തേനും വയമ്പും പുരട്ടിയ സംവിധായകൻ
text_fieldsഏഴുസ്വരങ്ങളിലും വിരൽമീട്ടി സംഗീതമാകുന്ന പാൽക്കടലിൽ തേനും വയമ്പും ചേർത്ത് മലയാളികൾക്ക് ആവോളം നുകരാൻപാകത്തിൽ മാധുര്യംപകർന്ന് മനസ്സിനും കാതിനും കുളിർമയേകിയ സംവിധായകനായിരുന്നു രവീന്ദ്രൻ മാഷ്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരേതരായ മാധവൻ-ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒമ്പതിനാണ് രവീന്ദ്രൻ ജനിച്ചത്. 1979ൽ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീതസംവിധായകനായി. ആദ്യം, പാടാനായിരുന്നു വന്നതെങ്കിൽ അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത് ദാസേട്ടനാണ്.
മലയാളികളെന്നുംമൂളുന്ന പാട്ടിന്റെ ഈരടികൾ മാഷിേന്റതായിരുന്നു. മെലഡികളുടെ താരാപഥത്തിൽ അദ്ദേഹമൊരു നക്ഷത്രമായിരുന്നു. മാസ്മരികസംഗീതം അതിൽനിന്ന് ജ്വലിച്ചുകൊണ്ടേയിരുന്നു.
പാട്ടെഴുത്തുകാരൻ നൽകിയ ഓരോ വരിയും വികാരങ്ങൾ നിറച്ച് നല്ലൊരു മാലയാക്കി മലയാളികൾക്ക് അണിയാനായി അദ്ദേഹം കൊരുത്തുനൽകി. രവീന്ദ്രൻ മാഷിന്റെ ഓർമകൾതന്നെ മലയാളികളുടെ മനസ്സിൽ ഒരു സിംഫണി തീർത്തു. അതിന്റെ ശ്രുതിമധുരമായ മായികപ്രപഞ്ചത്തിൽ നമ്മൾ അലിഞ്ഞുചേർന്നു. ഇളംകാറ്റിൽ നേർത്തുനേർത്ത് ആ സംഗീതം നമ്മെ തൊട്ടുരുമ്മിക്കടന്നുപോകുന്ന ഒന്നായി. അദ്ദേഹത്തിന്റെ മാന്ത്രികസ്പർശം ഏതോ ഭ്രമണപഥത്തിൽ കൂട്ടിക്കൊണ്ടുപോകുന്ന പാട്ടുകളായി പരിണമിച്ചവയാണ്.
‘‘തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ...’’ ആ വാനമ്പാടി നമ്മുടെ ചുറ്റിലും മാസ്മരിക വീചികളാൽ പാറിനടന്ന് സന്തോഷിപ്പിക്കുകയായിരുന്നു. കാലമൊരിക്കലും കൈവിടാത്ത വികാരങ്ങൾചാലിച്ച് സംഗീതംതീർത്ത രവീന്ദ്രവിസ്മയം പ്രണയമായും വിരഹമായും അടങ്ങാത്ത ആഗ്രഹമായും മലയാളികൾക്ക് അനുഭവവേദ്യമാകുന്നവയായിരുന്നു. മെലഡികളിലൂടെ അദ്ദേഹം നമ്മുടെ ഹൃദയത്തെ സ്പർശിച്ചു. നൊസ്റ്റാൾജിയയുടെ ഒരു സിംഫണി... അതിൽ പൊതിഞ്ഞ് നമുക്ക് നൽകി. രാവുറങ്ങുമ്പോൾ കേൾക്കാനൊരുപാട്ട്, ഉണരുമ്പോൾ കേൾക്കാനൊരുപാട്ട് ചിലരങ്ങനെ തിരഞ്ഞെടുത്ത് കേൾക്കാറുണ്ട്. അതിൽ മിക്കവയും മാഷിന്റെ സംഗീതമികവിൽ വിരിഞ്ഞ പൂക്കളായിരിക്കും നമുക്ക് സുഗന്ധം പകർന്നുതരുന്നത്. രവീന്ദ്രൻ മാഷിന്റെ സംഗീതം ദിവ്യമായ ഒന്നാണ്.
ഒരു സ്വർഗീയ ഓർക്കസ്ട്രപോലെ അതെന്നും ആകാശനീലിമയിൽ പ്രകാശിച്ചുകൊണ്ടേയിരിക്കും, മലയാളികളുടെ മനസ്സിലത് വെളിച്ചമായി വിടരും. മലയാള ചലച്ചിത്രവ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള സംഗീതസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം 150ലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. മാഷിന്റെ സംഗീതം ശ്രുതിമധുരമായ ഈണങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്നവയുമാണ്. അദ്ദേഹത്തിന്റെ രചനകൾ പലപ്പോഴും ഗൃഹാതുരത്വം ഉണർത്തുകയും ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്തു. എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകൾക്ക് ഇഷ്ടമാകുന്ന സംഗീതം സൃഷ്ടിക്കുന്നതിനുള്ള അതുല്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
‘‘ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം
ഗാനം... ദേവഗാനം... അഭിലാഷ ഗാനം...
