ഗന്ധർവഗായകർ പാടുമീസോപാനം
text_fieldsമർത്യഭാഷയെ ചൈതന്യപൂർണമാക്കുന്ന ഒരിടമാണ് പാട്ട്. മനുഷ്യരിലെ ചൈതന്യപ്രകാശനത്തിനായി ഒരു സന്ദർഭം കാത്തുകിടക്കവേ അത് പാട്ടായി മാറുന്നു. പാട്ടെഴുത്തുകാരൻ കവി ആ ചൈതന്യത്തെ ഗാനഭാഷയിൽ സാക്ഷാത്കരിക്കുന്നു. പാട്ടിലെ വ്യഞ്ജിതമായ അന്തരംഗത്തെ അലൗകികമാക്കുന്ന ഒരനവദ്യലാവണ്യമുണ്ടായിരുന്നു ഒ.എൻ.വിയുടെ വരികളിൽ.
മർത്യർക്കൊപ്പംതന്നെ അമർത്യരായ ഒട്ടേറെ പ്രതിനിധാനങ്ങളാൽ നിബിഡമായിരുന്നു ഒ.എൻ.വിയുടെ പാട്ടുലോകം. പാട്ടിന്റെ ഭാവപ്രപഞ്ചവുമായി ഗാഢമായ സ്വരൈക്യം പുലർത്തുന്ന നിശ്ശബ്ദചാരികളുടെ ഒരു വലിയ ലോകം ഒ.എൻ.വി ഗാനങ്ങളിലുണ്ട്. ഗന്ധർവനും ദേവദൂതിയും മാലാഖയും അപ്സരസ്സും കിന്നരനുമെല്ലാമടങ്ങുന്ന അലൗകികമായ ഒരു ലോകമായിരുന്നു അത്.
പാട്ടിന് ഇവർ നൽകുന്ന കാൽപനികതയും ഭാവഗീതാത്മകതയും ഒട്ടും ചെറുതല്ലായിരുന്നു. പാട്ടിനെ കൂടുതൽ വൈപഞ്ചികമാക്കുകയായിരുന്നു അവർ. ഗേയശേഷിയുടെ സർവാശ്ലേഷിയായ ഒരാഘോഷമാക്കി പാട്ടിനെ മാറ്റുകയായിരുന്നു ഈ ഗഗനചാരികൾ. ദേവദൂതനും ഗന്ധർവരുമൊക്കെ ഒ.എൻ.വിയുടെ പാട്ടുലോകത്തിലെ സജീവഗായകർതന്നെയായിരുന്നു. കേവല മർത്യഭാഷ കേൾക്കാനാവാത്ത ദേവദൂതിക എന്ന സങ്കൽപത്തെ നഖക്ഷതങ്ങളിലെ മൂകയും ബാധിരയുമായ പെൺകുട്ടിയുടെ പ്രതീകവുമായി ഇണക്കിച്ചേർത്തു കവി. ‘
ദേവദൂതികൾ നമ്മെ കാണാൻ പൂവുകളായ് വന്നെത്തുന്നു’ എന്നും ‘ഏതോ മയക്കത്തിലെന്നയെടുത്തു ദേവദൂതി പറന്നു’ എന്നുമൊക്കെ അദ്ദേഹം സ്വപ്നസദൃശമായ ഒരു ലോകത്തെ പാട്ടിൽ പണിയുകയുണ്ടായി. കവിക്ക് നിത്യപ്രചോദകമെന്നപോൽ ഈ അഭൗതികകാന്തികൾ അജ്ഞേയതയുടെയും അനന്തതയുടെയും ആന്തരികതയുടെയുമൊക്കെ ലോകങ്ങൾ ചമക്കുന്നു.
പലതരം ഭാവനകൾ ഉണ്ടായിരുന്നു ഒ.എൻ.വിയിൽ. അദ്ദേഹത്തിന്റെ ക്ലാസിക്കൽ ഭാവന പീലിവിടർത്തുന്ന സൗന്ദര്യമയൂരങ്ങളാകുകയാണ് ദേവദൂതികമാർ. പളുങ്കുചിറകുകൾ വീശി ദേവദൂതർ പെൺപിറാക്കളെപ്പോലെ വന്നെത്തുന്നു. മലർവർണങ്ങളുടെ മന്ത്രകോടി നിർത്തി ഭൂമിയത് ചാർത്തുമ്പോൾ ദേവദൂതികൾ പാട്ടുകൾ പാടുന്നു. അവർ പാടും സ്വരം പൂവായ് വിടരുന്നു. ഒലീവിന്റെ പൂക്കൾ ചൂടിയാടും നിലാവിൽ അവർ പാടിയെത്തുന്നു. ദേവദൂതർ പാടുന്ന വഴിയേ അണയുകയാണൊരാടിമാസക്കാറ്റ്. നിലാവിൽ ദേവദൂതർ പാടുന്ന പ്രേമഗീതമായിരുന്നു ഒ.എൻ.വിയുടെ പാട്ട്. കേവലസ്നേഹമാധുരി തേടി ഭൂമിയിലെത്തിയ ദേവാംഗനയെപ്പോലെയാണ് ഒ.എൻ.വിപ്പാട്ടിലെ പ്രണയിനി.
