Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമുകിലിന്‍റെ പാട്ടുകൾ

മുകിലിന്‍റെ പാട്ടുകൾ

text_fields
bookmark_border
p bhaskaran
cancel
camera_alt

പി. ഭാസ്കരൻ

നീലമേഘമെന്ന വർഷകാല സുന്ദരിയെ വരവേറ്റതിനാൽ ​മലയാളികൾക്ക് ലഭിച്ചത് അത്രക്കും വൈവിധ്യമാർന്ന പാട്ടിന്റെ ശേഖരമായിരുന്നു. മുകിലാർദ്രതയിൽ മുങ്ങിനിവരുന്ന ഒരു ഗാനഗഗനത്തിന്റെ മുഗ്ധമായ ഈണങ്ങൾ എക്കാലവും നമ്മുടെ മനസ്സിൽ മധുരം നിറക്കുമെന്നുറപ്പാണ്

പാട്ടിൽ അതുല്യമായ ഭാവനാ യാത്രകൾ നടത്തിയ കവിയാണ് പി. ഭാസ്കരൻ. ജീവിതാനുരാഗത്തെ പ്രതിഷ്ഠിക്കുന്ന ഭാവനാ വ്യാപാരങ്ങൾ, അദ്ദേഹത്തിന്റെ പാട്ടുകളിൽ പ്രബലമാകുന്നത് വിശേഷ സൗഭാഗ്യമാർന്ന ബിംബങ്ങളിലാണ്. പാട്ടിന്നകത്തെ സന്ദർഭങ്ങളെ അഭിസംബോധന ചെയ്യാനും അനുഭൂതിപരമായ തലങ്ങളിൽ പ്രവർത്തിക്കാനും ഈ ബിംബങ്ങൾ കവിയെ സഹായിച്ചു. ആകാശത്തിലെ നിത്യലാവണ്യങ്ങളിലൊന്നായ മുകിലിനെ അടയാളവാക്കായി എത്രയോ ഗാനങ്ങൾ ചമച്ചു ഭാസ്കരൻ മാഷ്. നിത്യമധുരമായ ജീവിതപ്രവാഹത്തെയും കണ്ണീർപ്പടർപ്പിനെയും പാട്ടിൽ ചേർത്തുവെക്കാൻ മുകിൽ എന്ന ബിംബം കവിക്ക് കൂട്ടായി മാറി. അത്ര​മേൽ ദുഃഖനിർഭരമായ ജീവിതസ്ഥാനങ്ങളെ നിലയുറപ്പിക്കാൻ പോന്നവിധത്തിൽ മുകിൽ ഒരു ഭാവബദ്ധതയായിത്തീർന്നു മാഷിന്റെ പാട്ടുകളിൽ.

പ്രാപഞ്ചികമായ വിഷാദത്തിന്റെ തിരയടികൾ ഭാസ്കരൻ മാഷിന്റെ മേഘഗീതികളിൽ സദാ മുഴങ്ങു​ന്നു. പ്രപഞ്ചവ്യാപ്തിയുള്ള നിത്യവിഷാദത്തിലേക്ക് ജീവിതത്തെ പരിഭാഷപ്പെടുത്തുകയാണ് ഈ നീലമുകിലുകൾ. ദുഃഖാത്മകതയുടെ ഭാവവിശേഷങ്ങൾ പാട്ടിന്റെ അനുഭവഘടനകളിൽ മുകിലുകളായി നിരന്തരമായി സഞ്ചരിച്ചു. മുകിലുകളിൽനിന്നുള്ള പ്രസന്ന പ്രകാശങ്ങൾ പ്രണയഭാസുരതകളുമായി ഇണക്കിനിർത്തുകയായിരുന്നു ഭാസ്കരൻ മാഷ്. പ്രണയമാധുര്യത്തിന്റെ തീവ്രതകളെ ക്ഷണികതയോട് കൂടി ചേർക്കാൻ മുകിൽബിംബങ്ങൾ പാട്ടുകളിൽ അണിനിരന്നു. മുകിലെന്ന തേജോമയ രൂപത്തെ പാട്ടിലെ ഗാഢവും സാന്ദ്രവുമായ ആത്മഭാവമായി പരിണമിപ്പിക്കുകയായിരുന്നു ഭാസ്കരൻ മാഷ്. വിമോഹകമായ സൗന്ദര്യഘടനയുടെ ലോകങ്ങൾ കാണിച്ചുതരികയാണ് മാഷിന്റെ ഗാനങ്ങളിലെ നീലമുകിലുകൾ.