മാനസവീണയില്‍ കരപരിലാളന ജാലം...
ജാലം... ഇന്ദ്രജാലം...അതിലോല ലോലം...’’ ഈ വരികളിലുണ്ട് മാഷിന്റെ സംഗീതത്തിന്റെ മുഴുവൻ സൗന്ദര്യവും. ഏഴുസ്വരങ്ങളിൽ ആ കരപരിലാളനംകൊണ്ടപ്പോൾ പിറക്കുന്ന അഭൗമസംഗീതത്തിന്റെ മാസ്മരിക ശബ്ദവീചികൾ ഇന്ദ്രജാലം തീർക്കുകയാണ്. കാലമെത്ര കഴിഞ്ഞാലും നമുക്കത് കുളിർമയേകിക്കൊണ്ടേയിരിക്കും. ‘‘മനമെത്ര കുളിർത്തുനിൻ പാട്ടുകൾകേട്ടെന്ന് അറിയാതെ ഞാനൊന്ന് മൂളിപ്പോയി...അതേ, ആ സംഗീതം എന്നിലലിയുന്നതാണ്. സന്തോഷം നിറയ്ക്കുന്ന, പോസിറ്റിവ് എനർജി നിറയ്ക്കുന്ന ഒന്നായി നമ്മളതിനെ ചേർത്തുനിർത്തുകയാണ്. രവീന്ദ്രസംഗീതം കാതോടുകാതോരം മൂളിക്കേൾക്കാൻ കൊതിച്ചുകൊണ്ടേയിരിക്കും.
‘‘ചന്ദനമണിവാതില്‍ പാതിചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീനില്‍ക്കേ
എന്തായിരുന്നു മനസ്സില്‍’’...
നിങ്ങൾ എത്ര തവണ മൂളിയിട്ടുണ്ടാകും ഈ ഗാനം? അത്രയേറെ മനോഹരമായ സംഗീതമാണ് ഈ വരികൾക്കിടയിൽനിന്ന് നമ്മുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്നത്. മനസ്സിന്റെ ചന്ദനമണിവാതിൽ തുറന്ന് നമ്മുടെ ഹൃദയതടങ്ങളിലേക്കതിനെ ആവാഹിക്കുകയാണ്. അതുപോലെ ഹിസ് ഹൈനസ് അബ്ദുള്ളയിലെ ‘ദേവസഭാതലം..., ഗോപികാവസന്തം തുടങ്ങിയവ മാഷിന്റെ സംഗീതത്തിൽ പിറന്നവയാണ്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റുകളാണവയൊക്കെ. ഭരതം, അഭിമന്യു, അമരം എന്നീ സിനിമകളിലെ മുഴുവൻ ഗാനങ്ങളും നമുക്ക് സമ്മാനിച്ചത് രവീന്ദ്രസംഗീതമാണ്. അഭിമന്യുവിലെ ‘‘രാമായണക്കാറ്റേ എന്‍ നീലാംബരി കാറ്റേ’’... ’90കളുടെ തുടക്കത്തിൽ യുവാക്കളെ ഹരംകൊള്ളിച്ച ഗാനമായിരുന്നു. ഇന്നും യാത്രകളിൽ മലയാളികൾ ഏറെ കേൾക്കാൻ കൊതിക്കുന്ന ഗാനമാണ്. അവയിൽ ചിലത് മലയാളത്തനിമയിൽ നിത്യഹരിതമായവയാണ്.
‘‘പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്’’...
മഞ്ഞുപെയ്ത് മനംകവരുന്ന തണുപ്പിൽ മുല്ലപൂത്ത മണം മനസ്സിനെ ആകർഷിക്കുംപോലെ ഈ ഗാനവും നമ്മെ ആകർഷിച്ചുകൊണ്ടേയിരിക്കും. നമ്മിൽനിന്നും അകന്നുപോയ പഴയകാല ഓർമകൾ തിരിച്ചെത്തുന്നൊരനുഭൂതി സമ്മാനിക്കുന്നതായിരുന്നു ഗാനം. മലയാളത്തനിമനിറഞ്ഞ ഒരുപിടി ഗാനങ്ങൾ പാടിക്കേട്ടത് മാഷിന്റെ കരംതൊട്ട സംഗീതത്തിലൂടെയാണ്. അങ്ങനെയാണ് നമുക്കീ ഗാനങ്ങളൊക്കെ പ്രിയപ്പെട്ടതാകുന്നത്. തലമുറകളെത്രകഴിഞ്ഞാലും രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങൾ നമുക്ക് മറക്കാൻ കഴിയുന്നവയല്ല. എത്രയെത്ര നല്ല പാട്ടുകൾ... കേൾക്കാൻ കഴിഞ്ഞ നമ്മളെത്ര ഭാഗ്യമുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.