പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
text_fieldsചെന്നൈ: തമിഴ് സിനിമകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ പ്രശസ്ത പിന്നണി ഗായിക ഉമ രമണൻ (69) അന്തരിച്ചു. ബുധനാഴ്ച രാത്രി ചെന്നൈ അഡയാർ ഗാന്ധിനഗറിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്നു.
സംഗീതജ്ഞൻ എ.വി. രമണന്റെ ബാൻഡിൽ പാടിയിരുന്ന ഉമ പിന്നീട് രമണനെ വിവാഹം കഴിച്ചു. പളനി വിജയലക്ഷ്മിയുടെ കീഴിലാണ് സംഗീതം അഭ്യസിച്ചത്. 1978ൽ ‘കൃഷ്ണലീല’ എന്ന ചിത്രത്തിലെ എസ്.വി. വെങ്കട്ടരമണന്റെ സംഗീതത്തിൽ ‘മോഹനൻ കണ്ണൻ മുരളി’ എന്ന ഗാനത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എം.എസ്. വിശ്വനാഥൻ, ദേവ, വിദ്യാസാഗർ, ശങ്കർ ഗണേഷ്, മണിശർമ തുടങ്ങി നിരവധി സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇളയരാജയുടെ സംഗീതത്തിലാണ് കൂടുതൽ ഗാനങ്ങൾ ആലപിച്ചത്. വേറിട്ട ശബ്ദത്തിന് ഉടമയായ ഉമ രമണൻ ഇളയരാജയുടെ സംഗീതത്തിൽ നൂറോളം ഗാനങ്ങൾ ആലപിച്ചു. 1980ൽ ഇളയരാജയുടെ സംഗീതത്തിൽ ‘നിഴൽകൾ’ എന്ന സിനിമയിലെ ‘പൂങ്കതവൈ താഴ് തിറവായ്’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയായത്. മൂന്നര ദശാബ്ദത്തിനിടെ സിനിമക്ക് പുറമെ ഭർത്താവ് രമണനൊപ്പം 6000ത്തിലധികം കച്ചേരികളിൽ പാടിയിട്ടുണ്ട്.
‘ആനന്ദരാഗം’, ആഗായ വെണ്ണിലാവേ’, ‘ഭൂപാളം ഇസൈക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ നിരവധി അവിസ്മരണീയമായ സിനിമ ഗാനങ്ങൾക്ക് ശബ്ദം നൽകി. വിജയ് നായകനായ ‘തിരുപ്പാച്ചി’യിലെ ‘കണ്ണും കണ്ണും താൻ കലന്താച്ച്’ എന്ന ഗാനമാണ് അവസാനമായി പാടിയത്. വ്യാഴാഴ്ച വൈകീട്ട് സംസ്കാര ചടങ്ങ് നടന്നു. സംഗീതജ്ഞനായ വിഗ്നേഷ് രമണൻ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.