പാട്ടോരത്ത് ഷമീർ പാടൂർ
text_fieldsവരണ്ടുണങ്ങിയ മരുഭൂവിനെ സംഗീത മഴയാൽ ആർദ്രമാക്കിയ ഒരു പിടി മികച്ച ആൽബങ്ങൾക്ക് ഹൃദയത്തിൽ തൊടുന്ന രചന നിർവഹിച്ച ഒരു പ്രവാസി മലയാളിയുണ്ട് ഇങ്ങ് യു.എ.ഇയിൽ. തൃശൂർ പാടൂർ സ്വദേശി ഷമീർ. മലയാളിയെ നാടിന്റെ നല്ലോർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് ഷമീറിന്റെ രചനകളെല്ലാം. 50 ലധികം ആൽബങ്ങൾക്കാണ് ഇദ്ദേഹം രചന നിർവഹിച്ചത്. ഗാനരചനയോടൊപ്പം സംഗീത സംവിധാനവും ആലാപനവുമായി സാഹിത്യ ലോകത്ത് സജീവ സാന്നിദ്ധ്യമായി മാറുകയാണീ പ്രവാസി മലയാളി.
പുതിയ കാലത്തെ ആൽബങ്ങളിൽ നിന്ന് വിത്യസ്തമായി നാട്ടിൽപുറത്തെ ജീവിതത്തെ വരച്ചുകാട്ടുന്നതാണ് ഷമീറിന്റെ ഓരോ ആൽബങ്ങളും. മനോഹരമായ വരികൾക്ക് അകമ്പടിയായി ഹൃദയസ്പർഷിയായ ദൃശ്യങ്ങൾ കൂട്ടിയിണക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മെമ്മറീസ് സ്കൂൾ ഡേയ്സ് എന്ന ആൽബത്തിന്റെ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചത് ഷമീർ തന്നെയായിരുന്നു. മലയാളത്തിന്റെ പ്രിയ കവി ഒളപ്പമണ്ണയുടെ തിങ്കളും താരങ്ങളും എന്ന് തുടങ്ങുന്ന കവിതയെ അതിന്റെ അന്തസ്സത്തകൾ ഒട്ടും ചോർന്നു പോവാതെ മനോഹരമായി സംഗീതം പകരാൻ ഷമീറിനു കഴിഞ്ഞിട്ടുണ്ട്. സ്വന്തം മകനു സമർപ്പിച്ച ഈ ആൽബം സ്കൂൾ കുട്ടിക്കാലത്തേ മധുരമായ ഓർമകൾ പ്രവാസിക്ക് സമ്മാനിക്കുന്നതാണ്.
ഷെറീന എന്ന ആൽബത്തിൽ കാണാൻ കൊതിയുള്ള പെണ്ണെ, നിന്നെ കാണാൻ കൊതിക്കുന്ന ഖൽബ് എന്ന് തുടങ്ങുന്ന വരികൾക്ക് ശബ്ദം നൽകിയത് പ്രശസ്ത ഗായകൻ ഷഹബാസ് അമൻ ആയിരുന്നു. ഓണത്തിന്റെ ഗൃഹാതുരമായ ഓർമകൾ അയവിറക്കാൻ പ്രവാസിക്ക് കൂട്ടായ് പിറന്ന ‘ഓണമായ് പൊന്നോണമായി എന്ന ആൽബവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. മിഴിനിറയെ, കായലും പുഴയും എന്റെ നാടും, പുലരാൻ വൈകിയ സുര്യനെ പോലെ എന്ന് തുടങ്ങി അമ്പതിലധികം ആൽബങ്ങൾക്ക് ഇതിനകം ഷമീർ സംഗീത രചന നിർവഹിച്ചു കഴിഞ്ഞു. ശാസ്ത്രീയ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ശുദ്ധ സംഗീതത്തെ വേദനിപ്പിക്കാതെ ആസ്വാദനത്തിന്റെ പുതു വഴികൾ തേടാൻ ഇദ്ദേഹത്തിന് കഴിയുന്നുണ്ട്.
തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും മനസ്സിൽ സൂക്ഷിച്ച നാടോർമകളും വിരഹ വേദനകളും മധുരമായ വരികളിലൂടെ മലയാളിക്ക് പകർന്നു നൽകാൻ കഴിയുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ ആൽബങ്ങളുടെ പ്രസക്തി. 20 വർഷമായി ഷമീർ പ്രവാസം സ്വീകരിച്ചിട്ട്. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിലെ മാനേജറാണ്. വ്യാഴാഴ്ച രാത്രികളിൽ ഒരുമിച്ചു കൂടുന്ന സൗഹൃദ കൂട്ടങ്ങളാണ് സംഗീത ലോകത്ത് ഷമീറിന്റെ പിൻബലം. അബ്ദുറഹ്മാൻ, കബീർ അബ്ദുറഹ്മാൻ, നൗഷാദ്, ഷിയാസ് ചേറ്റുവ, റിയാസ്, നവാസ്, നൗഫൽ ചേറ്റുവ, മുജീബ്, ഷബീബ്, നസീർ തുടങ്ങി സംഗീതത്തെ ഇഷ്പ്പെടുന്ന കൂട്ടുകാരുടെ പ്രോത്സാഹനങ്ങൾ ഷമീറിന്റെ കഴിവുകളെ മൂർച്ചകൂട്ടി.
ചാവക്കാട് റാങ്ഗ്രസ് മെഹദി ആവാസ് എന്നീ ഗസൽ ക്ലബ്ബുകളിൽ വൈകുന്നേരങ്ങളിലെ മെഹ്ഫിലുകൾ മുന്നോട്ടുള്ള സംഗീത യാത്രയിൽ വലിയ പങ്കുവെച്ചതായും ഷമീർ പറഞ്ഞു. 2008ൽ ആണ് ആദ്യ പാട്ട് എഴുതുന്നത്. ഷഹബാസ് അമന്റെ മനോഹരമായ ശബ്ദത്തിലൂടെ അത് പ്രവാസ ലോകത്ത് പരന്നൊഴുകിയപ്പോൾ നിലാവുള്ള രാത്രികളിൽ മലയാളിയുടെ ചുണ്ടുകളിൽ ചൂളം വിളിയായി ആ ഗാനങ്ങൾ നിത്യയൗവനമായി തുടർന്നു. കണ്ണൂർ ഷെരീഫ്, സിതാര, വേണുഗോപാൽ, നജിം അർഷാദ് തുടങ്ങിയ പ്രമുഖ ഗായകരുടെ മനോഹരമായ ശബ്ദത്തിലൂടെ പിന്നേയും അനേകം ഗാനങ്ങൾ പ്രവാസ ലോകവും കേരളക്കരയും ഏറ്റുപാടി. അടുത്തു തന്നെ പുറത്തിറങ്ങാനിരിക്കുന്ന അഗ്നിച്ചിറകുകളെ പ്രണയിച്ച പെൺകുട്ടി എന്ന സിനിമയിലും തന്റെ സംഗീത വൈഭവം പ്രകടമാക്കാനുള്ള ഒരുക്കത്തിലാണ് ഈ പ്രവാസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.