Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമൃദുലമാം നിസ്വനം...

മൃദുലമാം നിസ്വനം പോലെ....

text_fields
bookmark_border
മൃദുലമാം നിസ്വനം പോലെ....
cancel
camera_alt

ഒ.എൻ.വി. കുറുപ്പ് 

‘പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ... ആ മരത്തിൻ പൂന്തണലിൽ വാടിനിൽക്കുന്നോളേ...’ എന്ന ഗാനം സ്കൂൾ കലോത്സവങ്ങളിൽ പതിവായി കേട്ടപ്പോൾ, ഈ വരികളെക്കുറിച്ചു മലയാളം അധ്യാപകനോടു ഒരിക്കൽ ചോദിച്ചു. വാര്യർ മാഷിനെ കുട്ടികൾക്ക് പൊതുവെ ഭയമായിരുന്നുവെങ്കിലും, മലയാളം പ്രബന്ധ മത്സരങ്ങളിൽ ഒന്നാമനാകുന്ന കുട്ടിയായതിനാൽ അദ്ദേഹത്തോട് അൽപം സ്വാതന്ത്യ്രമെടുക്കാൻ കഴിഞ്ഞിരുന്നു.

ഒ.എൻ.വി. കുറുപ്പ് എന്ന പേര് ആദ്യമായി ഞാൻ വാര്യർ മാഷിൽനിന്നു കേട്ടു. കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനുവേണ്ടി ഒ.എൻ.വി എഴുതിയ ഗാനമാണിതെന്നും ചന്ദ്രക്കല അരിവാളുപോലെയാണിരിക്കുന്നതെന്നും പാടത്തു പണിയെടുത്തു വാടിനിൽക്കുന്ന പാവം പെണ്ണുങ്ങൾക്ക്

എത്രകണ്ടത് സാന്ത്വനമേകുന്നുവെന്നും മറ്റും വാര്യർ മാഷ് തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ വിവരിച്ചു തന്നത് ഇന്നലെയെന്നപോലെ ഞാൻ ഇന്നുമോർക്കുന്നു!

ഒ.എൻ.വിയാണ് മനസ്സിൽ പതിഞ്ഞ ആദ്യത്തെ ഗാനരചയിതാവ്. അന്നു മുതൽ ഇന്നുവരെ അദ്ദേഹമാണ് എനിക്ക് എല്ലാം തികഞ്ഞൊരു പാട്ടെഴുത്തുകാരൻ!

കണ്ടപ്പോഴൊക്കെയും ചോദിച്ചറിഞ്ഞത് ഏറെ ആകർഷിച്ച അദ്ദേഹമെഴുതിയ ഗാനങ്ങളെക്കുറിച്ചായിരുന്നു. ‘അഗ്നിശലഭങ്ങ’ളും ‘ഭൂമിക്കൊരു ചരമഗീത’വും ‘ഉജ്ജയിനി’യും ‘സൂര്യന്റെ മരണ’വും അദ്ദേഹം രചിച്ച ആത്മാവുള്ള കവിതകളോ കവിതാ സമാഹാരങ്ങളോ ആണെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ, ‘എന്റെ കടിഞ്ഞൂൽ പ്രണയകഥ’യിലെ ‘പെൺ‍കൊടീ, നിന്നെയും തേടി...’ എന്നതു പോലെയൊ, ‘ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു...’ എന്നതുപോലെയുള്ള വരികളെഴുതിയ പാട്ടെഴുത്തുകാരനാണ് ഒ.എൻ.വി എനിക്കെന്നും.

‘തോന്ന്യാക്ഷരങ്ങ’ളും, ‘ശാർങ്ഗകപ്പക്ഷികളും’ ‘കറുത്ത പക്ഷിയുടെ പാട്ടും’ അദ്ദേഹം സമ്മാനമായിത്തന്നത് മുഴുവനായി ഇപ്പോഴും വായിച്ചുതീർന്നില്ലയെന്നത് ഒ.എൻ.വിയെന്ന മഹാകവിയോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തെ ഒരു ഗാനരചയിതാവായേ എനിക്കു തിരിച്ചറിയാൻ കഴിഞ്ഞുള്ളൂവെന്ന പരിമിതികൊണ്ടാണ്. അദ്ദേഹത്തെ ആദ്യമായി അറിഞ്ഞതു തന്നെ ആത്മാവുള്ള വരികളെഴുതുന്നയാൾ എന്ന വാസ്തവം ഈ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാൻ എന്റെയുള്ളിൽ തകിലുകൊട്ടിയിട്ടുമുണ്ടാകാം. എന്നിരുന്നാലും, ഭാവനാസമ്പന്നനായ ഒരു കവിക്കുമാത്രമേ ഗാനങ്ങളുടെ അക്ഷരങ്ങളിൽ സുന്ദരമായ ദൃശ്യബിംബങ്ങൾ സൃഷ്ടിക്കാൻ കഴിയൂ എന്ന വസ്‌തുത വിസ്‌മരിക്കപ്പട്ടത് കാവ്യോചിതമല്ലെന്നു സമ്മതിക്കാതെ വയ്യ.