അനുരാഗലോലയായ കന്യകയെ തേടുന്ന ഗന്ധർവനായി വരുകയാണ് ഒ.എൻ.വിപ്പാട്ടിലെ ഗായകൻ. ആറ്റിറമ്പിൽ പാടുന്ന ഒരു പ്രേമഗന്ധർവൻ ഒ.എൻ.വിയുടെ പാട്ടിലുണ്ടായിരുന്നു. പ്രണയികളുടെയും വിരഹികളുടെയും ഗന്ധർവലോകമുണ്ടായിരുന്നു കവിയുടെ പാട്ടിൽ.
‘എന്നന്തരംഗ നികുഞ്ജത്തിലേതോ ഗന്ധർവൻ പാടാൻ വന്നു’ എന്ന് കവി സ്വയം വെളിപ്പെടുന്നുണ്ട്. ‘ആരെയോ മന്ത്രിമോതി മാടിവിളിച്ചിടുന്ന ആലിൻകൊമ്പത്തെ ഗന്ധർവൻ’ മനുഷ്യഗായകൻതന്നെയാണെന്ന് തോന്നിപ്പോകും ഒ.എൻ.വിയുടെ പാട്ട് കേൾക്കുമ്പോൾ. ‘കാണാക്കൊമ്പിലിരുന്ന് പാടുന്ന ഒരു കിന്നരനുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രണയഗീതിയിൽ. പാതിരാക്കാറ്റിൽ ഗന്ധർവൻ പാടുന്ന പാലയെക്കുറിച്ചും ഒ.എൻ.വി പാട്ടിലെഴുതി. ‘ഈ മണ്ണിന്റെ മാറിലെ സൗന്ദര്യഗോപുരം കണ്ടിട്ട് വിണ്ണിലെ സുന്ദരിമാരോട് ഭൂമിയെ വർണിച്ച് പാടുകില്ലേ’ എന്ന് വെൺമുകിൽ മഞ്ചലിലേറിവരുന്ന ഗന്ധർവനോട് കവി ചോദിക്കുന്നു.
മണ്ണും വിണ്ണും തമ്മിലുള്ള പരസ്പരലയം ഈ പാട്ടിലുണ്ട്. ‘പൊന്നരയാലിൽ മറഞ്ഞിരുന്ന് പ്രണയിനിയുടെ സൗന്ദര്യത്തെ പ്രകീർത്തിച്ച് പാടുന്ന കിന്നരകുമാരനും’ ‘മാറിൽ ചായാനും കുളിർ ചൂടുവാനും വേണ്ടി മണ്ണിലെത്തുന്ന ഗന്ധർവകന്യ’യുമൊക്കെ ഒ.എൻ.വി ഗീതികളിലെ ഇമേജുകളാണ്. സ്വന്തം ഭാവനയെയും സങ്കൽപങ്ങളെയും അതീതകാല സ്മരണകളെയും പ്രക്ഷേപിക്കുവാൻ കഴിയുന്ന ഭാവസൗന്ദര്യബോധമായിട്ടാണ് ഈ ഗഗനചാരികളെല്ലാം ഒ.എൻ.വിയുടെ ഗാനങ്ങളിൽ വിരുന്നുവരുന്നത്.
സംഗീതം ആത്മഭാവമായിരുന്ന കവിക്ക് ‘ഗന്ധർവഗായകർ പാടുന്ന സോപാന’മണയുവാൻ അകമേ ആഗ്രഹമുണ്ട്. ‘ഏതു ഗന്ധർവവീണതൻ നാദലാവണ്യമാണ് നീ’ എന്ന് പ്രണയിനിയോട് സന്ദേഹമുണർത്തുന്നൊരാൾ കവിയുടെ പാട്ടിൽ കാണാം. ഭാവഗീതാത്മകത പകരുവാനായിരുന്നു ഒ.എൻ.വി തന്റെ ഗാനങ്ങളെ ഇത്രക്കും ഗന്ധർവബന്ധുരമാക്കിയത്. ഗന്ധർവശ്രുതി ചേർത്തുവെച്ച പാട്ടുകളായിരുന്നു ഒ.എൻ.വിയുടേത്.
ഒരർഥത്തിൽ ഈ ഗന്ധർവഭൂമികയാണ് ഒ.എൻ.വിയുടെ പാട്ടുകളിലെ നാനാർഥങ്ങളുടെയും സത്തയായി സങ്കൽപിച്ചിരിക്കുന്ന ഗേയത്വത്തിന്റെ കേന്ദ്രം. കഥാസന്ദർഭത്തിന് കൂടുതൽ ലാവണ്യം നൽകുന്നവരായിരുന്നു ഈ ഗന്ധർവഗായകർ. കവിയെ സംബന്ധിച്ചിടത്തോളം ഗന്ധർവ സാമീപ്യമെന്നത് ഏകാന്തതയുടെ ഒരു സമയത്തെ നിർമിക്കുന്നു. ഗന്ധർവ പ്രണയത്തിന്റെ സംഗീതമുണ്ടായിരുന്നു ആ ഗാനങ്ങൾക്ക്.