പാട്ടുകളിൽ ജീവിതത്തെ അഗാധമായി സംഗ്രഹിക്കാൻ ഈ മേഘങ്ങൾക്കായി. മുകിലിനാൽ അത്രക്കും സാന്ദ്രമാണ് ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ. ജീവിതത്തിന്റെ ശ്യാമസുന്ദരമായ ഒരു ലോകത്തെ നാം മുഖാമുഖം കാണുകയായിരുന്നു ഈ മേഘഗീതികളിൽ.

‘ഇടവക്കാർ മുകിലിന്റെ ഈന്തപ്പനയോല മേഞ്ഞ

ഒരു മധുവിധുപ്പന്തൽ’ അദ്ദേഹം പാട്ടിൽ പണിതു. പാതിരാവിൽ അമ്പിളിക്ക് ​തൊട്ടിൽ കെട്ടുന്ന നീലമേഘത്തെ കാണാം മറ്റൊരു പാട്ടിൽ. കണ്ണുനീർക്കുടം തലയിലേന്തി വിണ്ണിൻ വീഥിയിൽ നടക്കുന്ന സ്വർണമുകിലിനോട് സ്വപ്നം കാണാറു​ണ്ടോ എന്നാരായുന്ന കഥാനായികയുടെ കാതരതകൾ അത്രക്കും തീവ്രമായിരുന്നു. നായികയുടെ ഏകാന്തതയെ ‘സ്വർണമുകിൽ’ എന്ന ബിംബത്തിന് ചുറ്റുമായി നിർത്തി പാട്ടിൽ വലിയൊരു വികാരപ്രപഞ്ച​മൊരുക്കുന്ന വിദ്യയാണിത്. വിഫലമായ ഒരനുരാഗ പ്രതീക്ഷയുടെ മാരിവില്ലിനെ ഒരു സ്വർണമുകിലിന്റെ കണ്ണുനീർകണമാക്കി മാറ്റുകയായിരുന്നു അദ്ദേഹം.

‘‘മൂവേദന എന്തിനാണിങ്ങനെ

മൂടിവെക്കുന്നു’’ എന്ന വരിയിൽ കഥാപ്രപഞ്ചത്തിലേക്കുള്ള ഒരു മുകിലിന്റെ കിളിവാതിൽ തുറന്നിടുകയായിരുന്നു മാഷ്. മുകിലുകൾ പകരുന്ന പ്രണയ വിഷാദ ലഹരികളെ നമ്മുടെ ജീവിത ചക്രവാളത്തിലേക്ക് പറത്തിവിടുന്ന ഗാനസാക്ഷ്യങ്ങൾ എത്രവേണമെങ്കിലും ഇങ്ങനെ കണ്ടെടുക്കാനാവും. മാനത്തെ പൂക്കടമുക്കിൽ മഴവില്ലിന്റെ മാല വിൽക്കുന്ന കറുമ്പിയായ കരിമുകിലിനെ നാമൊരു പാട്ടിൽ കണ്ടുമുട്ടി. നായികയുടെ ചുരുൾ മൂടി ആകാശത്തിലെ മുകിൽ മണ്ഡലമെന്ന് നിനക്കുന്ന നായകൻ നിറങ്ങൾ... നിറങ്ങൾ എന്ന ഭാസ്കരൻ മാഷിന്റെ പാട്ടിലുണ്ടായിരുന്നു. മുകിലിന്റെ വിഭിന്നമായ വിനിമയ ശ്രുതികൾ ആ ഗാനങ്ങളിൽ പൂവ് പോൽ വിടർന്നുനിൽക്കുന്നു. മാരിമുകിലിൻ കേളിക്കയ്യിൽ മദ്ദളമേളവും മാനത്തെ കോവിലിലെ കൃഷ്ണനാട്ടവും എല്ലാം മാഷിന്റെ പാട്ടുകളിൽ നിരന്തരം അരങ്ങേറി. ആകാശം അതിന്റെ അനുരാഗ ജാലകങ്ങൾ തുറന്നിട്ട് മുകിലുകളുടെ അഴകടരുകളെ കാണിച്ചുതരികയായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ. നീലമുകിലുകൾ നീന്തിനടക്കുന്ന പ്രണയാകാശങ്ങളായിരുന്നു ആ ഗാനങ്ങൾ. നീലമേഘ നികുഞ്ജങ്ങളാൽ നീരവമായിരുന്നു ആ ഗാനങ്ങളുടെ അകങ്ങൾ. നീലമേഘ മാളികയിൽ പാ​ലൊളിപ്പൂവിരിയിൽ മൂടുപടം മാറ്റിയിരിക്കുന്ന ഒരു മുഴുതിങ്കളുണ്ട് ഭാസ്കരഗീതികളിൽ. മുകിലും ചന്ദ്രലേഖയും തമ്മിലുള്ള ഇമ്പമാർന്ന ഇണക്കമാണ് ഭാസ്കരൻ മാഷിന്റെ പാട്ടുകളിലെ അനുരാഗ മുഹൂർത്തങ്ങളുടെ സാഫല്യങ്ങൾ. മുകിൽ വള്ളിക്കുടിലിൽ മുഖം താഴ്ത്തിയിരിക്കുന്ന മധുമാസ ചിത്രലേഖ മാഷിന്റെ പാട്ടിൽ പ്രണയാർദ്രമായി, മാനത്തെ മഴമുകിൽ മാലകളെ ചേലൊത്ത മാടപ്പിറാവുകളായി സങ്കൽപിക്കുകയും അവയെ പ്രണയദൂതിന് പറഞ്ഞയക്കുകയും ചെയ്യുന്ന നായികയുടെ ആത്മാലാപത്തിനെ ഭാസ്കരൻ മാഷ് അതിശയ സുഭഗമായൊരു പാട്ടാക്കി മാറ്റി. മുകിലുകൾ പ്രണയത്തിന്റെ ഭാഷ പണിയുകയാണിവിടെ.

മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ,

ഇന്നിതിന്റെ പൂർണ ചന്ദ്രൻ പിണങ്ങിനിന്നല്ലോ’

എന്ന വരിയിൽ അദ്ദേഹം ഒരു പ്രണയ ഭാഷയുടെ ‘പൊരുളറിയിക്കുന്നു.

‘രാഗിണിയായ നീലമുകിലേ,

നിനക്കിന്ന് രാവിലെ ഉറക്കമി​ല്ലേ’

എന്ന വരിയിലും അനുരാഗ വിരഹിണിയായ നായികയുടെ ചിത്രം മുകിലൊളിയിൽ വരക്കുന്നുണ്ട്, കവി.

‘ചന്ദനമുകിലിൻ ചെവിയിൽ ചന്ദ്രലേഖ ചോദിച്ചു, മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടെ

നിന്റെ മാർത്തടത്തിൽ ഞാൻ’

എന്ന വരിയിൽ നേരത്തെ പറഞ്ഞ മുകിൽ-ചന്ദ്രലേഖ ​പ്രണയനിമിഷങ്ങൾ സ്ഥാനപ്പെടുന്നുണ്ട്. നീല മേഘത്തിന്റെ ജാലകയവനിക നീക്കി വിരഹിണിയായ വെൺമതി ആരെയോ കാത്തുനിൽക്കുന്ന സുന്ദരമായൊരു കാഴ്ച നമ്മെ വരവേൽക്കുന്നുണ്ട് മാഷിന്റെ ഒരു പാട്ടിൽ. ചന്ദ്രലേഖയുടെ കാതിൽ അനുരാഗ കഥ പറയുന്ന ചന്ദന മുകിലുണ്ട് മറ്റൊന്നിൽ. പാർവണേന്ദുവിൽ ദേഹമടക്കിയ പാതിരാവിന്റെ കലവറയിൽ, കണ്ണീരടക്കി നോക്കിനിൽക്കുന്ന ഒരു കരിമുകിലുണ്ടായിരുന്നു. ‘വിണ്ണിലായാലും കണ്ണീര് തൂകുന്നു നീ, മുകിലേ’ എന്ന വരിയിൽ കദനത്തിൽ അകപ്പെട്ട് കണ്ണീരണിയുന്ന നായികയുടെ ചിത്രമുണ്ട്. നീലമുകിലുകൾ കണ്ണീരോടെ താലമെടുക്കുന്ന നിഴലുമുണ്ടായിരുന്നു ഭാസ്കരൻ മാഷിന്റെ ഗാന ഭാഷയിൽ. കദനക്കണ്ണീരൊഴുക്കുന്ന എത്രയോ വർഷ മുകിലുകൾ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിരന്നുനിന്നു.