ജീവിതത്തിൽ ഏറെ കാലം മലയാള മണ്ണിൽനിന്ന് അകന്നുകഴിയേണ്ടിവന്നവർക്ക് നൂറ്റാണ്ടുകാലമെങ്കിലും കൂട്ടിരുന്നത് ഒ.എൻ.വി ‘ചില്ല്’ എന്ന സിനിമക്കുവേണ്ടി 1981ൽ എഴുതിയ ‘ഒരു വട്ടംകൂടിയെൻ ഓർമകൾ‍ മേയുന്ന തിരുമുറ്റത്തെത്തുവാൻ‍ മോഹം...’ എന്നു തുടങ്ങുന്ന ഗാനമാണ്. തീവ്രമായ ഗൃഹാതുരത്വം ഉണർത്തുമ്പോഴും ശ്രോതാവിനെ അയാളുടെ പുരയിലും പുരയിടത്തിലും തന്നെ നിർത്തി നെല്ലിക്കയും അടരുന്ന കായ്മണികളും കിണർവെള്ളവും ഉച്ചത്തിൽ‍ കൂകുന്ന കുയിലിനെയും യഥേഷ്ടം നൽകി ഒന്നും നഷ്ടമായില്ലെന്നു ഉള്ളറിഞ്ഞു ബോധ്യപ്പെടുത്താൻ ഒ.എൻ.വിക്കല്ലാതെ മറ്റാർക്കാണു കഴിയുക!

എല്ലാവരും എന്നും പാടുന്ന ആയിരം ഗാനമെങ്കിലും രചിച്ച ഒ.എൻ.വിയുടെ ഏറ്റവും മികവുറ്റ സൃഷ്ടി ഏതെന്നു ചോദിക്കുന്നത് ശ്രോതാക്കളിൽ അമ്പരപ്പുണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഭാഷാലാളിത്യവും കാവ്യഭംഗിയും ദൃശ്യചാരുതയും പ്രകൃതി ഔപമ്യവും പരാമർശ ഉരക്കല്ലുകളായെടുത്ത് ഒരിക്കൽ ഈ ചോദ്യത്തിന് ഉത്തരമന്വേഷിച്ചിട്ടുണ്ട്.

‘വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം

വാരിവിതറും തൃസന്ധ്യ പോകെ...

അതിലോലമെൻ ഇടനാഴിയിൽ നിൻ

കളമധുരമാം കാലൊച്ച കേട്ടു...

മധുരമാം കാലൊച്ച കേട്ടു.

ഹൃദയത്തിൻ തന്തിയിൽ ആരോ വിരൽ തൊടും

മൃദുലമാം നിസ്വനം പോലെ...

ഇലകളിൽ ജലകണം ഇറ്റുവീഴുമ്പോലെൻ

ഉയിരിൽ അമൃതം തളിച്ചപോലെ...

തരളവിലോലം നിൻ കാലൊച്ച കേട്ടു ഞാൻ

അറിയാതെ കോരിത്തരിച്ചുപോയി

അറിയാതെ കോരിത്തരിച്ചുപോയി.

ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ

മധുകരം മുകരാതെ ഉഴറും പോലെ...

അരിയ നിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ

പൊരുളറിയാതെ ഞാൻ നിന്നു.

നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ

മറ്റൊരു സന്ധ്യയായ് നീ വന്നു...

മറ്റൊരു സന്ധ്യയായ് നീ വന്നു.’

