മീരയുടെ ‘പെരിയോനേ’ ഏറ്റെടുത്ത് എ.ആർ. റഹ്മാൻ
text_fieldsമഞ്ചേരി: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മനം നിറച്ച് മഞ്ചേരിക്കാരി മീരയുടെ ഗാനം. മീര ആലപിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ’ എന്ന് തുടങ്ങുന്ന ഗാനം റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയായി പങ്കുവെക്കുകയാണ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മീര ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത പാട്ട് വെള്ളിയാഴ്ച വൈകീട്ടാണ് റഹ്മാൻ ഷെയർ ചെയ്തത്.
റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം പലരും പാടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെങ്കിലും മീരയുടെ പാട്ടാണ് അദ്ദേഹം ഏറ്റെടുത്തത്. വിഡിയോ മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്നതിനൊപ്പം റഹ്മാന്റെ ഏറ്റെടുക്കൽ മീരക്ക് ഇരട്ടിമധുരമായി. സുഹൃത്താണ് ഈ വിവരം അറിയിച്ചതെന്ന് മീര പറയുന്നു. ആദ്യം വിശ്വസിച്ചില്ല, പിന്നീട് റഹ്മാന്റെ അക്കൗണ്ടിൽ പോയി പരിശോധിച്ചപ്പോൾ ശരിക്കും ഞെട്ടി -മീര പറഞ്ഞു.
റഹ്മാന്റെ മകൾ ഖദീജ ഈ പാട്ടിന് താഴെ കമന്റ് രേഖപ്പെടുത്തുകയും മീരക്ക് ‘നല്ല ശബ്ദം’ എന്ന് മെസേജ് അയച്ച് അഭിനന്ദിക്കുകയും ചെയ്തു. ഓസ്കർ അവാർഡ് ജേതാവും ഇന്ത്യയുടെ അഭിമാനവുമായ എ.ആർ. റഹ്മാനെ പോലെയുള്ള വലിയ സംഗീത സംവിധായകൻ തന്റെ പാട്ട് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീര പറഞ്ഞു. കമൽഹാസൻ അഭിനയിച്ച ‘ഗുണ’യിലെ ‘കൺമണി അൻപോട് കാതലെൻ’ എന്ന ഗാനവും മീര പാടി പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ സിനിമതാരം റഹ്മാനും അഭിനന്ദനം അറിയിച്ചു. പുറമെ മീരയുടെ സ്വരമാധുര്യത്തെ അഭിനന്ദിച്ച് ഒട്ടേറെ പ്രമുഖരും സമൂഹ മാധ്യമങ്ങളിൽ കമന്റ് പങ്കുവെച്ചിട്ടുണ്ട്.
‘നകാര’ എന്ന മ്യൂസിക് ബാൻഡിലെ സജീവ ഗായികയാണ് പയ്യനാട് താമരശ്ശേരി സ്വദേശി എടപ്പലത്ത് കുഞ്ഞുകുട്ടന്റെ മകളായ മീര. ഇൻസ്റ്റഗ്രാമിലെ മീരയുടെ മറ്റു ഗാനങ്ങൾക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. മെലോഡിയൻ, ടാലൻസ എന്നീ സംഗീത അക്കാദമികളിൽ നിസാർ, പ്രഭാകരൻ എന്നിവർക്ക് കീഴിലാണ് സംഗീതം പഠിക്കുന്നത്.
മമ്പാട് എം.ഇ.എസ് കോളജിലെ ഒന്നാം വർഷ ബി.എസ്സി സുവോളജി വിദ്യാർഥിനിയാണ്. ഈസി കുക്ക് കമ്പനിയിൽ യൂനിറ്റ് മാനേജറായ മാതാവ് രജിത 2015 -20 കാലയളവിൽ മഞ്ചേരി നഗരസഭ കൗൺസിലർ ആയിരുന്നു. ഈ സമയം മാതാവിന്റെ പ്രചാരണ ഗാനങ്ങൾ ആലപിച്ചും മീര നേരത്തേ ശ്രദ്ധ നേടിയിരുന്നു. അനന്യ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.