ഉല്ലാസ ഗാനങ്ങളുടെ ഉന്മാദം ബാക്കി; ചുനക്കര ഇനി ആസ്വാദക ഹൃദയത്തിൽ
text_fieldsഓരോ തവണ കേൾക്കുമ്പോഴും ആഹ്ളാദത്തിന്‍റെയും ഉന്മാദത്തിന്‍റെയും പുതിയ തലങ്ങളാണ് ചുനക്കരയുടെ പാട്ടുകൾ. ഏതുവിഷാദത്തിലും ആരെയും താളംപിടിപ്പിക്കാൻ അദ്ദേഹത്തിന്‍റെ വരികൾക്ക് കഴിഞ്ഞു. 76 സിനിമകളിലായി 210 ഗാനങ്ങളും നിരവധി ഭക്തിഗാനങ്ങളും ബാക്കിയാക്കി പ്രിയകവി ചുനക്കര രാമൻകുട്ടി മടങ്ങുമ്പോൾ ഗാനാസ്വാദകർക്ക് വലിയ നഷ്ടം.
ദേവദാരു പൂത്തു എൻ മനസിൻ താഴ്വരയിൽ (എങ്ങനെ നീ മറക്കും), സിന്ദൂര തിലകവുമായ് (കുയിലിനെ തേടി), ചിന്നുക്കുട്ടീ ഉറങ്ങീല്ലേ (ഒരു നോക്കു കാണാൻ), ചന്ദനക്കുറിയുമായ് വാ സുകൃതവനിയിൽ (ഒരു നോക്കു കാണാൻ), ശ്യാമമേഘമേ നീ (അധിപൻ), ഹൃദയവനിയിലെ ഗായികയോ (കോട്ടയംകുഞ്ഞച്ചൻ), ആലിപ്പഴം ഇന്നൊന്നായെന്‍... (നാളെ ഞങ്ങളുടെ വിവാഹം), ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ, ഒരു മലർത്തോപ്പിലെ, പൂവായ പൂ (ലൗ സ്റ്റോറി) തുടങ്ങിയവ മലയാളികൾ എക്കാലവും താലോലിക്കുന്ന ചുനക്കരയുടെ പാട്ടുകളിൽ ചിലത് മാത്രം.
പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചെങ്കിലും ശ്യാമും ചുനക്കരയും തമ്മിൽ പ്രത്യേക രസതന്ത്രം പ്രവർത്തിച്ചിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറവിയെടുത്തത്. ചുനക്കരയുടെ സിനിമാഗാനങ്ങളിൽ പകുതിയോളം സംഗീതം നൽകിയത് ശ്യാമാണ്.
1936 ജനുവരി19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് രാമൻകുട്ടിയുടെ ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയിലെ തുടക്കം. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു തിര പിന്നെയും തിര എന്ന സിനിമയിലെ ഗാനങ്ങൾ ചുനക്കര രാമൻകുട്ടിയെ പ്രശസ്തനാക്കി. 1984ൽ മാത്രം മുപ്പതിലധികം ഗാനങ്ങളാണ് വിവിധ സിനിമകൾക്കായി അദ്ദേഹം രചിച്ചത്.
ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ആകാശവാണിയുടെ ലളിതഗാനങ്ങളിലൂടെയാണ് പ്രസിദ്ധനാകുന്നത്. നിരവധി നാടകങ്ങൾക്ക് പിന്നീട് പാട്ടെഴുതി. കൊല്ലം അസീസി, മലങ്കര തീയറ്റേഴ്സ്, നാഷണൽ തീയറ്റേഴസ്, കൊല്ലം ഗായത്രി, കേരള തീയറ്റേഴ്സ് എന്നീ നാടകസംഘങ്ങൾക്കായി ഗാനങ്ങൾ എഴുതി. തിരുവനന്തപുരം മലയാള നാടകവേദി എന്ന പേരിൽ സ്വന്തം നാടകസമിതി തുടങ്ങുകയും ചെയ്തിരുന്നു.
അസുഖവും ഭാര്യയുടെ മരണവും അവസാന കാലത്ത് ചുനക്കരയെ പാട്ടെഴുത്തിൽ നിന്ന് മാറ്റിനിർത്തി. അവസാന കാലത്ത് 2015, 16 വർഷങ്ങളിൽ ഏതാനും മലയാള സിനിമകൾക്ക് പാട്ടെഴുതിയിരുന്നു. എന്‍റെ ഭാരതം, ബാപ്പുജി കരയുന്നു, മഹാഗണി, അഗ്നിസന്ധ്യ, സ്നേഹാടനക്കിളികൾ എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീതനാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.
ചുനക്കരയുടെ പാട്ടുകളിൽ വിഷാദഭാവങ്ങൾ കുറവാണ്. ഏതു വിഷാദത്തിനുള്ളിലും ആഹ്ളാദത്തിന്‍റെ ഒരു പൊട്ട് സൂക്ഷിക്കാൻ ചുനക്കര ശ്രമിച്ചിരുന്നു. ജീവിതവും അത്രയും സന്തോഷത്തോടെ പൂർത്തിയാക്കാനായിരുന്നു ചുനക്കരക്ക് ആഗ്രഹം. എന്തുകൊണ്ട് ഇങ്ങനെ എപ്പോഴും ചിരിക്കുന്നുവെന്ന് ചോദിച്ച സ്നേഹിതനോട് ചുനക്കര പറഞ്ഞു, 'എനിക്ക് സങ്കടപ്പെടാൻ സമയമില്ല'. മലയാള ഗാനലോകത്തിന്‍റെ ആകാശത്തുനിന്നും ആ ശ്യാമമേഘം മാഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.