നാരായണ...നാരായണ പോലുള്ള ഗാനങ്ങളാണ് പലരും പ്രതീക്ഷിക്കുന്നത്; എന്നാൽ മലയാളികൾ പാടി നടന്ന ആ കുട്ടിപ്പാട്ടുണ്ടാക്കിയത് ഞാനാണെന്ന് ആർക്കുമറിയില്ല -തുറന്നു പറഞ്ഞ് ശരത്
text_fieldsതിരുവനന്തപുരം: മലയാളികൾ എന്നും ഓർക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. മെലഡികളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പാടാൻ ഇത്തിരി കടുപ്പമുള്ള പാട്ടുകളാവും അദ്ദേഹത്തിന്റേത്. എന്നാൽ എല്ലാത്തരം പാട്ടുകളുമുണ്ടാക്കാനും തനിക്കിഷ്ടമാണെന്ന് തുറന്നുപറയുകയാണ് ശരത് ഒരു പരിപാടിക്കിടെ.
അലമ്പ് പാട്ടുണ്ടാക്കാൻ വളരെ ഇഷ്ടമാണ്. എന്നാൽ ആരും വിളിക്കാറില്ലെന്നും അദ്ദേഹം പരിഭവം പറഞ്ഞു. നിലവിളി പാട്ടുണ്ടാക്കാനും വളരെ ഇഷ്ടമാണ്. മുഴുവൻ സമയവും തമ്പുരുവും കൊണ്ടുനടക്കുന്നത് കൊണ്ട് തന്നെ ഒരു നാരദനെ പോലെയാണ് സംവിധായകരും നിർമാതാക്കളും എപ്പോഴും കാണുന്നത്. നാരായണ...നാരായണ പോലുള്ള ഗാനങ്ങളാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ന് അങ്ങനെയുള്ള സിനിമകൾ ഇല്ല. അതുകൊണ്ടാകും പാട്ട് ചെയ്യാൻ ആരും വിളിക്കാത്തതെന്നും തംബുരു മൂടിവെച്ചിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
മഴ മഴ കുട കുട, മഴ വന്നാൽ പോപ്പി കുട എന്ന പാട്ടുണ്ടാക്കിയത് ഞാനാണെന്ന് അധികമാർക്കുമറിയില്ലെന്നും ശരത് കൂട്ടിച്ചേർത്തു. 1990ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രത്തിലെ മംഗളങ്ങരുളും മഴദീപങ്ങളെ, ആകാശദീപം...എന്ന പാട്ടുകളുമായാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. പവിത്രത്തിലെ ശ്രീരാഗമോ സംഗീതാസ്വാദകൾ ഏറെ നെഞ്ചേറ്റിയ ഗാനമാണ്. മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.