പതിനാലാം രാവ് ഗ്രാൻഡ് ഫിനാലെ; ഒന്നാം സ്ഥാനം സ്വന്തമാക്കി സിതാര
text_fieldsമീഡിയവൺ ഒരുക്കിയ പതിനാലാംരാവിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു.കാസർകോട്: വിദ്യാനഗറിലെ ജനങ്ങൾക്കിന്നലെ പതിനാലാം രാവായിരുന്നു, ആഘോഷങ്ങളുടെ രാവ്. നീലാകാശത്ത് നക്ഷത്രങ്ങൾ മിഴിതുറന്നപ്പോൾ വിണ്ണിൽ ഉത്സവം തുടങ്ങി. മീഡിയവണിന്റെ പതിനാലാംരാവ് കാസർകോട്ടെ വിദ്യാനഗറിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിറഞ്ഞാഘോഷിച്ചു. പാട്ടിന്റെ പാലാഴിതീർത്ത പതിനാലാം രാവ്. മഞ്ഞുപെയ്യുന്ന രാവിൽ തുറന്നവേദിയിൽ മലയാള മപ്പിളപ്പാട്ടിന്റെ ഗാനവസന്തം തീർത്ത് അവർ പാടിയപ്പോൾ സദസ്സാകെ നിറഞ്ഞകൈയടികളോടെ ആവേശംതീർത്തു.
മീഡിയവൺ ഒരുക്കിയ പതിനാലാംരാവിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ഗ്രാൻഡ് ഫിനാലെ നടന്നത്. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് സ്വദേശി സിതാരയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വിജയിക്ക് വാഗൺ ആർ കാറും ഗോൾഡ് കോയിനും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ സമ്മാനിച്ചു. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ നേടിയത് കോഴിക്കോട് കൂടത്തായി സ്വദേശി അഷിക വിനോദാണ്. അഫ്രക്ക്, തൻവീർ മിർസ എന്നിവരാണ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കിയത്. പി.ബി.എം. ഫർമിസ് സ്വാഗതം പറഞ്ഞു. ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത നാലുപേരും മികച്ച മത്സരമാണ് കാഴ്ചവെച്ചത്.
റിയാലിറ്റി ഷോ സീസൺ 6 ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണ് നിർവഹിച്ചത്. മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പിനെ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആദരിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ, ഷഫീഖ് നസറുല്ല എന്നിവർ സംബന്ധിച്ചു. പ്രശസ്ത ഗായകരായ അഫ്സൽ, മൃദുല വാര്യർ, ബെൻസീറ എന്നിവരായിരുന്നു വിധികർത്താക്കൾ. കാസർകോട്ടെ ജനങ്ങൾക്കുവേണ്ടി അഫ്സൽ, മൃദുല വാര്യർ, ബെൻസീറ, ദാന റാസിഖ് എന്നിവർ സംഗീതവിരുന്നൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.