വിടവാങ്ങി പണ്ഡിറ്റ് ശിവ്കുമാർ; വിടപറയാതെ ആ ജുഗൽബന്ദി സന്ധ്യ
text_fieldsപയ്യന്നൂർ: ലോകം കീഴടക്കിയ പുല്ലാങ്കുഴലിൽ പിറന്ന സുന്ദര സ്വരവിന്യാസത്തിലൂടെയായിരുന്നു തുടക്കം. പിന്നീടത് കശ്മീരിന്റെ സൗന്ദര്യം പോലെ നിർമലമായ സന്തൂറിലൂടെ ഒഴുകിനടന്നു. ആരോഹണാവരോഹണത്തിൽ രാഗപ്രവാഹങ്ങൾ ഒഴുകിയൊഴുകി സംഗീതസാഗരമായി മാറിയപ്പോൾ അനന്യസുന്ദരമായ ജുഗൽബന്ദിയിൽ മുങ്ങിനീരാടുകയായിരുന്നു ആസ്വാദകർ. പത്മവിഭൂഷൺ പണ്ഡിറ്റ് ശിവ്കുമാർ ശർമ വിടവാങ്ങിയെങ്കിലും ആ ജുഗൽബന്ദിയുടെ മാസ്മരിക നിമിഷങ്ങൾ മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല.
2012 ഫെബ്രുവരി 12നാണ് പണ്ഡിറ്റ് ശിവ്കുമാർ ശർമ പയ്യന്നൂർ സത്കലാപീഠത്തിന്റെ സംഗീത പരിപാടിയിലെത്തിയത്. ഒപ്പം മഹാഗായകൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ കൂടി ഉണ്ടെന്നറിഞ്ഞതോടെ അയോധ്യ ഓഡിറ്റോറിയം ആസ്വാദകരുടെ സാഗരമായി. അത്യപൂർവമായ സംഗമത്തിന് നേർസാക്ഷികളായി മാറുകയായിരുന്നു അയോധ്യ ഓഡിറ്റോറിയത്തിലെ ആസ്വാദകർ. ഹരിമുരളിയും സന്തൂറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഗീത പരമാചാര്യന്മാരായ ചൗരസ്യയുടെയും ശിവ്കുമാറിന്റെയും പേരുകൾ ആസ്വാദക ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
ഹിന്ദുസ്ഥാനി രാഗങ്ങളുടെ സുന്ദര സഞ്ചാരങ്ങൾ ഒഴുകിനടന്ന അപൂർവ നിമിഷത്തിന് സാക്ഷിയാവുകയായിരുന്നു പതിറ്റാണ്ടു മുമ്പത്തെ ഡിസംബറിന്റെ ആ തണുത്ത സായാഹ്നം. സുവർണശോഭ പൂത്തുലഞ്ഞ വേദിയിൽ മഹാഗായകരുടെ സാന്നിധ്യം ആസ്വാദക വൃന്ദത്തിന്റെ മനം കുളിർപ്പിച്ചു.
ചൗരസ്യയുടെ പുല്ലാങ്കുഴൽ 'തുരീയം' വേദിയെ നിരവധി തവണ ധന്യമാക്കിയെങ്കിലും ശിവ്കുമാർ ശർമ പയ്യന്നൂരിന് പുതുക്കക്കാരനായിരുന്നു. കുഴലും സന്തൂറും കൈയിലെടുത്തപ്പോൾത്തന്നെ നിർത്താത്ത കരഘോഷം. കച്ചേരി തുടങ്ങിയപ്പോൾ മുതൽ രാഗങ്ങളുടെ പെരുമഴ പെയ്തിറങ്ങി. രാഗ വിളക്കുകൾ പൂത്തുലഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.