അടച്ചിട്ട ലോകത്തിെൻറ വിരസതയകറ്റാൻ ഡിജിറ്റൽ വേദിയിൽ ഭാവഗായകൻ
text_fieldsഗുരുവായൂർ: പി. ജയചന്ദ്രൻ തുടങ്ങിയത് 'കാവ്യപുസ്തകമല്ലോ ജീവിതം' എന്ന ഗാനത്തോടെയാണ്. അടച്ചിടൽ കാലത്തിെൻറ വിരസതയകറ്റാൻ മുതിർന്ന പൗരന്മാർക്കായി ഗുരുവായൂർ നഗരസഭ എല്ലാ ദിവസവും സായാഹ്നങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള 'അരികെ' വെബിനാർ പരമ്പരയായിരുന്നു വേദി.
സിനിമയിലും ഗാനമേളയിലും കച്ചേരികളിലും പാടിയിട്ടുള്ള തനിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം ആദ്യ അനുഭവമാണെന്ന് പറഞ്ഞു തുടങ്ങിയ ജയചന്ദ്രൻ, ജീവിതത്തിെൻറ കൂട്ടലും കിഴിക്കലും പിഴക്കുന്നതിെൻറ സന്ദേശം ഉൾക്കൊള്ളുന്ന 'കാവ്യപുസ്തകമല്ലോ ജീവിതം' എന്ന ഗാനം ഇപ്പോൾ ഏറെ പ്രസക്തമാണെന്നും കൂട്ടിച്ചേർത്തു.
പിന്നെ, ഗൂഗ്ൾ മീറ്റിൽ പങ്കെടുത്തവരുടെ ആവശ്യമനുസരിച്ച് മലയാളത്തിെൻറ ഭാവഗായകൻ പാട്ടുകൾ പാടി. കരിമുകിൽ കാട്ടിലെ, നീലഗിരിയുടെ സഖികളെ, ഏകാന്തപഥികൻ ഞാൻ, നീലമലപ്പൂങ്കുയിലേ, ഹർഷബാഷ്പം തൂകി തുടങ്ങിയ ഗാനങ്ങളും ജയചന്ദ്രൻ പാടി. ആസ്വാദകെൻറ ആവശ്യപ്രകാരം 'രാസാത്തി ഉന്നെ കാണാതെ നെഞ്ച്' എന്ന തമിഴ് പാട്ടും പാടി.
നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസായിരുന്നു അഡ്മിൻ. ജയചന്ദ്രൻ പാടിയ 'മലയാളഭാഷ തൻ മാദക ഭംഗി', 'ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം' എന്ന ഗാനങ്ങൾ പാടി മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദറും കൈയടി നേടി.
കെ.പി.എ.സിയുടെ നാടകത്തിലെ 'ഇല്ലിമുളംകാടുകളിൽ ലല്ലലലം പാടിവരും തെന്നലേ' എന്ന ഗാനമാണ് മീറ്റിൽ പങ്കെടുത്ത ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് പാടിയത്. ഗുരുവായൂർ നഗരസഭ സെക്രട്ടറി പി.എസ്. ഷിബു 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ' എന്ന ജയചന്ദ്രെൻറ ഗാനം പാടി. മുൻ നഗരസഭാധ്യക്ഷ എം. രതി കവി എസ്. രമേശൻ നായരുടെ ഓർമക്കായി 'കളിപ്പാട്ടങ്ങൾ' എന്ന കവിത ചൊല്ലി.
ജയചന്ദ്രൻ തന്നെ ആലപിച്ചിട്ടുള്ള അനുരാഗഗാനം പോലെ എന്ന ഗാനം ഗായകനും രചയിതാവുമായ സുരേന്ദ്രനാഥ പണിക്കർ പാടി. ഭാവഗായകെൻറ ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനമായ 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന ഗാനം പാടി സതീഷ് വാരിയരും ഒപ്പംകൂടി. സംഗീത അധ്യാപകനായ സീതാറാമും ഭാര്യ ഗിരിജദേവിയും ചേർന്ന് 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം' ആലപിച്ചു.
'അരികെ' വെബിനാർ പരമ്പരയിലെ 22ാം ദിവസമാണ് ജയചന്ദ്രൻ അതിഥിയായെത്തിയത്. രാധാകൃഷ്ണൻ കാക്കശേരി വായനാദിന സന്ദേശം നൽകി. എല്ലാ ദിവസവും രാത്രി ഏഴ് മുതലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.