കവിയുടെ മനസ്സിലെ മന്ദ്രമധുരമായ സംഗീതം ഈ ഗന്ധർവന്റേതുകൂടിയാണ്. ഒരു ഗന്ധർവ ഗായകൻ വീണമീട്ടിപ്പാടുന്ന ഭാവലോകമാണ് ഒ.എൻ.വിയുടേത്. പാട്ടിൽ നശ്വരതയുടെയും അനശ്വരതയുടെയും രണ്ടു ലോകങ്ങൾ പണിയുന്നുണ്ട് ഒ.എൻ.വി. പാട്ടിൽ സൗന്ദര്യത്തിന്റെ ഭാഷ തീർക്കുന്നത് ഒരുപക്ഷേ, ഈ ഗന്ധർവഗായകരാണ്.
‘നിഴലുകൾ വെള്ളിനിലാക്കീറുകളോടിണചേരും താഴ്വരയിൽ
നല്ലൊരു പാട്ടിന്നീരടിപോൽ
നമ്മൾ നടന്നണയുമ്പോൾ
കിന്നരദമ്പതിമാരെന്നോർത്തോ
മന്ദരങ്ങൾ ചിരിക്കുന്നു’
എന്ന വരിയിൽ യഥാർഥ ജീവിതത്തിലും ഈ ഗന്ധർവ സാമീപ്യത്തെ കവി ഉറപ്പാക്കുന്നു. മാലാഖമാരുടെയും അപ്സരസ്സുകളുടെയും പെരുംപറ്റങ്ങൾ ഉണ്ടായിരുന്നു ഒ.എൻ.വിയുടെ ഗാനങ്ങളിൽ. പാട്ടിന്റെ ശിൽപഘടനയിലേക്ക് പ്രവേശിക്കുകയാണ് സൗന്ദര്യഭാഷ തീർക്കുന്ന ഇക്കൂട്ടർ. കവിയുടെ ആത്മലാവണ്യത്തിന്റെ പ്രതീകങ്ങളായിരുന്നു ഇവരെല്ലാം. ‘സുഖസ്വപ്നങ്ങളിൽ പാടുന്ന മാലാഖ, വാത്സല്യലോലം വരുന്ന മാലാഖ, നീയറിയാതെ നിന്നെക്കാണാൻ വരുന്ന മാഖാലമാർ, ലീലാരാമങ്ങളിൽ പാടുന്ന മാലാഖമാർ, പൂവുകളിൽ ആടിവരുന്ന കുഞ്ഞുമാലാഖമാർ...
അങ്ങനെ മാലാഖമാരുടെ മായികമായ മനോഭാവങ്ങളെ കവി പാട്ടിൽ കൊണ്ടുവരുന്നു. കാൽപനികമായ ഒരു ഭ്രമാത്മകതയുടെ ലോകത്തിന്റെ വൈകാരികാവിഷ്കാരം സാധ്യമാക്കുകയാണ്. അവിടെ ചിത്രശലഭങ്ങളെപ്പോലെ പുഷ്പങ്ങൾ തേടിവരുന്ന അപ്സരസ്സുകളെ കാണാനാകും. ഇവയെല്ലാം പാട്ടിന് സവിശേഷമായ ഒരന്തരീക്ഷം നൽകുന്ന സജീവഘടകങ്ങളാണ്. ഇങ്ങനെ ഭിന്നവിതാനത്തിലുള്ള ഈ സ്വർഗസഞ്ചാരികളെ തന്റെ പാട്ടിന്റെ അഗാധഘടനയിൽ സാക്ഷാത്കരിക്കുകയായിരുന്നു ഒ.എൻ.വി.
ജീവിതസന്ദർഭങ്ങളെ പാട്ടിൽ ആത്മനിഷ്ഠമായി ചിത്രീകരിക്കുമ്പോഴും ഒ.എൻ.വി അമൂർത്തമായ അനുഭവപ്രതീതിയുണ്ടാക്കാൻ ഇത്തരമൊരു ഭൗതികാതീത സങ്കൽപങ്ങളുടെ മാന്ത്രികപേടകം തുറന്നുകാട്ടുകയായിരുന്നു. താനെഴുതുന്ന വരികളെക്കുറിച്ച് അദ്ദേഹത്തിന് അത്രമാത്രം കാൽപനികമായ ബോധ്യങ്ങളുണ്ടായിരുന്നു. ഗന്ധർവാനുരാഗിയായ ഒരാളുടെ സൗന്ദര്യലഹരിയായി മറുന്നുണ്ട് കവിയുടെ ഗാനങ്ങൾ എന്ന് തിരിച്ചറിയാൻ ഈ പാട്ടുകൂടി കേട്ടാൽ മതിയാകും.
‘നിത്യകാമുകനാമൊരു ഗന്ധർവൻ
ദൃശ്യസീമകൾക്കപ്പുറം പാടവേ,
നീയരികിലിരിക്കൂ, നിനക്കായ്
ഞാനീ പുരാതന കിന്നരം മീട്ടിടാം’...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.