ബാബുവിന്‍റെ സാഹസികത വിവരിച്ചുള്ള രക്കപ്പൻ സ്വാമിയുടെ നാടൻപാട്ട് വൈറൽ
text_fieldsപാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെയും ബാബുവിനു വേണ്ടി നടത്തിയ രക്ഷാപ്രവർത്തനവുമെല്ലാം മലയാളികൾ അടുത്തകാലത്തൊന്നും മറക്കില്ല. ചെങ്കുത്തായ പാറയിടുക്കിൽ വെള്ളമോ ഭക്ഷണമോ ഇല്ലാതെ 46 മണിക്കൂർ കുടുങ്ങിയ ശേഷമാണ് ബാബുവിനെ സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷിക്കാൻ കഴിഞ്ഞത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് രണ്ട് നാൾ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിച്ചുകൂട്ടിയ ബാബുവിന്‍റെ മനോധൈര്യത്തെയാണ് രക്ഷാപ്രവർത്തകരും മറ്റെല്ലാവരും അഭിനന്ദിക്കുന്നത്. ഇപ്പോഴിതാ ബാബുവിന്‍റെ സാഹസിക യാത്രയെ വിവരിച്ച് നാടൻപാട്ട് ഒരുക്കിയിരിക്കുകയാണ് കവിയും പാട്ടുകാരനുമായ രക്കപ്പൻ സ്വാമി നെന്മാറ.
'മലമ്പുഴയ്ക്കടുത്താണല്ലോ ചെറാടെന്ന ദേശം
ലോകമറിഞ്ഞ കാര്യം ചുരുക്കിപ്പറയാം ദേശം' എന്ന് തുടങ്ങുന്ന പാട്ട് ബാബുവിന്‍റെ സാഹസിക യാത്രയും മലമുകളിലെ അപകടവും രക്ഷാപ്രവർത്തനവുമെല്ലാം നാടൻപാട്ടിന്‍റെ താളത്തിൽ വിവരിക്കുന്നുണ്ട്. ചെറാട് മലയുടെ പശ്ചാത്തലവും ബാബു കൂട്ടുകാരോടൊത്ത് മലകയറാൻ പോയതും കൂട്ടുകാർ പാതിവഴിയിൽ തിരിച്ചിറങ്ങിയതുമെല്ലാം പാട്ടിൽ പറയുന്നു.
'ഹെലികോപ്ടർ കൊണ്ടുവന്ന് മുകളിൽ കൂടി നോക്കി
കാമറ കൊണ്ടവര് കാര്യം മനസിലാക്കി,
മിടുക്കരായ സൈനികര് മലയ്ക്ക് മുകളിൽ വന്നൂ
ബാബുവിനെ പിടിച്ചുകയറ്റി താഴേക്കിറങ്ങി വന്നൂ...' -സൈനികർ നടത്തിയ രക്ഷാപ്രവർത്തനത്തെ പാട്ടിൽ ഇങ്ങനെ വിവരിക്കുന്നു.
(രക്കപ്പൻ സ്വാമി)
പോത്തുണ്ടി അകമ്പാടം സ്വദേശിയാണ് രക്കപ്പൻ സ്വാമി. നാടൻ പാട്ടിന്റെ പൊറാട്ടുനാടകത്തിന്‍റെ ഈണത്തിൽ കവിതകളും പാട്ടുകളും പാടി സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ഇദ്ദേഹം. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രക്കപ്പൻ സ്വാമി എഴുതിയ 'കൊറോണക്കാലമാണിത് അടച്ചുമൂടി ഇരിക്കിൻ, അടച്ചുമൂടി ഇരിക്കാൻ വയ്യെങ്കിൽ ഫോണിൽ തോണ്ടി ഇരിക്കിൻ' എന്ന പാട്ട് നേരത്തെ വൈറലായിരുന്നു.
200ഓളം രചനകൾ രക്കപ്പൻ സ്വാമി നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് മാത്രമായി 50ഓളം പാട്ടുകളും കവിതകളും എഴുതി. നെന്മാറ വേലയെ കുറിച്ചും വിഷുവിനെ കുറിച്ചും ഇദ്ദേഹത്തിന്‍റെ രചനകളുണ്ട്. ബാബുവിനെ മകന് തുല്യമായി കണ്ടുകൊണ്ടും രണ്ട് ദിവസം മലഞ്ചെരിവിൽ കഴിഞ്ഞുകൂട്ടിയതിന്‍റെ വേദനയെ മാറേറ്റുകൊണ്ടുമാണ് താൻ പുതിയ പാട്ടെഴുതിയതെന്ന് രക്കപ്പൻ സ്വാമി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.