1987ൽ, ‘ഇടനാഴിയിൽ ഒരു കാലൊച്ച’ക്കുവേണ്ടി ഒ.എൻ.വി എഴുതിയ വരികളാണിവ. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസും ചിത്രയും ആലപിക്കുന്നു. ഈ ഗാനം മൊത്തത്തിൽ ഭാഷാലാളിത്യത്തിന് ദൃഷ്ടാന്തമാണെങ്കിലും, ഒരു പദപ്രയോഗം മാത്രം എടുത്തുപറയട്ടെ. ഹൃദയത്തിൻ ‘തന്തി’യിൽ എന്ന് അദ്ദേഹമെഴുതിയത്, ‘തന്തി’ എന്ന പദത്തിന് ഒരർഥം മാത്രമേയുള്ളൂവെന്നതിനാലും, അതുതന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്ന പദമെന്നതുകൊണ്ടുമാണ്. വീണയുടെ കമ്പിപോലെ, ഹൃദയത്തിന്റെ കമ്പി. അതിൽ വിരൽ ‍തൊടുമ്പോഴുള്ള മൃദുലമായ നിസ്വനം. ‘തന്ത്രി’യെന്നാൽ, രണ്ടർഥമുണ്ട്. രണ്ടാമത്തെ അർഥമായ ക്ഷേത്രത്തിൽ തന്ത്രംകഴിക്കുന്ന പൂജാരിയായി ഇതു ശ്രോതാക്കൾ തെറ്റിദ്ധരിക്കരുതെന്ന് ഒ.എൻ.വിക്ക് നിർബന്ധമുണ്ടായിരുന്നു. ഹൃദയത്തിനും ഒരു പൂജാരി ഉണ്ടാകാമല്ലൊ. ഒ.എൻ.വി ഏറെ ശ്രദ്ധിച്ചു തിരഞ്ഞെടുത്തു ഉപയോഗിച്ച ‘തന്തി’യെ ‘തന്ത്രി’യെന്നു പലരും തെറ്റി മനസ്സിലാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദാസേട്ടനും ചിത്രയും അക്ഷരസ്ഫുടതയോടെ ‘തന്തി’യെന്നു പാടുന്നത് ഏറെ തന്മയത്വത്തോടെയാണ്.

ഈ പാട്ടിലെ ഓരോ സൗമ്യമധുരമായ വരിയും അതു കേൾക്കുന്നവന്റെ ഉള്ളിൽ കാവ്യഭംഗികൊണ്ടു കുളിരു കോരിയിടുന്നതാണെങ്കിൽ, വാതിൽപഴുതിലൂടെ കുങ്കുമം വിതറുന്ന തൃസന്ധ്യയും, ഇറ്റുവീഴുന്ന ജലകണം ഇലകളിൽ മനോഹരമായി ചിന്നിച്ചിതറുന്നതും, ഹിമബിന്ദുവാൽ മൂടപ്പെട്ട പൂവിനെ പുണരാൻ മല്ലിടുന്ന മധുപനും, കളമെഴുതുന്ന നിഴലുകളും ഒ.എൻ.വിക്ക് മാത്രം വരച്ചിടാൻ കഴിയുന്ന ചില ദൃശ്യചാരുതകളാണ്!

കാട്ടുപൂക്കളിലെ ‘മാണിക്യവീണയും’ മദനോത്സവത്തിലെ ‘സാഗരമേ ശാന്തമാകൂ നീ’യും, നീയെത്ര ധന്യയിലെ ‘അരികിൽ നീയുണ്ടായിരുന്നെങ്കി’ലും, ആരണ്യകത്തിലെ ‘ആത്മാവിൽ മുട്ടിവിളിച്ചതും’, നഖക്ഷതങ്ങളിലെ ‘മഞ്ഞൾ പ്രസാദവും’, വൈശാലിയിലെ ‘ഇന്ദുപുഷ്പ’വും കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു ശ്രോതാവിന്റെ കൂടെ എന്നുമുണ്ടാകുമെന്നുറപ്പുള്ള ചില രചനകളാണ്. മികച്ച ഗാനരചയിതാവിനുള്ള 14 സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും അതിനാൽ തികച്ചും സ്വാഭാവികം!

ഗാനാസ്വാദകനുമേൽ ഒ.എൻ.വി ആധിപത്യം സ്ഥാപിച്ചത് കവിത്വംകൊണ്ടു മാത്രമായിരുന്നു. അക്ഷരങ്ങൾക്ക് അവാച്യമായ അർഥങ്ങളുണ്ടെന്ന് അദ്ദേഹം അനുവാചകനെ സദാ ബോധ്യപ്പെടുത്തി. കടുപ്പമുള്ള ഒരു പദവും എവിടെയും ഉപയോഗിച്ചില്ലതാനും. പ്രകൃതിയിൽ നാം നിത്യേനെ കാണുന്നതിലെല്ലാം ഇത്രയും കാവ്യസൗന്ദര്യമുണ്ടെന്ന് നമ്മുടെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു കവിയുണ്ടോ? അദ്ദേഹത്തിന്റെ ചിരിപോലെ, വരികളും ജനപ്രിയമാകാനുള്ള കാരണവും മറ്റൊന്നല്ല!

ഗാനങ്ങളെപ്പോലെ അദ്ദേഹത്തിന്റെ സംഭാഷണ രീതിയും വളരെ സരളവും മനം കവരുന്നതുമായിരുന്നു. എല്ലാം ലളിതം, പ്രകൃതി പോലെ സുതാര്യം. അ​ദ്ദേഹത്തോടാപ്പമുള്ള ഓർമകൾ ‘മൃദുലമാം നിസ്വനം പോലെ’ മനസ്സിൽ മാറ്റൊലിപോലെകൊള്ളുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemonv kurupp
News Summary - onv kurupp- poem
Next Story