പ്രശസ്ത ഗാനരചയിതാവ് ദേവ് കോഹ്‌ലി അന്തരിച്ചു
text_fieldsമുംബൈ: ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് ദേവ് കോഹ്‌ലി അന്തരിച്ചു. 80 വയസ്സായിരുന്നു. ശങ്കർ - ജയ്കിഷൻ മുതൽ വിശാൽ-ശേഖർ വരെ ഒട്ടേറെ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ മുംബൈയിലെ ജൂപ്പിറ്റർ അപ്പാർട്ട്‌മെന്‍റിലെ വസതിയിൽ നടക്കും.
ആറ് പതിറ്റാണ്ടോളം നീണ്ട കരിയറിൽ കോഹ്‌ലി 100ലധികം ഹിന്ദി സിനിമകൾക്ക് ഗാനങ്ങൾ എഴുതി. അവയിൽ പലതും സൂപ്പർഹിറ്റുകളായി മാറി. പാകിസ്ഥാനിലെ റാവൽപിണ്ടിയിലാണ് ദേവ് കോഹ്‌ലി ജനിച്ചത്. 'യേ കാലി കാലി അംഖേൻ', 'മായേ നി മായേ', 'ആതേ ജാതേ ഹൻസ്‌തേ ഗാതെ' തുടങ്ങിയ ഗാനങ്ങൾ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചവയാണ്.
1969-ൽ 'ഗുണ്ട' എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവ് എന്ന നിലയിൽ ദേവ് തന്‍റെ കരിയർ ആരംഭിച്ചത്. 'മൈനേ പ്യാർ കിയ', 'ബാസിഗർ', 'ജുദ്‌വാ 2', 'മുസാഫിർ', 'ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ്‌വാല', 'ടാക്‌സി നം 911' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കും ദേവ് കോഹ്‌ലി ഗാനങ്ങൾ രചിച്ചു. അനു മാലിക്, റാം ലക്ഷ്മൺ, ആനന്ദ് രാജ് ആനന്ദ്, ആനന്ദ് മിലിന്ദ് തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
രാജ്കുമാർ - ഹേമമാലിനി അഭിനയിച്ച 'ലാൽ പത്തർ' (1971) എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'ഗീത് ഗാതാ ഹൂൻ മെയ്ൻ' അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ദേവിന്‍റെ അടുത്ത അനുയായികളായ ആനന്ദ് രാജ് ആനന്ദ്, അനു മാലിക്, ഉത്തം സിംഗ് തുടങ്ങി ബോളിവുഡ് രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.