‘നീലനിലാവൊളിയല്ലേ മായല്ലേ, മായല്ലേ’ എന്ന കവി പേർത്തും പേർത്തുമുണർത്തുമ്പോൾ പ്രേമ സല്ലാപങ്ങൾ മുകിലുകൾ കാണേണ്ടതില്ല എന്നും കവി നിനക്കുന്നുണ്ട്. കരളിൽ കണ്ണീർമുകിൽ നിറഞ്ഞാലും കരയാത്ത ഒരു വാനമുണ്ടായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ടിൽ. അത് പ്രണയികളുടെ മനസ്സുകളെ വാങ്മയപ്പെടുത്താനുള്ള അപാര സിദ്ധിയുടെ പ്രതിഫലനമായിരുന്നു. മുകിലുകൾ പകരുന്ന പ്രണയലഹരികൾ നമ്മുടെ പ്രണയ ചക്രവാളങ്ങളിലേക്ക് പറത്തിവിടുകയായിരുന്നു ഭാസ്കരൻ മാഷ്. സിനിമയുടെ കഥാ പ്രപഞ്ചത്തിലേക്ക് മുകിലിന്റെ കിളിവാതിൽ തുറന്നിട്ട് അതിനെ നൈസർഗികമായ ഭാവനയായി വളർത്താനുള്ള അപാര ശേഷിയുടെ ഗാനസാക്ഷ്യങ്ങളാണിവയെല്ലാം.

നീല മുകിലുകൾ കാവൽ നിൽക്കുന്ന സുന്ദര വാനരാജധാനിയെ ഭാസ്കരൻ മാഷ് തന്റെ ഗാനങ്ങളിൽ വർണാഭമാക്കി. ‘നീലമുകിലേ നിന്നുടെ നിഴലിൽ പീലി നീർത്തിയ പൊൻമയിൽഞാൻ’ എന്ന് ഒരു കഥാപാത്രം പാടുമ്പോൾ അത് കവിയുടെ കൂടെ മനസ്സല്ലാതെ മറ്റെന്താണ്? കരിമുകിൽക്കാടും നീലമുകിൽത്തോണിയും വെൺമുകിലിൻ വാൽക്കണ്ണാടിയും വെൺമുകിൽ തൂവലും കാർമുകിലാടകളും വിണ്ണിലെ വെൺമുകിൽക്കൊടിയും വിരിനീർത്തുന്ന വെള്ള മുകിലുകളും കാർമുകിൽപ്പെൺകൊടിയും മുകിലിന്റെ പൊൻമണിവില്ലും മാരിമുകിൽ തേൻമാവും നീലമുകിലിന്റെ മൺകുടവും മഴമുകിലും അങ്ങനെ ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ മുകിലുകൾ ആഴത്തിൽ മുദ്രപ്പെടുന്നു.

മനുഷ്യജീവിതത്തിലെ പ്രണയവും വിരഹവും ഏകാന്തതയും വിഷാദവും വിലാപവും കണ്ണീരും സ്വപ്നവുമെല്ലാം തീവ്രമായി ആവിഷ്‍കരിക്കാൻ ഭാസ്കരൻ മാഷിന്റെ ഭാവനക്ക് ഭാഷ പകർന്ന അഭിരാമ സങ്കൽപങ്ങളായിരുന്നു മുകിലുകൾ. നമ്മുടെ വൈകാരികതയുടെ വർണ രാജിയെ പാട്ടിൽ ഇത്രമാത്രം സാന്ദ്രമായി സാക്ഷാത്കരിക്കാൻ ഭാസ്കരൻ മാഷിനെ തുണച്ചത് നീലമേഘ സഞ്ചിതമായ ഭാവനാകാശമായിരുന്നു. നീലമേഘമെന്ന വർഷകാല സുന്ദരിയെ വരവേറ്റതിനാൽ ​മലയാളികൾക്ക് ലഭിച്ചത് അത്രക്കും വൈവിധ്യമാർന്ന പാട്ടിന്റെ ശേഖരമായിരുന്നു. മുകിലാർദ്രതയിൽ മുങ്ങിനിവരുന്ന ഒരു ഗാനഗഗനത്തിന്റെ മുഗ്ധമായ ഈണങ്ങൾ എക്കാലവും നമ്മുടെ മനസ്സിൽ മധുരം നിറക്കുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p bhaskaranEntertainment NewsMusicmusic director
News Summary - p bhaskaran-music
Next Story