ഭാഷയുടെ അതിരുകൾ കടന്ന 'റെക്കോഡി'ലേക്ക് ശബരീഷിെൻറ സംഗീതയാത്ര
text_fieldsതൃശൂർ: ശബരീഷ് പാടുകയാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും മാത്രമല്ല, ഭാഷകളുടെ അതിരുകൾ കടന്ന് ഇപ്പോൾ പതിനഞ്ചിലെത്തി. ലോക്ഡൗൺകാലം കലാകാരൻമാർക്ക് പൊതുവേദികൾ ഇല്ലാതായപ്പോൾ സമൂഹമാധ്യമങ്ങളായിരുന്നു വേദികളായത്. സമൂഹമാധ്യമവേദികളിലെ പുതിയ താരോദയമാണ് ശബരീഷ് വെങ്കിടാചലം അയ്യരെന്ന 34കാരൻ.
മലയാളം, തമിഴ്, തെലുഗു, കന്നഡ, തുളു, മറാത്തി, ഗുജറാത്തി, ഹിന്ദി, ഒറിയ, ബംഗാളി, സംസ്കൃതം, പഞ്ചാബി, ഒറിയ (ഒഡിയ), ആസാമി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമാഗാനങ്ങളാണ് ശബരീഷ് ആലപിക്കുന്നത്. മലയാളത്തിെൻറ സ്വരപുണ്യം കെ.ജെ. യേശുദാസ് 11 ഭാഷകളിൽ പാടിയ ഗാനങ്ങളാണ് ശബരീഷ് കൂടുതലും പാടുന്നത്. കൂടാതെ കിഷോർകുമാർ, മുകേഷ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവരുടെ പാട്ടുകളും അത്രത്തോളം പ്രിയപ്പെട്ടതുതന്നെ.
അസുഖം ബാധിച്ച് വീട്ടിലിരിക്കുമ്പോഴാണ് സംഗീതത്തിെൻറ വിശാലലോകത്തേക്കുള്ള ശബരീഷിെൻറ രംഗപ്രവേശം. സംഗീതപരിപാടികൾ കാണുന്നതിനായി യൂട്യൂബിനെയായിരുന്നു ആശ്രയിച്ചിരുന്നത്. യൂട്യൂബിൽ വിവിധ ഭാഷകളിലെ യേശുദാസിെൻറ ഗാനങ്ങൾ ഒരാൾ പാടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് മലയാളത്തിൽനിന്നും മറ്റു ഭാഷകളിലുള്ള യേശുദാസിെൻറ പാട്ടുകളെ കുറിച്ചുള്ള അന്വേഷണം.
ഇംഗ്ലീഷിലും അറബിയിലുമുൾപ്പെടെ ഗാനഗന്ധർവൻ ശബ്ദം നൽകിയ 11 പാട്ടുകളും അതിെൻറ കരോക്കെയും കണ്ടെത്തി. ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുള്ള ശബരീഷ് തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലുമടക്കം കച്ചേരിയും അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽനിന്നും കടന്ന് ഇതരഭാഷകൾ പഠിച്ച് അരങ്ങിനെ പ്രതീക്ഷിക്കുന്നതിനിടെയായിരുന്നു കോവിഡ് ലോക്ഡൗൺകാലമെത്തിയത്. അതോടെയാണ് സമൂഹമാധ്യമങ്ങൾ അരങ്ങുകളായത്.
സുഹൃത്തും ഗാനരചയിതാവുമായ കൃഷ്ണൻ സൗപർണിക രചന നിർവഹിച്ച സംഗീത ആൽബത്തിലും ശബരീഷ് പാടി. അത് 15 ഭാഷകളിലേക്കും മൊഴിമാറ്റി പാടുന്നതിനുള്ള ശ്രമത്തിലാണ്. സുധീർ സുബ്രഹ്മണ്യൻ പാട്ടുകളുടെ മൊഴിമാറ്റം നടത്തും. ഭാഷ പഠിച്ച് പാട്ട് പാടാനാണ് ശബരീഷ് ശ്രമിക്കുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിലെ കൂടുതൽ ഗാനങ്ങളാലപിച്ച് ഗിന്നസ് റെക്കോഡ് നേടുകയാണ് ലക്ഷ്യമെന്ന് ശബരീഷ് പറയുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഹാരിസൺ മലയാളം കമ്പനിയിലെ ജീവനക്കാരനായിരുന്നു അച്ഛൻ വെങ്കിടാചലം അയ്യർ. എറണാകുളമാണ് സ്വദേശമെങ്കിലും 1994 മുതൽ കുന്നംകുളത്തിന് സമീപം ചൂണ്ടലിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.