Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമനസാകെ നിലാവ്

മനസാകെ നിലാവ്

text_fields
bookmark_border
മനസാകെ നിലാവ്
cancel

ജേക്കബിന്റെ സ്വർഗരാജ്യം സിനിമയുടെ എഴുത്തുപണികൾക്കിടെ സംവിധായകൻ വിനീത് ശ്രീനിവാസൻ ഗാനരചയിതാവ് മനു മൻജിത്തിനെ വിളിക്കുന്നു. ''ഒരു ഓണപ്പാട്ട് വേണം. എഴുതി െവച്ചോ... ഗൾഫിലുള്ള ഓണാഘോഷമാണ്... അത് എല്ലാവർക്കും സൗകര്യമുള്ള ദിവസം അവരാഘോഷിക്കുന്ന അവരുടെ ഓണമാണ്. രാത്രിയിലായിരിക്കും മിക്കപ്പോഴും പരിപാടികൾ...'' രാത്രിയിലെ ഓണാഘോഷമെന്ന പുതുമയാണ് മനുവിനുള്ളിൽ അപ്പോൾ തന്നെ കയറി മിന്നിത്തുടങ്ങിയത്. ഫോൺ വെക്കാതെ തന്നെ മനസ്സിൽ ഇതളിട്ട ആദ്യ വരികൾ മനു പറഞ്ഞു.

''തിരുവാവണി രാവ്

മനസാകെ നിലാവ്

എന്ന് തുടങ്ങിയാലോ?''

വിനീതിലെ ഗായകൻ അതൊന്ന് മൂളി

''കൊള്ളാം ഇത് പിടിക്കാം''

വ്യത്യസ്തമായ ഒരോണപ്പാട്ട് ഒരുക്കാൻ കിട്ടിയ അവസരത്തിന്റെ സന്തോഷത്തിൽ അന്നുതന്നെ ബാക്കി വരികൾ എഴുതി. ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മാംശമുള്ള ഓണപ്പാട്ടുകൾ മനുവിന്റെ മനസ്സിലിരിപ്പുണ്ട്. പുതിയ തലമുറയിൽ പെട്ടൊരാൾ അനുഭവിച്ച ഓണമെഴുതണമെന്ന് മനസ്സിലുറപ്പിച്ചു. വരികൾ വേഗത്തിൽ തന്നെ വന്നു വിരൽത്തുമ്പു തൊട്ടു. എഴുതിയ വരികൾ അയച്ച് പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് പാട്ട് രൂപം പ്രാപിച്ചു തുടങ്ങുന്നത്. വിനീത് ശ്രീനിവാസൻ മനുവിനെ വിളിക്കുന്നു.

''നീ എഴുതി അയച്ച രാമായണത്തിൽനിന്ന് കുറച്ചു വരികളെടുത്ത് ഞങ്ങളൊരു പാട്ടാക്കിയിട്ടുണ്ട്''

ഷാൻ റഹ്മാൻ ഈണമിട്ട തിരുവാവണി രാവ് മനു കേട്ടു...

'തിരുവാവണി രാവ്

മനസാകെ നിലാവ്

മലയാളച്ചുണ്ടിൽ

മലരോണപ്പാട്ട്

മാവിൻ കൊമ്പേറുന്ന പൂവാലിക്കിളിയേ

മാവേലിത്തമ്പ്രാന്റെ

വരവായാൽ ചൊല്ല്'

എഴുതിയ സുന്ദര വരികളിൽനിന്ന് പൂവിതളുകൾ നുള്ളിയെടുക്കും പോലെ ഷാനും വിനീതും തെരഞ്ഞെടുത്ത ഏറ്റവും ഗന്ധമാർന്നവയായിരുന്നു പാട്ടിൽ നിരന്നത്. ഉണ്ണി മേനോന്റെ സ്നേഹാർദ്ര ശബ്ദവും സിതാരയുടെ ഗൃഹാതുര സ്വരവും ചേർന്നതോടെ മലയാള മനമാകെ നിലാവായി തൊടുന്ന പാട്ട് ഇതൾ വിടർത്തി. എ.ആർ. റഹ്മാൻ, ഉണ്ണി മേനോൻ പാട്ടുകളുടെ ആരാധകനായ വിനീത് ശ്രീനിവാസന് പാട്ട് അദ്ദേഹത്തെ കൊണ്ടുതന്നെ പാടിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ദുൈബയിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പാട്ടിന്റെ റെക്കോഡിങ്ങും നടക്കുന്നത്. ഉണ്ണിമേനോനെ പാടാനായി ക്ഷണിക്കുമ്പോൾ ഒരു മാസത്തെ സംഗീത ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് അദ്ദേഹം. തിരികെ നാട്ടിൽ വന്ന് പാടാനുള്ള സാവകാശവുമില്ല.

