സന്തൂർ മാന്ത്രികൻ ശിവ്കുമാർ ശർമ അന്തരിച്ചു
text_fieldsമുംബൈ: സന്തൂർ എന്ന തന്ത്രിവാദ്യത്തെ ലോക വേദിയിലേക്ക് ഉയർത്തിയ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. മുംബൈ പാലി ഹിൽസിലുള്ള വസതിയിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി അറിയിച്ചു. മനോരമയാണ് ഭാര്യ. സന്തൂർ വാദകനായ രാഹുലും രോഹിതുമാണ് മക്കൾ. സംസ്ഥാന ബഹുമതികളോടെയാകും സംസ്കാരം. സമയം പിന്നീട് തീരുമാനിക്കും.
ഗായകനായ ഉമാദത്ത് ശർമയുടെ മകനായി 1938ൽ ജമ്മുവിലായിരുന്നു ജനനം. അഞ്ചാം വയസ്സുമുതൽ പിതാവിൽനിന്ന് വായ്പാട്ടും തബലയും അഭ്യസിക്കാൻ തുടങ്ങി. തന്റെ പേരിന്റെ പര്യായമായി പിന്നീട് മാറിയ സന്തൂർ അഭ്യസിച്ച് തുടങ്ങിയത് 13 ാം വയസ്സിലാണ്. 1955ൽ മുംബൈയിലായിരുന്നു ആദ്യ കച്ചേരി. ആദ്യത്തെ സോളോ ആൽബം പുറത്തിറക്കുന്നത് 1960ൽ. അതിനിടയിൽ ശാന്തറാമിന്റെ 'ജനക് ജനക് പായൽ ബാജേ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. പുല്ലാങ്കുഴൽ വാദകൻ ഹരിപ്രസാദ് ചൗരസ്യയുമായുള്ള കൂട്ടുകെട്ടിൽ നിരവധി ആൽബങ്ങളും സിനിമകളും പിറന്നു. ഫാസ് ലേ, ചാന്ദ്നി, ലംഹോ ദർ തുടങ്ങിയ ചിത്രങ്ങളായിരുന്നു അതിൽ പ്രധാനം. '86ൽ സംഗീത നാടക അക്കാദമി അവാർഡ് നേടി. '91ൽ പത്മശ്രീയും 2001ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ശർമയുടെ മരണത്തിൽ ഭരണ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. ജമ്മു-കശ്മീരിന്റെ സംഗീതോപകരണമായ സന്തൂറിനെ ജനകീയമാക്കുന്നതിൽ ശർമയുടെ പങ്ക് അവിസ്മരണീയമാണെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. വിടവാങ്ങിയെങ്കിലും ഇനിയുമെത്രയോ തലമുറകളെ സ്വാധീനിക്കാൻ അദ്ദേഹത്തിന്റെ പ്രതിഭക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഒരു യുഗത്തിന്റെ അന്ത്യമാണിതെന്നും തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നുമായിരുന്നു സരോദ് വാദകൻ അംജദ് അലി ഖാന്റെ പ്രതികരണം. ഗസൽ ഗായകൻ പങ്കജ് ഉദാസ്, ചലച്ചിത്രതാരം ശബാന ആസ്മി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.