യേശുദാസ് ആലപിച്ച ‘സർവേശാ...’; മലയാളികളുടെ ആത്മീയഗീതം പ്രകാശനം ചെയ്ത് മാർപാപ്പ
text_fieldsവത്തിക്കാൻ: ഗ്രാമി അവാർഡ്സിൽ മലയാളത്തിന്റെ കയ്യൊപ്പ് ചാർത്തിയ വയലിൻ വിദഗ്ധൻ മനോജ് ജോർജ് സംഗീതസംവിധാനത്തിൽ പങ്കാളിയായ, ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ആലപിച്ച ആത്മീയ ഗീതം ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. മൂന്നുതവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് നിർമ്മാണ പങ്കാളിയായ ആൽബം സംസ്കൃതത്തിൽ ആണ് രചിച്ചിരിക്കുന്നത്. പരേതനായ പ്രഫ. പി.സി. ദേവസ്യയുടെ വരികൾക്ക് മനോജ് ജോർജിനൊപ്പം സംഗീതം നൽകിയിരിക്കുന്നത് ഫാ. ഡോ. പോൾ പൂവത്തിങ്കൽ ആണ്.
യേശുദാസിനും ഫാ. ഡോ. പോൾ പൂവത്തിങ്കലിനുമൊപ്പം 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്ന് കോറസ് ആലപിച്ചിരിക്കുന്നതാണ് ആൽബത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡിലെ ലോസ് ഏഞ്ചൽസ് ചേംബർ ഓർക്കസ്ട്ര, മനോജ് ജോർജ്, രാകേഷ് ചൗരസ്യ (മുംബൈ) എന്നിവർ ചേർന്നാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. മാറ്റ് ബ്രൗണൈൽ (ഹോളിവുഡ്), ല്യൂക് ബൗലോക് (ഫ്ലോറിഡ), സജി ആർ. നായർ, അഫ്താബ് ഖാൻ (മുംബൈ) എന്നിവരാണ് റെക്കോർഡിങ്. ജയ്സൺ ജോസ് (ബോസ്റ്റൺ), അഭിലാഷ് വളാഞ്ചേരി, മെൻഡോസ് ആന്റണി എന്നിവരാണ് വീഡിയോ ചിത്രീകരിച്ചത്.
തൃശൂരിലെ ചേതന ഗണാശ്രമാണ് സംഗീത ആൽബത്തിന്‍റെ നിർമാണം. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ച കുട്ടികളെ ന്യൂറോളോജിക് മ്യൂസിക് തെറാപ്പിയിലൂടെ ബുദ്ധിവളർച്ചക്ക് സഹായിക്കുക ലക്ഷ്യമിട്ടാണ് ഗാനം ഒരുക്കിയതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.