പറന്നകന്നത് നമ്മിലെ ഒരംശം
text_fieldsഒരാളുടെ ശബ്ദം ഒരു രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന അവസ്ഥാ വിശേഷം ഇന്ത്യയിൽ മാത്രമെ ഉണ്ടാവുകയുള്ളൂ; ആ ശബ്ദം ലത മങ്കേഷ്കറുടേതാണ്. ഗായികയെന്നതിനും ആ സ്വരമാധുര്യത്തിനും അപ്പുറം ഇന്ത്യയുടെ ആത്മാംശമാണ് ലതാജി. മറ്റ് കലാകാരന്മാരിൽ ആർക്കും ആ ഭാഗ്യമുണ്ടായിട്ടില്ല. ഇന്തോ -ചൈന യുദ്ധ തോൽവിയിൽ ലതാജി പാടിയ പാട്ടുകേട്ട് ജവഹർലാൽ നെഹ്റു കരഞ്ഞുവെന്ന് കേട്ടിട്ടുണ്ട്.
യുദ്ധ തോൽവിയിലും ജനത ദുഃഖത്തിലാഴുമ്പോഴും അതിന് ആശ്വാസമായെത്തുന്ന ഒരു ശബ്ദം ഇന്ത്യയിലുണ്ടായിരുന്നു. ആ ശബ്ദത്തിനുടമ നമ്മെ വിട്ടുപിരിഞ്ഞെന്നത് അവിശ്വസനീയമായി തോന്നുന്നു. ഒമ്പത് തലമുറകളിലൂടെ കടന്നുപോന്ന ആ ഗാനവീചികൾ ഉറക്കുപാട്ടു പോലെ ഇനിയും അന്തരീക്ഷത്തിൽ നിൽക്കും. ആഴത്തിൽ നോവിക്കുന്ന മരണവാർത്തയാണത്. കോവിഡ് ലതാജിയെയും കവർന്നെടുക്കുമെന്ന് കരുതിയതല്ല.
പെഡർറോഡിലെ കയറ്റമിറങ്ങുമ്പോൾ 'പ്രഭുകുഞ്ചിൽ' അവരുണ്ടെന്ന തോന്നൽ എപ്പോഴുമുണ്ടാകും. മെഹ്ബൂബ് സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ നൗഷാദ്, മുഹമ്മദ് റഫി, ലതാജി എന്നിവരുടെ ചവിട്ടുപടികളാണല്ലോ ഇതെന്ന തോന്നലാണുണ്ടാകാറ്. ഇനി ആ ആത്മാംശമില്ലെന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ല. ജനതയെ ഒന്നിപ്പിക്കാൻ ശേഷിയുള്ള ആ ശബ്ദ മാധുര്യം ഇന്ത്യൻ സിനിമയിലോ സാമൂഹിക രംഗത്തോ ഇനിയുണ്ടാകാനിടയില്ല.
വാനമ്പാടി യാത്രയാകുമ്പോൾ നമ്മിലെ ഒരംശമാണ് പറന്നകലുന്നത്. യശ്രാജ് തന്റെ സിനിമകളിൽ ലതാജി പാടുന്ന പാട്ടുകൾക്ക് ആദ്യമെ ഓർക്കസ്ട്ര ചെയ്യാൻ അനുവദിക്കാറുണ്ടായിരുന്നില്ല. ലത പാടിയ ശേഷം ആ ശബ്ദ മാധുര്യത്തിന് കേടുവരാത്ത വിധമേ ഓർക്കസ്ട്ര അനുവദിച്ചിരുന്നുള്ളൂ. അത് ലതാജിയോടുള്ള ആദരമാണ്. എന്ത് കാര്യവും തുറന്നു പറയുന്ന ഒരു വല്യമ്മയായിരുന്നു അവർ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.