അങ്ങനെ അമേരിക്കൻ പട്ടണമായ ഡാളസിൽ റിഥം ബോക്സ് വാദകനായ ഷാലുവിന്റെ വീട്ടിലെ കുഞ്ഞു മുറിയിൽവെച്ചാണ് ഉണ്ണിമേനോൻ പാട്ടുപാടി റെക്കോഡ് ചെയ്യുന്നത്. വരികളിൽ ഓണത്തിന്റെ ഓർമകളും ഓർക്കസ്ട്രേഷനിലും ഈണത്തിലും നല്ല പുതുമയുമുള്ള പാട്ടായിരുന്നു. ഓണപ്പാട്ട് വിദേശത്തിരുന്നു പാടിയെന്നതാണ് ഇതിലെ കൗതുകം. സിനിമ വന്നത് വിഷുക്കാലത്തും. ഉണ്ണി മേനോന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നു തന്നെയാണ് തിരുവാവണി രാവ്.

'കടക്കണ്ണിൽ മഷി മിന്നും

മുറപ്പെണ്ണിൻ കവിളത്ത്

കുറുമ്പിന്റെ കുളിരുമ്മ സമ്മാനം

പൂക്കുട നിറയ്ക്കുവാൻ

പുലർമഞ്ഞിൻ കടവത്ത്

പുന്നാരക്കാറ്റിന്റെ സഞ്ചാരം'

ഓണത്തിന്റെ സാമ്പ്രദായിക പദാവലികളിൽ നിന്നൊക്കെ ഒഴിഞ്ഞുനിന്ന് സാധാരണ കാഴ്ചകളുടെ സൗന്ദര്യം വരികളിൽ കൊണ്ടുവരുന്നുണ്ട് മനു മൻജിത്ത്.

'ഇലയിട്ടു വിളമ്പുന്ന രുചികളിൽ നിറയുന്നു

നിറവയറൂണിന്റെ സന്തോഷം

പൂങ്കോടിക്കസവിട്ട്

ഊഞ്ഞാലിലാടുമ്പോൾ

നിനവോരമുണരുന്നു സംഗീതം'

പൂക്കൾപോലെ മൃദുല പദങ്ങൾ തിരഞ്ഞെടുത്ത് ഒരുക്കിയ പാട്ടിന് ഈണത്തിലും ലളിത സുന്ദര പരിചരണമാണ് ഷാൻ റഹ്മാൻ നൽകിയിരിക്കുന്നത്. പാട്ട് ഏതു തലമുറയിൽപ്പെട്ടയാളിലേക്കും എളുപ്പത്തിൽ കയറിച്ചെന്ന് ഓണമൂട്ടും. വരികളിൽ ചെണ്ടുകൾപോലെ തൂങ്ങിനിൽക്കുന്ന സമ്മാനം, സഞ്ചാരം, സന്തോഷം, സംഗീതം എന്നീ പദങ്ങൾ അറിയാതെ വന്നുപെട്ടതാണെന്ന് മനു പറയുന്നു. പാട്ടായി കേൾക്കുമ്പോഴാണ് ഇങ്ങനെ ഒത്തുവന്നത് ശ്രദ്ധിക്കുന്നത്.

2016 വിഷു റിലീസായ് എത്തിയ ചിത്രത്തിലെ ഓണപ്പാട്ട്, മലയാള ചുണ്ടിൽ നിറയുന്നത് തൊട്ടു വന്ന ഓണം മുതലാണ്. തുടർന്നുള്ള ഓണക്കാലങ്ങളിലെല്ലാം തിരുവാവണി രാവ് നാടാകെ നിലാവായി.

''വിദേശരാജ്യങ്ങളിലെ മലയാളികൾ തിരുവാവണി രാവ് കേട്ട് ചുവടുവെക്കുന്ന കാഴ്ചകൾ കാണുമ്പോൾ യാത്രാ പ്രിയനായ ഞാൻ സന്തോഷിക്കും. ഞാൻ ചെന്നില്ലെങ്കിലും അവിടെല്ലാം വരികൾ ചെല്ലുന്നുണ്ടല്ലോ.'' മലയാളിയുടെ ഓണപ്പാട്ടു വിചാരങ്ങളിൽ മനുവിന്റെ ഈ പാട്ട് ആദ്യനിരയിൽ തന്നെ നിറമെഴുതി നിൽപുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music
News Summary - Pattoram Nidheesh Naderi writes
Next Story