ഈ കൂട്ടായ്മയുടെ തിരുമാനം. ബുർജ് ഖലീഫയിലും ബുർജ് അൽ അറബിലും ദീപങ്ങളും കരിമരുന്നുകളും സംഗീതം തീർക്കുമ്പോൾ സിൽസിലയിൽ മെഹ്ഫിലുകൾ പുതുവർഷ ഹർഷങ്ങൾ തീർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.