ഇടവേളയെടുക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെ സൂര്യ ചിത്രത്തിൽ നിന്നും എ.ആർ. റഹ്മാനെ ഒഴിവാക്കി
text_fieldsചെന്നൈ: സൂര്യ നായകനായി അഭിനയിക്കുന്ന 45ാമത്തെ ചിത്രത്തിന്റെ സംഗീത സംവിധാനത്തിൽ നിന്നും എ.ആർ. റഹ്മാനെ മാറ്റി. പകരം, യുവ സംഗീതജ്ഞൻ സായി അഭയങ്കാറിനെയാണ് സംഗീത സംവിധാനം ഏൽപ്പിച്ചിരിക്കുന്നത്. അടുത്തിടെ തമിഴിൽ ഹിറ്റായ ‘കട്ച്ചി സേര’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ സംഗീതകാരനാണ് സായി അഭയങ്കാർ. മ്യൂസിക് പ്ലാറ്റ്ഫോമായ സ്പോർട്ടിഫൈയിൽ 2024ൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത ഗാനമാണ് ‘കട്ച്ചി സേര’.
‘സൂര്യ 45’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ സംഗീതം എ.ആർ റഹ്മാൻ നിർവഹിക്കുമെന്നായിരുന്നു നിർമാതാക്കൾ ആദ്യം പ്രഖ്യാപിച്ചിരുന്നത്. അതിനിടയിലാണ് 29 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഭാര്യ സൈറാബാനുവുമായി വിവാഹബന്ധം വേർപെടുത്തുന്നതായി അറിയിച്ച എ.ആർ റഹ്മാൻ സംഗീത രംഗത്തുനിന്ന് കുറച്ചുനാൾ ഇടവേള എടുക്കുന്നതായി വാർത്ത പ്രചരിച്ചിരുന്നു.
എന്നാൽ, ഇത് വെറും ഊഹാപോഹമാണെന്നും റഹ്മാൻ സംഗീത രംഗത്തുനിന്ന് അവധിയെടുക്കുന്നില്ലെന്നും മകൾ ഖദീജ റഹ്മാൻ വ്യക്തമാക്കിയിരുന്നു. ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് റഹ്മാനെ മാറ്റി സായിയെ സംവിധായകനാക്കിയത്. ഷെഡ്യൂളിലെ ചില അനിശ്ചിതത്വമാണ് റഹ്മാനെ മാറ്റിയതിന് കാരണമായി നിർമാതാക്കൾ പറയുന്നത്.
ഗായക ദമ്പതിമാരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായി അഭയങ്കാർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രാഘവ ലോറൻസ് നായകനാകുന്ന ‘ബെൻസ്’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് സായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.