'ആദം മല തേടി, ഹാദി ആലി മരക്കാര്‍'; ഷഹബാസ് അമന്റെ ശബ്ദത്തിൽ 'തുറമുഖ'ത്തിലെ ഗാനം
text_fieldsനിവിന്‍ പോളി നായകനായെത്തിയ തുറമുഖത്തിലെ ലിറിക്കല്‍ വിഡിയോ പുറത്ത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷഹബാസ് അമന്‍ തന്നെയാണ്. ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് കഴിഞ്ഞ ദിവസമാണ് തുറമുഖം തിയറ്ററുകളില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്ന് ലിസ്റ്റിന്‍ സ്റ്റീഫനാണ്.
കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. ഈ സമയത്ത് ജോലി അന്വേഷിച്ച് നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധിയാളുകള്‍ ലേബര്‍ കോണ്ട്രാക്ടര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. ഓഫീസില്‍ നിന്നും കോണ്ട്രാക്ടര്‍മാരും അവരുടെ ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടിയാണ് തൊഴിലാളികള്‍ അവിടെ തടിച്ചു കൂടുന്നത്. തുടര്‍ന്ന് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി തൊഴിലാളികള്‍ പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം പറയുന്നത്.
ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിച്ച ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം- ഗോകുല്‍ ദാസ്, ഡിസൈന്‍ - ഓള്‍ഡ്മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ്- ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍- അനൂപ് സുന്ദരന്‍, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍- ബിനു ബ്രിങ്ഫോര്‍ത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.