ഓണത്തിനെങ്കിലും നീ വരുമോ? വിദ്യാധരൻ മാഷ് വീണ്ടും തരംഗം തീർക്കുന്നു
text_fieldsഓണത്തിനെങ്കിലും നീ വരുമോ?
എൻ ഓമൽ പൊൻ പൈതലേ...
വീടിന്‍റെ മുറ്റത്ത് പേരമക്കളിടും
പൂക്കളം കാണുവാൻ മോഹമുണ്ടേ...
ഓണക്കാലമായിട്ടും തന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാൻ ഏക മകൻ എത്താത്തതിൽ മനംനൊന്ത് വൃദ്ധസദനത്തിലിരുന്ന് പാടുന്ന അഛന്‍റെ ദുഃഖം ശ്രോതാവിന്‍റെ മനസിൽ നീറ്റൽ ഉളവാക്കും വിധം പാടിയിരിക്കുന്നു സംഗീത സംവിധായകൻ വിദ്യാധരൻ മാഷ്.
ഇന്ന് വൈകുന്നേരം ആറിന് ലോഞ്ച് ചെയ്ത വിദ്യാധരൻ മാഷിൻ്റെ യൂടൂബിലെ ആദ്യ ഗാനോപഹാരമാണിത്. 'ഓണത്തിനെങ്കിലും... എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീതാവിഷ്ക്കാരം കണ്ണീരണിയാതെ പ്രേക്ഷകന് കണ്ട് പൂർത്തീകരിക്കാനാവില്ല.
വൃദ്ധസദനങ്ങളിലും ആരാധനാലയ നടകളിലും വൃദ്ധ മാതാപിതാക്കളെ നട തള്ളുന്ന മക്കളോടുള്ള ചോദ്യം കൂടിയാണീ ആവിഷ്ക്കാരം. ശശികല മേനോന്‍റെ വരികൾക്ക് ഭാവതീവ്രമായി മാഷ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.
എല്ലാർക്കുമൊപ്പം ഒരു ദിനം ഞാൻ കൂടി വന്നോട്ടെയെന്ന അഛന്‍റെ തേങ്ങൽ ഏത് കരിങ്കൽ ഹൃദയനെയും കരയിക്കും.എം.ആർ. മുരളിയുടെ ഷൊർണൂർ കുളപ്പുള്ളിയിലെ അഭയം ഓർഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പമാണ് ഈ സംഗീതോപഹാരത്തിന്‍റെ ചിത്രീകരണം നടന്നത്.വൃദ്ധസദന പശ്ചാത്തലത്തിലുള്ള അവതരണം ഹൃദയസ്പൃക്കാണ്. ഇ.എൽ. സുധീപ് സംവിധാനവും കാമറയും നിർവഹിച്ച ആവിഷ്ക്കാരത്തിന് തിരക്കഥ രചിച്ചത് സുധീപും മാഷിന്‍റെ മക്കളായ സംഗീതയും സജിത്തും ചേർന്നാണ്.
കൃഷ്ണ ഹോംസ് ഉടമ ബാൽറാം (ബാലു ) ആണ് നിർമാതാവ്.ചടങ്ങുകൾ ഇല്ലാതെ അനൗപചാരികമായാണ് യൂടൂബ് ലോഞ്ച് ചെയ്യുന്നത്. ഈ ഗാനാവിഷ്ക്കാരത്തോടെ ഇത്തവണത്തെ ഓണത്തിനും വിദ്യാധരൻ മാഷ് സംഗീത പ്രേമികളുടെ മനസ് കീഴടക്കുകയാണ്. ഓണമാണ്, വീണ്ടും ഓണമാണ് വേണമായുസ്സെന്ന തോന്നലാണ് എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ഓണത്തിന് വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.